വൃക്ക നല്‍കി; ഹൃദയം ചോദിച്ചു: എന്നിട്ടും അവളുടെ മറുപടി നോ

സൈമൺ ലൂയിസും മേരി ഇമ്മാനുവലും

പ്രണയമെന്നൊക്കെ പറഞ്ഞാല്‍  ചോദിച്ചാല്‍ ചങ്കുപറിച്ചു നല്‍കുന്ന അഡാറ് പ്രണയം. പക്ഷെ അവള്‍ ചോദിച്ചത് ചങ്കല്ല, വൃക്ക... കൊടുത്തു.. രണ്ടു പതിറ്റാണ്ട് ആ പ്രണയവും പേറി അവര്‍ ഒരുമിച്ചു ജീവിച്ചു. പക്ഷെ കഴിഞ്ഞ ദിവസം ഞാന്‍ നിന്നെ വിവാഹം കഴിച്ചോട്ടെ എന്ന ചോദ്യത്തിന് മറുപടി അയാളെ നിരാശനാക്കിക്കളഞ്ഞു. വേണ്ട എന്നായിരുന്നു അവളുടെ മറുപടി. അതിനൊരു കാരണമുണ്ട്. തന്റെ കനത്ത അനാരോഗ്യം സമ്മാനിക്കുന്ന അനിശ്ചിതാവസ്ഥ തന്നെ. 

സൈമണ്‍ ലൂയിസ് എന്ന നാല്‍പത്തൊ‍മ്പതുകാരനും 41കാരിയായ മേരി ഇമ്മാനുവലുമാണ് അപൂര്‍വ സംഭവത്തിലെ നായകനും നായികയും. ഇരുവരും കണ്ടുമുട്ടുന്നത് 20 വര്‍ഷം മുന്‍പ് ലണ്ടനിലെ ഒരു ക്ലബ്ബില്‍. മേരിക്ക് അന്ന് 20 വയസ്. സൈമണ് 28ഉം. ഇരുവരും നല്ല കൂട്ടുകാരായി. ഒരുമിച്ച് താമസം ആരംഭിച്ചു. രണ്ടു പതിറ്റാണ്ടു നീണ്ട പ്രണയ ജീവിതം. ഒരുമിച്ചു തന്നെ കാലമിത്രയും ചെലവഴിച്ചു. എന്നിട്ടും ഒരു വിവാഹ ജീവിതത്തിന് സമ്മതമല്ലെന്ന് അവള്‍ തറപ്പിച്ചു പറഞ്ഞു.

‌‌2014 സെപ്റ്റംബറില്‍ ആയിരുന്നു ആ ദുരന്തം. അവള്‍ പെട്ടെന്നു കുഴഞ്ഞു വീണു. ശരീരമാകെ മഞ്ഞളിച്ചു. രക്തം ഛര്‍ദിച്ചു. മകന്‍ ഡ്വൈന്‍ അവരെ ഉടനെ സൗത്ത് ലണ്ടനിലെ ആശുപത്രിയിലെത്തിച്ചു. തലച്ചോറില്‍ രക്തം കെട്ടി കോമയിലായ അവര്‍ രണ്ടു മാസം ആശുപത്രിയില്‍ കഴിഞ്ഞു. കിഡ്നി രോഗം സ്ഥിരീകരിക്കുന്നത് ഇവിടെവച്ചായിരുന്നു. കിഡ്നി മാറ്റിവയ്ക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല. അപൂര്‍വ ബി നെഗറ്റീവ് രക്തമായിരുന്നതിനാല്‍ മാറ്റിവയ്ക്കാന്‍ വൃക്ക ലഭിച്ചതുമില്ല.  മാസങ്ങള്‍ക്കു ശേഷം ആശുപത്രി വിട്ടെങ്കിലും ഡയാലിസിസ് തുടര്‍ന്നുകൊണ്ടിരുന്നു.

അങ്ങനെയിരിക്കെ സൈമണ്‍ പ്രണയിനിക്കു തന്റെ വൃക്ക തന്നെ പകുത്തു നല്‍കിയാലോ എന്നു ചിന്തിക്കുന്നത്. പരിശോധനകള്‍ ഭാഗ്യത്തിന് ഒത്തുവന്നു. അവയവ ശസ്ത്രക്രിയയും വിജയമായി. രണ്ടുപേരും ചികിത്സകള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിയ ശേഷം ഒരു രാത്രി ഡിന്നര്‍ ഒരുക്കുന്നതിനിടെയാണ് വിവാഹാഭ്യര്‍ഥനയുമായി സൈമണ്‍ മേരിയെ സമീപിക്കുന്നത്. പക്ഷെ നോ എന്നായിരുന്നു മറുപടി. ഈ ഒരു സാഹചര്യത്തില്‍ വിവാഹം വേണ്ടെന്നും പൂര്‍ണ ആരോഗ്യം കൈവരിക്കുന്നതു വരെ വിവാഹം വേണ്ടെന്നുമായിരുന്നു മേരിയുടെ മറുപടി. ‘അവന്‍ എന്റെ അടുത്ത കൂട്ടുകാരനാണ്. തുടര്‍ന്നും അങ്ങനെ ആയിരിക്കും. ഞങ്ങള്‍ക്കിടയിലെ പ്രണയം യഥാര്‍ഥമാണ്’ – മേരി പറയുന്നു. 

‘ഞാനന്ന് അവള്‍ക്ക് വാഗ്ദാനം ചെയ്തത് എന്റെ ഹൃദയമായിരുന്നു. അവള്‍ക്ക് വേണ്ടിയിരുന്നത് എന്റെ വൃക്കയും. അത് ഞാനവള്‍ക്ക് സമ്മാനമായി നല്‍കി. അതില്‍ എനിക്കൊട്ടും നഷ്ടബോധമില്ല. ഇക്കാര്യം ഞാന്‍ രണ്ടു വട്ടം ആലോചിച്ചിട്ടില്ല. ഇഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി സാധാരണ ചെയ്യുന്നതു പോലെ ഒരു കാര്യം മാത്രമായേ ഇതിനെ കാണുന്നുള്ളുവെന്നും സൈമണ്‍ പ്രതികരിച്ചു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam