' മൈ വൺ ആൻഡ് ഒൺലി ' അനുഷ്കയ്ക്ക് സ്നേഹപൂർവം വിരാട്!

വിരാടും അനുഷ്കയും

ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരുപോലെ കൊണ്ടാടിയ വിവാഹമായിരുന്നു വിരാട് കോഹ്‌ലി–അനുഷ്ക ശർമ ദമ്പതികളുടേത്. ഇരുവരുടെയും പ്രണയവും ഒടുവിൽ ഇറ്റലിയിൽ വച്ചുനടന്ന ആർഭാട വിവാഹവുമാക്കെ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ വിവാഹശേഷം കരിയറിന്റെ ഭാഗമായി ഇരുധ്രുവങ്ങളിലാണ് വിരാടും അനുഷ്കയും, അതിന്റേതായ വിഷമത്തിലുമാണവർ. സമൂഹമാധ്യമത്തിൽ വൈറലാകുന്ന പുതിയ ചിത്രവും അനുഷ്കയുടെയും വിരാടിന്റെയും പ്രണയ നിമിഷങ്ങളുടേതാണ്. 

ജനുവരി മുതൽ വിരാടും അനുഷ്കയും രണ്ടിടങ്ങളിലായാണ് കഴിയുന്നത്. ക്രിക്കറ്റിന്റെ ഭാഗമായി വിരാട് സൗത്ത് ആഫ്രിക്കയിലും പുതിയ ചിത്രമായ പാരിയുടെ പ്രൊമോഷൻ വർക്കുകളുടെ ഭാഗമായി അനുഷ്ക ശർമ മുംബൈയിലുമാണ്. ഈ വിരഹ വേദനയിൽ തന്റെ പ്രാണസഖിക്കായി സമൂഹമാധ്യമത്തിലൂടെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് കോഹ്‌ലി. 

പരസ്പരം പുണർന്നു നിൽക്കുന്ന വിരാടും അനുഷ്കയുമാണ് ചിത്രത്തിലുള്ളത്. അങ്ങേയറ്റം പ്രണയത്തോടെ പുണർന്നു നിൽക്കുന്ന ഇരുവരുടെയും മുഖങ്ങൾ കാണുന്നുമില്ല. ചിത്രത്തിന് വിരാട് നൽകിയ കാപ്ഷനാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്, '' മൈ വൺ ആൻഡ് ഓൺലി'' എന്നായിരുന്നു റൊമാന്റിക്കായ ആ കാപ്ഷന്‍. ചിത്രം പങ്കുവച്ച് അധികം കഴിയുംമുമ്പുതന്നെ പെർഫെക്റ്റ് കപിൾ, ബെസ്റ്റ് കപിൾ, കപിൾ ഗോള്‍സ് എന്നു തുടങ്ങി ഇരുവരേയും അഭിനന്ദിച്ചുള്ള കമന്റുകളുടെ പ്രവാഹമായിരുന്നു. 

പ്രൊഫഷന്റെ ഭാഗമായുണ്ടാകുന്ന ഉയര്‍ച്ച താഴ്ച്ചകളിലും വിരുഷ്ക ദമ്പതികൾ കൈകോർത്തു കൂടെ നിൽക്കാറുണ്ട്. തന്റെ  കരിയറിലെ വളർച്ചയിൽ അനുഷ്കയുടെ സ്ഥാനം ചെറുതല്ലെന്ന് വിരാട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. മുമ്പെല്ലാം ഫീൽഡിൽ തന്റെ പ്രകടനം മോശമാകുമ്പോൾ ഏറെ പഴി കേട്ടിരുന്നത് അനുഷ്കയാണെന്നും എന്നാൽ തന്നെ എക്കാലവും പ്രോത്സാഹിപ്പിച്ചു കൂടെനിൽക്കുന്നയാളാണ് പ്രിയപത്നിയെന്നും അടുത്തിടെ വിരാട് പറഞ്ഞിരുന്നു.

ക്രിക്കറ്റിലെയും ബോളിവുഡിലെയും ആരാധകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു വിരാമമിട്ടാണ് ഡിസംബറിൽ‌ കോഹ്‍ലിയും അനുഷ്കയും ഒന്നായത്. പ്രണയത്തിന്റെ ആ സുന്ദര നിമിഷത്തെ ആരാധകർ ‘വിരുഷ്ക’ എന്ന പേരിട്ടു ലാളിച്ചു. ഇറ്റലിയിലെ മിലാനിലെ ആഡംബര ഹോട്ടലിൽ നടന്ന വിവാഹവിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിവാഹത്തിനുശേഷമുള്ള ആദ്യ വലന്റൈൻസ് ഡേ എങ്ങനെ ആഘോഷിക്കുമെന്ന ചോദ്യത്തിന് ഞങ്ങൾക്ക് എല്ലാ ദിവസവും വലന്റൈൻസ് ദിനമാണെന്നായിരുന്നു വിരാടിന്റെ മറുപടി.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam