ആദ്യ കാഴ്ചയിൽ പ്രണയം; പെൺകുട്ടിയെ കണ്ടെത്താൻ ഹ്രസ്വചിത്രവും 4000 പോസ്റ്ററുകളും

ട്രെയിനിൽ കണ്ടുമുട്ടിയ പെൺകുട്ടിയോടു പ്രണയം തോന്നുകയും പിന്നീട് അവളെ  സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതും സിനിമകളിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ സിനിമയെവെല്ലുന്ന സംഭവമാണ് കൊൽക്കത്തയിൽ നടന്നത്.

ബിശ്വജിത്ത് പഠാർ എന്ന ചെറുപ്പക്കാരനാണ് ഇതിലെ നായകൻ. ട്രെയിനിൽവച്ചു കണ്ട പെൺകുട്ടിയെ കണ്ടെത്താൻ 4000 പോസ്റ്ററുകളാണ് ഇയാൾ പതിപ്പിച്ചത്. കോന്നഗർ മുതൽ ബാലി വരെയുള്ള ആറുകിലോമീറ്ററോളം ദൂരം ഇയാൾ പോസ്റ്റർ പതിപ്പിച്ചു. ഇതുകൂടാതെ ഏഴുമിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രവും നിർമിച്ചു.

കൊൽക്കത്തയിൽ സർക്കാർ ജീവനക്കാരനാണ് നായകൻ. ട്രെയിനിൽവച്ചു ജൂലൈ 23നാണു ബിശ്വജിത്ത് തന്റെ സങ്കല്പത്തിലെ പെൺകുട്ടിയെ കാണുന്നത്. എതിർവശത്ത് ഇരിക്കുന്ന പെൺകുട്ടിയുമായി ആദ്യകാഴ്ചയിൽ തന്നെ ഇയാൾ പ്രണയത്തിലായി. എന്നാൽ ആ  ട്രെയിൻ യാത്രയ്ക്കുശേഷം അവളെ കാണാൻ സാധിച്ചില്ല.

പെൺകുട്ടി തിരിച്ചറിയാനായി ആദ്യമായി കണ്ട ദിവസം ധരിച്ച അതേ ടീഷർ‌ട്ടുമിട്ടു റെയിൽവെസ്റ്റേഷനിൽ കാത്തുനിന്നിരുന്നു. എന്നിട്ടും അവളെ കണ്ടെത്താൻ സാധിച്ചില്ല.  ഇതോടെയാണ് സിനിമയെവെല്ലുന്ന രീതിയിലുള്ള ശ്രമവുമായി യുവാവ് ഇറങ്ങിയത്.