28 വയസ്സിനുള്ളിൽ 45 സർജറികൾ, വലതു കൈ നഷ്ടപ്പെട്ടു; പക്ഷേ പൗലമിക്കു പരാതിയില്ല

പൗലമി പട്ടേൽ

ചെറിയൊരു പരാജയമോ പ്രതിസന്ധിയോ മുന്നിൽ വരുമ്പോഴേക്കും ജീവിതം മടുത്തു പോയെന്നു ചിന്തിക്കുന്നവരുണ്ട്. പരാജയത്തെയോ നഷ്ടമായതിനെയോ ഒക്കെ ഓർത്തു വ്യാകുലപ്പെട്ടിരുന്നാൽ പിന്നെ അതിനേ സമയം കാണൂ. മറിച്ച് , ജീവിതത്തിൽ അനവധി അവസരങ്ങളുണ്ട്, അവ കണ്ടെത്തുകയും അതിനു വേണ്ടി അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്യുന്നവർക്കു മുന്നിൽ വിജയം സുനിശ്ചിതമാണ് എന്ന് തെളിയിക്കുന്നതാണ് പൗലമി പട്ടേൽ എന്ന പെൺകുട്ടിയുടെ ജീവിതം. ഇരുപത്തിയെട്ടു വയസ്സായപ്പോഴേക്കും ഒരു കൈ നഷ്ടമാവുകയും 45 സർജറികൾ ചെയ്തുവെങ്കിലും തളരാതെ , ആരോടും പരാതിപ്പെടാതെ മുന്നോട്ടു പോയതാണ് പൗലമിയെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തയാക്കുന്നത്.

പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് പൗലമിയുടെ ജീവിതത്തിൽ ആ ദുരന്തം സംഭവിക്കുന്നത്. മീൻപിടിക്കാനുപയോഗിക്കുന്ന ഇരുമ്പുദണ്ഡു വച്ചു കളിക്കുകയായിരുന്നു പൗലമി. അതിനിടെ കയ്യിൽ നിന്നും ദണ്ഡ് ജനലിലൂടെ വഴുതിപ്പോയി,  അതു തിരിച്ചു പിടിക്കുന്നതിനിടെ പുറത്തു നിന്നുള്ള ഇലക്ട്രിക് വയറിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോ‌ടെ പൗലമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാംസത്തിന്റെ ഏറെ ഭാഗവും കരിഞ്ഞു പോയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഡോക്ടര്‍മാർ പൗലമിയോടു പറഞ്ഞു, പഴുപ്പു മറ്റു ഭാഗങ്ങളിലേക്കു പടരാതിരിക്കണമെങ്കിൽ വലതുകൈ മുറിച്ചു കളഞ്ഞേ തീരൂ. 

പക്ഷേ പന്ത്രണ്ടു വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയെ സംബന്ധിച്ചി‌ടത്തോളം അതിന്റെ വരുംവരായ്കകൾ എന്തൊക്കെയെന്നു ചിന്തിക്കാനുള്ള പക്വത പോലും എത്തിയിരുന്നില്ല. പിന്നീടുള്ള നാളുകളിൽ ഒരു കുഞ്ഞിനെയെന്ന പോലെ പുതിയ ജീവിതം തുടങ്ങുകയായിരുന്നു അവൾ. മാതാപിതാക്കളും സുഹൃത്തുക്കളുമെല്ലാം നെടുംതൂണായി കൂടെ നിന്ന കാലമായിരുന്നു അതെന്ന് പൗലമി ഓർക്കുന്നു. അന്നു തന്നെ കാണാൻ വരുന്ന ആളുകളെല്ലാം സംഭാഷണം ആരംഭിക്കുന്നതിനു മുമ്പെ തന്നോട് തമാശയെന്തെങ്കിലും പറഞ്ഞു തുടങ്ങണമെന്ന് അച്ഛൻ നിർദ്ദേശിച്ചിരുന്നുവെന്നും പൗലമി പറയുന്നു. തനിക്കു കൂടുതൽ ഊർജം പകരാനും വലതുകൈ നഷ്ടപ്പെട്ടാലും ജീവിതം ഇനിയും മുന്നിൽ ബാക്കിയുണ്ടെന്ന യാഥാർഥ്യത്തോടു പൊരുത്തപ്പെടാനുമായിരുന്നു അങ്ങനെ ചെയ്തിരുന്നത്. അത് പിന്നീടുള്ള ജീവിതത്തെ വളരെയേറെ സഹായിക്കുകയും ചെയ്തു. 

കൃത്രിമകൈ ഉപയോഗിച്ച് എഴുതാൻ പഠിക്കുകയാണ് ആദ്യം ചെയ്തത്. തുടക്കത്തിൽ അല്‍പം ബുദ്ധിമുട്ടു നേരിട്ടിരുന്നുവെങ്കിലും പതിയെ പൗലമി പേന കയ്യിലൊതുക്കാനും തുടർച്ചയായുള്ള പരിശീലനത്തിന്റെ ഭാഗമായി പഴയതുപോലെ തന്നെ മനോഹരമായി എഴുതാനും ശീലിച്ചു. തന്റെ കുറവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ തനിക്കു കിട്ടിയ രണ്ടാംജന്മത്തെ ആഘോഷമാക്കാനാണ് പൗലമി ശ്രമിച്ചത്. ബാഗിന്റെ സിബ് തനിയെ ഇട്ടതും വസ്ത്രം സ്വന്തമായി ധരിച്ചതും വാതിൽ തനിയെ അടച്ചതും എല്ലാ പരീക്ഷയും തനിച്ചെഴുതിയതുമൊക്കെ പൗലമി ആഘോഷമാക്കി മാറ്റി. 

ബികോമിനു ശേഷം എ​ംബിഎ ചെയ്യുന്ന സമയത്ത് രണ്ടുവർഷം വീട്ടിൽ നിന്നും വിട്ടുനിന്നപ്പോഴാണ് തന്റെ കുറവുകൾ ഒരു പ്രശ്നമല്ലെന്നും ​മറ്റു കുട്ടികളെപ്പോലെ തന്നെ തനിക്കും എല്ലാം സാധ്യമാകുമെന്നും പൗലമിക്ക് മനസ്സിലായത്. ആദ്യമൊക്കെ, വലതുകൈ കൃത്രിമകൈ ആണെന്നു തോന്നിക്കാതിരിക്കാൻ ഫുൾസ്ലീവ് വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്, കാലിലെ മുറിപ്പാടുകൾ കാരണം ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ധരിച്ചിരുന്നില്ല. പതിയെ ആ മുറിപ്പാടുകളിലും കുറവുകളിലുമൊന്നും പഴിപറഞ്ഞിരിക്കാതെ അഭിമാനിക്കാൻ ആരംഭിച്ചു. ഭയമേതുമില്ലാതെ പോസിറ്റീവായി മുന്നേറണമെന്ന ആ തീരുമാനമാണ് തന്നെ ഇന്നത്തെ കരുത്തയായ സ്ത്രീയാക്കിയതെന്നു പറയുന്നു പൗലമി. 

തന്റെ കുറവുകളെ പ്രശ്നമാക്കാതെ ജീവനോളം സ്നേഹിക്കുന്ന പങ്കാളിയെ കിട്ടിയ പൗലമി ഇപ്പോൾ ബിസിനസ്സിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം തന്നെ സ്കൈഡൈവിങ്, ബംഗീ ജംപ്, ഓപൺ വാട്ടർ ഡൈവിങ് എന്നിവയെല്ലാം ചെയ്യുന്നുണ്ട്. തന്റെ ഓരോ ദിവസവും ആഘോഷമാക്കുന്നതുകൊണ്ടു തന്നെ കഴിഞ്ഞതിനെയോർത്തു വ്യാകുലപ്പെടാന്‍ പൗലമിക്കു തീരെ സമയവുമില്ല. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam