ശബ്ദമില്ലാത്ത ലോകത്ത് കളിചിരികളുമായി ഈ ചങ്ങാതിമാർ 

ചേതനും വിനയ്‌യും

ചില സൗഹൃദങ്ങൾക്ക് ഒരു ആയുസ്സിന്റെ ബലമുണ്ടാകും. ഒന്നുമില്ലായ്മയിൽ നിന്നും നഷ്ട സ്വപ്നങ്ങളുടെ ലോകത്തു നിന്നും ജീവിതത്തിന്റെ പച്ചപ്പിലേക്കു കൈപിടിച്ചു നടത്താൻ കഴിയുന്ന അത്തരം സൗഹൃദങ്ങളാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ വിജയ പരാജയങ്ങളെ സ്വാധീനിക്കുന്നത്. അത്തരത്തിൽ ഒരു കഥയാണ് ബംഗളൂരു സ്വദേശികളായ ചേതനും വിനയ്‌ക്കും പറയാനുള്ളത്. 

12  വയസ്സാണ് ചേതനു പ്രായം വിനയ്‌ക്ക് 10  വയസ്സും. രണ്ടുപേരും ജന്മനാ ബധിരരും മൂകരുമാണ്. ശബ്ദമില്ലാത്ത ലോകത്തിന്റെ ഒറ്റപ്പെടലാണ് ഈ കൂട്ടുകാരെ പരസ്പരം അടുപ്പിച്ചത്. ഇപ്പോൾ ഇരുവരും പരസ്പരം കൈത്താങ്ങായി ജീവിതത്തിന്റെ പച്ചപ്പിലേക്ക് ഉറ്റു നോക്കുന്നു. 

''വിനയ് നന്നായി നൃത്തം ചെയ്യും തന്നെ ഒരുപാട് ഇഷ്ടമാണ് , എന്നാൽ കളിയാക്കുകയും ചെയ്യും. അവനു വലുതാകുമ്പോൾ ഒരു ബോക്‌സർ ആകണം എന്നാണ് ആഗ്രഹം. ഞങ്ങൾ പരസ്പരം വഴക്കു കൂടാറുണ്ട്, എന്നാൽ അതു സ്നേഹംകൊണ്ടു മാത്രമാണ്. പരസ്പരം ചോക്കു കൊണ്ടും പേപ്പർ കൊണ്ടും എറിയും. എല്ലാം തങ്ങളുടെ മാത്രമായുള്ള സന്തോഷമാണ്.'' കുഞ്ഞു ചേതൻ ആംഗ്യഭാഷയിൽ തന്റെ പ്രിയസുഹൃത്തിനെക്കുറിച്ചു പറയുന്ന ഈ വാക്കുകൾ മതി ആരുടേയും ഉള്ളൊന്നു പൊള്ളിക്കാൻ.  

കഷ്ടപ്പാടിന്റെ  നടുവിൽ നിന്നുമാണ് ഈ കുരുന്നുകൾ ജീവിതത്തിന്റെ പച്ചപ്പിലേക്ക് എത്തിനോക്കുന്നത്. വിനയയ്‌‌യുടെ അച്ഛന്റെ കൈ ഒരു അപകടത്തിൽ മുറിച്ചു കളയേണ്ടതായി വന്നു. അതിനു ശേഷം അദ്ദേഹം ജോലിക്കു പോകുന്നില്ല. ചേതന്റെ വീട്ടിലെ അവസ്ഥയും മോശമാണ്. ചേതനെ പോലെ തന്നെ അമ്മയ്ക്കും കേൾവി ശക്തിയില്ല. . 'അമ്മ ഒരു ഫാക്റ്ററിയിൽ ജോലി ചെയ്തു നേടുന്ന വരുമാനത്തിൽ നിന്നുമാണ് ജീവിക്കാനുള്ള വക കണ്ടെത്തുന്നത്. 

ആരോഗ്യമുള്ള ഒരു സഹോദരൻ ഉണ്ടായിരുന്നതിനെയും കൊണ്ടാണ് അച്ഛൻ നാടുവിട്ടത്. ഇത്തരത്തിൽ പല കാരണങ്ങളാൽ ജീവിതത്തിന്റെ മുന്നിൽ പകച്ചു നിൽക്കേണ്ടി വന്ന 180  കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന ഒരു റെസിഡൻഷ്യൽ സ്‌കൂളിൽ ആണ് ഈ കൂട്ടുകാർ താമസിക്കുന്നത്. 

ജീവിതത്തിൽ മുന്നോട്ട് ഇനി എന്തുചെയ്യും, ആരാവണം എന്നൊക്കെ ചോദിച്ചാൽ ഇവരുടെ കയ്യിൽ വ്യക്തമായ ഉത്തരമില്ല. എന്നാൽ, വളർച്ചയുടെ ഒരു ഘട്ടത്തിലും പരസ്പരം പിരിയാതെ മുന്നോട്ടു പോകണം എന്ന പ്രാർഥനയും ആഗ്രഹവും മാത്രമേ ഈ കൂട്ടുകാർക്കുള്ളൂ. ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി തന്നെ ഈ കൂട്ടുകാർ ഇവരുടെ സൗഹൃദത്തെ കാണുന്നു

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam