Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്തരം പ്രവൃത്തികളെ 'മൃഗീയ'മെന്നും 'കാടത്ത'മെന്നും പറയരുതേ

Actress Attack

കഴിഞ്ഞ ദിവസം എറണാകുളം– ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ ഭൂതത്താൻ കെട്ടിൽ പോയിരുന്നു. പുലിമുരുകൻ, ശിക്കാർ ഉൾപ്പെടെയുളള സിനിമകള്‍ ഷൂട്ട് ചെയ്തത് ഈ സ്ഥലത്തിനടുത്തുളള കുട്ടമ്പുഴ വനമേഖലയിലാണ്. ഭൂതത്താൻ കെട്ട് ഡാമിലൂടെ സ്പീഡ് ബോട്ടിൽ സഞ്ചരിക്കവെ ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന ബോട്ട് ഡ്രൈവറും ഗൈഡുമെല്ലാമായ റോയി വനത്തെക്കുറിച്ചും അവിടെയുളള വന്യമൃഗങ്ങളെക്കുറിച്ചുമെല്ലാം വിശദീകരിക്കുകയുണ്ടായി. 

ഏറ്റവും വലിയ ക്രൂരതയെ നമ്മൾ വിശേഷിപ്പിക്കുന്നത് ‘മൃഗീയ’മെന്ന വാക്കുപയോഗിച്ചാണ്. ബന്ധങ്ങളും മന:സാക്ഷിയുടെ ശബ്ദവുമൊന്നും പരിഗണിക്കാതെ സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്കും സൗകര്യത്തിനുമായി സഹജീവികളെ അതിക്രൂരവുമായി ഉപദ്രവിക്കുന്നതിനെ നമ്മൾ ‘മൃഗീയ’മെന്നു പറയും. 

സംസ്കാരമില്ലാതെ പെരുമാറുന്നവരെ നമ്മൾ ‘കാടന്മാർ’ എന്നും വിളിക്കാറുണ്ട്. എന്നാൽ നമ്മൾ കാണാത്ത മറ്റൊരു മുഖം കാടിനുണ്ട്. അവിടെയുമുണ്ട് നിയമങ്ങളും അച്ചടക്കവുമെല്ലാം. കുരങ്ങന്മാർ പലപ്പോഴും കൂട്ടമായി ഒരു മരത്തിൽ നിന്ന് മറ്റൊരു മരത്തിലേക്ക് തൂങ്ങിച്ചാടിയാണ് മുന്നോട്ടുനീങ്ങുന്നത്. എന്നാൽ ഏതെങ്കിലും കുരങ്ങൻ ഈ കൂട്ടം തെറ്റിച്ച് തന്നിഷ്ടപ്രകാരം സഞ്ചരിച്ചാൽ ആ കുരങ്ങനെ ആ കൂട്ടത്തിൽ നിന്ന് പുറത്താക്കും. അവന്റെ തെറ്റിനുളള ചെറിയ ശിക്ഷയാണിത്. പല മൃഗങ്ങളും സ്ഥിരമായി സഞ്ചരിക്കുന്നത് പ്രത്യേക കാട്ടുവഴികളിലൂടെയായിരിക്കും. വഴിയെന്നു പറഞ്ഞാൽ അവരുടെ കാൽപാദം നേരത്തെ പതിഞ്ഞ ഭാഗങ്ങൾ എന്നർത്ഥമാക്കിയാൽ മതി. 

ആനകള്‍ക്കും ഇത്തരം സഞ്ചാരപാതകളുണ്ട്. ‘ആനത്താര’യെന്നാണ് അവയെ വിളിക്കുക. സാധാരണഗതിയിൽ ഈ ആനത്താരയിലൂടെ മാത്രമാകും കാട്ടാനകൾ സഞ്ചരിക്കുക. ഒരിക്കൽ കുറച്ചാളുകൾ കാട്ടിൽ ഈറ്റ വെട്ടുകയായിരുന്നു. അക്കൂട്ടത്തിലുണ്ടായിരുന്ന യുവദമ്പതികൾക്കൊപ്പം അവരുടെ 6 മാസം പ്രായമുളള കുഞ്ഞുമുണ്ടായിരുന്നു. ഒരൽപം ഉയർന്നു നിൽക്കുന്ന ഭാഗത്തുനിന്നാണ് ഈറ്റ വെട്ടുന്നത്. അൽപ്പം താഴെയായി പുൽത്തകിടിയിൽ തുണിവിരിച്ച് അവർ കുഞ്ഞിനെ കിടത്തി. സാധാരണയായി മൃഗങ്ങളൊന്നും കടന്നുവരുന്ന വഴിയല്ല അത്. ആനത്താരയല്ലാത്തതിനാല്‍ ആനകളും അതിലേ വരാറില്ല. എന്നാൽ ഈറ്റ വെട്ടുന്നതിനിടയിലാണ് അവർ ആ ശബ്ദം കേട്ടത്. ഈറ്റക്കാടുകൾ ഞെരിഞ്ഞമരുന്ന ശബ്ദം. തൊട്ടുതാഴെ കുഞ്ഞുകിടക്കുന്ന ഭാഗത്തേയ്ക്ക് കാട്ടാനക്കൂട്ടം നടന്നടുക്കുന്നു. കൊമ്പനാനകളും പിടിയാനകളുമെല്ലാമുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും മുന്നിലായി മുത്തിയാന. കാട്ടാനകളിലെ ഏറ്റവും പ്രായം ചെന്ന പിടിയാന (പെണ്ണാന)യാണ് മുത്തിയാന. മുത്തിയാനയാണ് ആനക്കൂട്ടത്തെ നയിക്കുന്നത്. മുത്തിയാന പറയുന്നതാണ് ശക്തിമാനായ കൊമ്പൻമാർ ഉൾപ്പെടെ അനുസരിക്കുന്നത്. അവിടെ ശക്തിക്കല്ല, സ്ഥാനത്തിനും പ്രായത്തിനുമാണ് വില. കാട്ടാനക്കൂട്ടത്തെ കണ്ടതും, നിലത്തുകിടത്തിയിരുന്ന കുഞ്ഞിന്റെ അച്ഛനമ്മമാർ നിലവിളിച്ചുകൊണ്ട് കുഞ്ഞിന്റെ അടുത്തേയ്ക്കോടി. അപ്പോഴേയ്ക്കും കാട്ടാനക്കൂട്ടം കുഞ്ഞിന്റെ തൊട്ടടുത്തെത്താറായി. പെട്ടെന്ന് ഒരു കൈകൾ മുഴുവൻ കാട്ടാനക്കൂട്ടത്തെ  തടഞ്ഞു. മുത്തിയാനയാണ് തുമ്പിക്കൈ നീട്ടി തന്റെ പിന്നിൽ നടന്നു വന്ന കാട്ടാനക്കൂട്ടത്തെ തടഞ്ഞത്. അടുത്ത നിമിഷം വലിയ കൊമ്പന്മാർ ഉൾപ്പെടെ മുഴുവൻ ആനകളും നിശ്ചലരായി അവിടെ നിന്നു. ആ ദമ്പതികൾ കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്നതുവരെ ആ നിൽപ്പ് തുടർന്നു. അതിനുശേഷം മറ്റൊരു വഴിയിലൂടെ കാട്ടാനക്കൂട്ടത്തെ നയിച്ചുകൊണ്ട് മുത്തിയാന ദൂരേയ്ക്ക് പോയി.

ശരിയും തെറ്റും വിവേചിച്ചറിയാൻ സർവകലാശാലകളുടെ ഉന്നതബിരുദം നേടിയവരൊന്നുമല്ല ആ കാട്ടാനക്കൂട്ടം. വെറും കാട്ടിൽ ജനനം മുതൽ പ്രതിസന്ധികളോടും പ്രകൃതിയോടും മല്ലിട്ടു വളർന്നുവന്നവർ. മദം പൊട്ടുമ്പോൾ മരങ്ങൾ കുത്തിമറിച്ചും വാഹനങ്ങൾ തകർത്തും തങ്ങളുടെ ഭാവം പ്രകടിപ്പിച്ചിരുന്ന കൊമ്പന്മാർ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. പക്ഷേ അവരാരും ആ കുഞ്ഞിനെ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, അച്ഛനമ്മമാർ ആ കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്നതുവരെ ആ കുഞ്ഞിന്റെ സംരക്ഷകരായി അവിടെ നിലയുറപ്പിച്ചു.

ഒരു മനുഷ്യക്കുഞ്ഞ് മുന്നിൽ കിടക്കുന്നത് കണ്ടപ്പോൾ അതിനെ ശല്യപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന പാഠം ആ കാട്ടാനക്കൂട്ടങ്ങൾക്ക് ആരും പറഞ്ഞുകൊടുത്തതല്ല. അതവരുടെ മന:സാക്ഷി അവർക്കുകൊടുത്ത സന്ദേശമായിരുന്നു.

പണവും പ്രശസ്തിയും സ്വാധീനശക്തിയും അംഗീകാരവും കൂടുമ്പോൾ നമ്മിൽ ഉയരേണ്ടത് എളിമയും അർഹത ഉളളവർക്കായി നമ്മുടെ അനുഗ്രഹങ്ങൾ പങ്കുവെയ്ക്കാനുളള മനസ്സുമാണ്. എന്നാൽ, ഏതു വിധേനയും ഇനിയും വെട്ടിപ്പിടിക്കണം എന്ന കുടിലചിന്തയിലേക്ക് മാത്രമായി മനസ്സ്  ചുരുങ്ങുമ്പോൾ മന:സാക്ഷിയുടെ ശബ്ദം ദുർബലമാകുന്നു. അഹങ്കാരം കൊണ്ട് അന്ധമായ കണ്ണുകൾ സഹജീവികളുടെ വേദനയും നിലവിളിയും മനസ്സിലാക്കുകയില്ല. നിസ്സംഗതയോടെ പെരുമാറുന്നതും സ്വാർത്ഥനേട്ടങ്ങൾ മോഹിച്ചോ, ഭയന്നോ തെറ്റുകാരനെതിരെ ശബ്ദിക്കാതിരിക്കുന്നതും തെറ്റു തന്നെയാണ്. മാനംെകട്ട പ്രവൃത്തി ചെയ്യുന്നവർക്കെതിരേ മാനക്കേട് ഭയന്ന് മിണ്ടാതിരിക്കുമ്പോൾ തെറ്റുകാർക്ക് അത് വീണ്ടും തെറ്റ് ചെയ്യാനുളള വളമായിത്തീരുന്നു. 

സ്വന്തം വിവാഹം നിശ്ചയിച്ച സമയത്തുതന്നെ തനിക്കുണ്ടായ ദുരനുഭവത്തിനു കാരണക്കാരായവരെ ശിക്ഷിക്കാൻ ശക്തമായി രംഗത്തുവന്ന ആ നടി ഏറെ പ്രശംസ അർഹിക്കുന്നു. താങ്കൾ ചെയ്തതാണ് യഥാർത്ഥ ധീരത. 

ഇന്ത്യയിൽ നടന്ന പല മാനഭംഗക്കേസുകളിലും പോലീസിന് പരാതി ലഭിക്കാറില്ല. നാണക്കേട് ഭയന്ന് പലരും പിന്മാറുമ്പോൾ ക്രിമിനലുകൾ അത് മുതലാക്കി യഥേഷ്ടം ഇവിടെ വാഴുന്നു. ഭൂതത്താൻകെട്ട് വിനോദസഞ്ചാരമേഖലയിൽ കാടിനുളളിലേക്ക് സല്ലപിക്കാൻ കാമുകീകാമുകന്മാർ പോകാറുണ്ട്. ഇവരിൽ കാമുകനെ മർദ്ദിച്ച ശേഷം കാമുകിയെ മാനഭംഗപ്പെടുത്തിയ സംഭവങ്ങൾ അടുത്തകാലത്ത് പറഞ്ഞുകേട്ടിരുന്നു. നാണക്കേട് ഭയന്ന് പലരും പരാതിപ്പെടാത്തതിനാൽ അതൊന്നും കേസായില്ല. ഒരിക്കല്‍ ഇരയെ വീഴ്ത്തിയ സംഘം അതോടെ കാടിനുളളിൽ വീണ്ടും ഇരകളെ കീഴ്പ്പെടുത്തുന്നു. ഇവർക്കെതിരെ തെളിവുകളുമായി പരാതിപ്പെടാൻ ഇരകൾ ധീരമായി മുന്നോട്ടുവന്നാൽ ഇത്തരം കുറ്റവാളികളിൽ അത് ഭയമുണർത്തും. 

അവസാനമായി ഒരു വാക്ക്. ഏറ്റവും വിശുദ്ധമായ പാലിലേക്ക് ഒരു തുളളി വിഷം വീണാൽ പിന്നീട് നമ്മൾ അതിനെ പാലെന്ന് വിളിക്കില്ല. മറിച്ച്, ആ പാൽ മുഴുവനും വിഷമായിത്തീരുന്നു.

ജീവിതത്തിൽ സമ്പത്ത്, പ്രശസ്തി, അവാർഡുകൾ, അംഗീകാരങ്ങൾ, പദവി, കുടുംബം, ആരോഗ്യം, സ്ഥാനമാനങ്ങൾ, വിദ്യാഭ്യാസം ഇതെല്ലാം ഈശ്വരൻ നമുക്ക് തരുന്ന ദാനങ്ങളാണ്. ഒന്നുമില്ലായ്മയില്‍ നിന്നാവും ചിലപ്പോൾ ഈശ്വരൻ നമ്മെ വലിയ സോപാനങ്ങളിലേക്ക് ഉയർത്തുന്നത്. അത് നമ്മുടെ മേൻമ കണ്ടിട്ടല്ല. മറിച്ച് ഈശ്വരന്റെ കൃപയാണ്. അത് തിരിച്ചറിയാതെ അഹങ്കാരവും കുടിലതയും സ്വാർത്ഥതയും കൈമുതലാക്കി തെറ്റായ വഴികളിലൂടെ പ്രവർത്തിച്ചാൽ ഇതുവരെ നേടിയെടുത്ത പേരും പ്രശസ്തിയും അംഗീകാരങ്ങളും സമ്പത്തുമെല്ലാം ഇല്ലാതാകാൻ ഒരു നിമിഷം മതിയെന്ന് മനസ്സിലാക്കുക. ദൈവം തന്ന അനുഗ്രഹങ്ങളിൽ നന്ദിയുളളവരായി എളിമയിലും വിനയത്തിലും സഹജീവിസ്നേഹത്തിലും ശരിയായ വഴികളിലൂടെ സഞ്ചരിക്കാം. ദൈവം കൂടുതൽ അനുഗ്രഹങ്ങൾ ചൊരിയും. വിജയാശംസകൾ...

(ധീരതയ്ക്കുളള ഇന്ത്യൻ പ്രസിഡന്റിന്റെ മെഡലും ഇന്ത്യയിലെ ഏറ്റവും മികച്ച മാധ്യമപ്രവർത്തകനുളള ഭാരതസർക്കാരിന്റെ പരമോന്നത ബഹുമതിയും നേടിയിട്ടുളള രാജ്യാന്തര മോട്ടിവേഷണൽ സ്പീക്കറും ഇരുപത്തിഞ്ചിലധികം ജീവിതഗ്രന്ഥങ്ങളുടെ രചയിതാവും സൈബർ സൈക്കോളജിസ്റ്റുമാണ് ലേഖകന്‍. ഫോൺ– 9497216019)

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam