സച്ചിന്റെ മകളോട് കടുത്ത പ്രണയം, തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി, ഒടുവിൽ അഴിക്കുള്ളിൽ!!

സാറ ടെൻഡുൽക്കർ

ക്രിക്കറ്റിന്റെ ദൈവം സച്ചിന് ലോകമെമ്പാടും ആരാധകരുണ്ടെന്നത് സത്യമാണ്. ആരാധനയും പ്രണയവുമെല്ലാം സർവ സാധാരണമാണെങ്കിലും അതിരുകടന്ന് ശല്യം ചെയ്യുന്ന അവസ്ഥയിലേക്കെത്തുമ്പോൾ പിന്നെ നിയമമല്ലാതെ മറ്റൊരു വഴിയുമില്ല. ഇവിടെ സച്ചിന്റെ മകൾക്കു നേരെയാണ് അത്തരം സമീപനങ്ങളുണ്ടായത്. സച്ചിന്റെ മകളോടുള്ള പ്രണയം മൂത്ത് ഒരു യുവാവ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഇരുപതിൽപരം തവണ വിളിക്കുകയും മകളെ തട്ടിക്കൊണ്ടു പോകുമെന്നു വരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ എന്തായി ഇക്കണ്ടതെല്ലാം കാട്ടിക്കൂട്ടിയ കക്ഷി അഴികൾക്കുള്ളിലുമായി. 

വെസ്റ്റ് ബംഗാളിലെ ഹാൽദിയയിൽ നിന്നുള്ള ദേബ് കുമാര്‍ മെയ്തി എന്നു യുവാവാണ് സാറയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിൽ അറസ്റ്റിലായത്. സച്ചിന്റെ മുംബൈയിലുള്ള വീട്ടിലേക്ക് തുടർച്ചയായി വിളിച്ച ദേബ് കുമാർ സാറയോട് മോശമായി സംസാരിച്ചു. മുപ്പത്തിരണ്ടുകാരനായ ദേബ്കുമാർ തുടർച്ചയായി ഇരുപതു തവണയെങ്കിലും സച്ചിന്റെ വീട്ടിലേക്കു വിളിക്കുകയും സാറയെ തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. 

പെയിന്ററായി ജോലി ചെയ്യുന്ന ദേബ്കുമാർ കഴിഞ്ഞ കുറച്ചു കാലങ്ങളായി വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്നാണ് വിവരം. അപ്പോഴും സച്ചിന്റെ വീട്ടിലെ നമ്പർ ദേബ്കുമാറിന് എങ്ങനെ ലഭിച്ചിട്ടുണ്ടാകുമെന്ന് ആലോചിച്ചു കുഴങ്ങിയിരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥർ. 

എന്തായാലും ആരാധന അതിരുകവിഞ്ഞ് മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നു കയറുന്നവർക്കും അപമര്യാദയായി പെരുമാറുന്നവർക്കുമൊക്കെ ഒരു താക്കീതാണ് ഈ സംഭവം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam