അകക്കണ്ണാൽ മനം തൊട്ടവർ, ഹൃദയസ്പര്‍ശിയായൊരു പ്രണയകഥ

രെഹാനയും ഫിറോജും

പ്രണയത്തിനു കണ്ണുംമൂക്കുമില്ലെന്നൊരു ചൊല്ലുണ്ട്, ശരിയാണത് രണ്ടു മനസ്സുകൾ ഒന്നു ചേരുമ്പോൾ ചുറ്റുമുള്ള പ്രതിബന്ധങ്ങളൊന്നും അവർക്കൊരു പ്രശ്നമല്ല പ്രണയം അവരെ കൂടുതൽ കരുത്തരാക്കുകയാണ് ചെയ്യുക. ശാരീരിക വൈകല്യങ്ങളോ പരിമിതികളോ ഒന്നും പ്രണയത്തിന് ഒരു തടസ്സമാവുകയില്ല, അതാണ് രെഹാനയുടെയും ഫിറോജിന്റെയും ജീവിതം തെളിയിക്കുന്നതും. ഇരുവരും അകക്കണ്ണുകൊണ്ടു പ്രണയിച്ചവരാണ്, കാഴ്ചയില്ലെങ്കിലും മുന്നോട്ടുള്ള ജീവിതത്തിന് പരസ്പര വിശ്വാസവും സ്നേഹവും മാത്രം മതിയെന്നു തിരിച്ചറിഞ്ഞവർ. 

പ്രശസ്ത ഫൊട്ടോഗ്രാഫറായ ജിഎംബി ആകാശ് ആണ് രെഹാനയുടെയും ഫിറോജിന്റെയും ആ പ്രണയകഥ പുറത്തുകൊണ്ടുവരുന്നത്. അന്ധയായതിനാൽ എല്ലാംകൊണ്ടും ഒറ്റപ്പെട്ട ജീവിതമായിരുന്നു രെഹാനയുടേത്. മൂന്നു വയസ്സുള്ളപ്പോള്‍ ടൈഫോയ്ഡ് ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട രെഹാന പിന്നീടു ലോകത്തെ അറിഞ്ഞത് തന്റെ അമ്മയിലൂടെയാണ്, അമ്മയായിരുന്നു അവളുടെ കാഴ്ചയും വെളിച്ചവുമെല്ലാം. കഴിഞ്ഞ വർഷം അമ്മ കൂടി മരിച്ചതോടെ രെഹാന തീർത്തും ഒറ്റപ്പെട്ടു, ആയിടയ്ക്കാണ് ഫിറോജിനെ പരിചയപ്പെടുന്നതും വിവാഹിതരാകുന്നതുമൊക്കെ. രെഹാനയുടെ വാക്കുകളിലേക്ക്...

''എനിക്കു മൂന്നു വയസ്സുള്ളപ്പോൾ ടൈഫോയ്ഡ് ബാധിച്ചാണ് കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുന്നത്, അതേ വര്‍ഷം തന്നെ അച്ഛനെയും നഷ്ടമായി. അന്ധത എന്റെ ജീവിതത്തിൽ ശാപമായി മാറുകയായിരുന്നു. അമ്മയല്ലാതെ മറ്റാരും എന്നോടു മര്യാദയ്ക്കു സംസാരിക്കുക പോലും ചെയ്യുമായിരുന്നില്ല. എന്നെ കളിയാക്കിയവരായിരുന്നു ഏറെയും. എനിക്കൊരു വിവാഹജീവിതമോ കുട്ടിക്കളോ വിധിച്ചിട്ടില്ലെന്ന് സഹോദരി േപാലും പറയുകയുണ്ടായി. എന്നെ സ്നേഹിക്കാൻ ആരും വരില്ലെന്നും അവർ പറഞ്ഞു. കുട്ടിക്കാലത്ത് എല്ലാ അർഥത്തിലും ഒറ്റപ്പെട്ടിരുന്ന ഞാൻ ആളുകളിൽ നിന്നും പരമാവധി ഒഴിഞ്ഞു മാറാൻ ശ്രമിച്ചിരുന്നു. 

മരിക്കാതിരിക്കാൻ ഉണ്ടായിരുന്ന ഒരേ ഒരു കാരണം എന്റെ അമ്മ മാത്രമായിരുന്നു. അമ്മയുടെ കണ്ണുകളിലൂടെ ഞാൻ ഈ ലോകത്തെ അടുത്തറിഞ്ഞു. അമ്മയായിരുന്നു എന്റെ വെളിച്ചവും പ്രതീക്ഷയുമൊക്കെ. അമ്മ വീട്ടുപണികള്‍ ചെയ്തായിരുന്നു എന്നെ പഠിപ്പിച്ചിരുന്നത്. കഴിഞ്ഞ വർഷം അമ്മയെയും എനിക്കു നഷ്ടപ്പെട്ടു, അങ്ങനെ വീണ്ടും എനിക്കെന്റെ കാഴ്ച നഷ്ടമായി. 

സുഹൃത്തുക്കളിൽ ഒരാൾ വഴിയാണ് ഞാൻ ഫിറോജിനെക്കുറിച്ച് അറിയുന്നത്. ഒരു പാർക്കിൽ വച്ച് ഫിറോജിനെ ആദ്യമായി പരിചയപ്പെടുമ്പോൾ വർഷങ്ങളായി ഞങ്ങൾ പരിചയമുള്ളതു പോലെയാണ് തോന്നിയിരുന്നത്. കാഴ്ചയില്ലാത്തതുകൊണ്ടു നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു ഞങ്ങൾ പങ്കുവച്ചപ്പോൾ എന്നോടു തന്നെ സംസാരിക്കുന്നതു േപാലെയാണ് എനിക്കു േതാന്നിയത്. നിമിഷങ്ങൾ െകാണ്ട് ഞങ്ങൾ ഏറെ അടുത്തു. കൈകളിൽ മുറുകെപ്പിടിച്ചു കുട്ടികളെപ്പോലെ കരയുകയായിരുന്നു ഞങ്ങൾ. 

ആ ദിവസം മുഴുവനും ഞങ്ങൾ ഒന്നിച്ചു നടന്ന് സ്വപ്നങ്ങളെക്കുറിച്ചും വിധിയെക്കുറിച്ചുമൊക്കെ പങ്കുവച്ചു. ഫിറോജ് എന്റെ കൈപിടിച്ച് വഴികാണിച്ചു നടത്തുകയായിരുന്നു. ഞാൻ ഏകയാണെന്നും എനിക്കെല്ലാം നഷ്ടപ്പെട്ടെന്നുമൊക്കെയുള്ള ചിന്തികളെ മറന്നുപോയ നിമിഷമായിരു്നു അത്. ഫിറോജ് അന്ന് എന്നെ വിവാഹം കഴിക്കാൻ താൽപര്യം ഉണ്ടെന്നും അറിയിച്ചു. 

ഇരുപത്തിരണ്ടു ദിവസം മുമ്പാണ് ഞങ്ങൾ വിവാഹിതരായത്, ഫിറോജിന്റെ അമ്മയ്ക്ക് ഈ വിവാഹം താൽപര്യം ഇല്ലാതിരുന്നതിനാൽ ഞങ്ങൾ ഇപ്പോഴും ഒന്നിച്ചല്ല താമസിക്കുന്നത്. ഞാൻ യൂണിവേഴ്സിറ്റി ഹോസ്റ്റലിലും ഫിറോജ് കുടുംബത്തിനൊപ്പവുമാണ്, പരസ്പരം കാണണമെന്നു തോന്നുമ്പോൾ ഞങ്ങൾ ഹോട്ടലുകളിലേക്കു പോകും. ബസുകളിൽ പുസ്തകം വിറ്റു കിട്ടുന്ന വരുമാനം മാത്രമേയുള്ളു ഫിറോജിന്. 

ഇന്ന് ഞങ്ങളുടെ ജീവിതം നരകത്തിൽ നിന്നുമാറി സ്വർഗതുല്യമായിരിക്കുകയാണ്. ഞാൻ അന്ധയാണെന്നു പറഞ്ഞാണ് ഫിറോജിന്റെ അമ്മ ഞങ്ങളെ സ്വീകരിക്കാത്തത്. അന്ധരായ രണ്ടുപേർ എങ്ങനെ ജീവിക്കുമെന്ന് അവർക്കു മനസ്സിലാവുന്നില്ലത്രേ. പക്ഷേ കാഴ്ചയില്ലാത്തൊരാൾക്കു മാത്രമേ മറ്റൊരു കാഴ്ചയില്ലാത്തയാളുടെ വേദനയും ബുദ്ധിമുട്ടുകളും ധീരതയുമൊക്കെ മനസ്സിലാകൂ എന്ന് അദ്ദേഹം അമ്മയെ പറഞ്ഞു മനസ്സിലാക്കുന്നുണ്ട്. ''

Read more: Lifestyle Malayalam Magazine