അവളെ തട്ടികൊണ്ടു പോയിട്ട് 5 ദിവസം, പൊലീസ് ചതിച്ചു: യുവാവ് ലൈവിൽ

രണ്ട് ദിവസം മുമ്പാണ് ഹരിപ്പാട് സ്വദേശിയായ എഡ്‌വിൻ ഫിലിപ്പ് സാം ഭാര്യയെ തട്ടിക്കൊണ്ടുപോയതായും സഹായം അഭ്യർഥിച്ചും സമൂഹമാധ്യമത്തിലൂടെ ലൈവിൽ എത്തിയത്. ഭാര്യ ആരതിയുടെ വീട്ടുകാരും പൊലീസും ചേർന്നാണ് തട്ടികൊണ്ടു പോയതെന്ന് യുവാവ് ആരോപിച്ചിരുന്നു.

തമിഴ്നാട്ടിലെ കോളജിൽ പഠിക്കുമ്പോഴാണ് ആരതിയും എഡ്‌വിനും പ്രണയത്തിലാകുന്നത്. രണ്ടുവർഷത്തെ പ്രണയത്തിനൊടുവിൽ ഈ നവംബർ 16ന് ഇവർ വിവാഹിതരായി. രജിസ്റ്റർ വിവാഹമായിരുന്നു. ആരതി നാഗർകോവിലിലെ ഒരു സമ്പന്ന കുടുംബത്തിലെ അംഗമാണ്. ആരതിയുടെ വീട്ടുകാർ ഇവരുടെ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. വിവാഹശേഷം ഇവർ ഹരിപ്പാടുള്ള എഡ്‌വിന്റെ വീട്ടിലെത്തി. അവിടെ നിന്നാണ് പൊലീസിന്റെ സഹായത്തോടെ ആരതിയെ വീട്ടുകാർ കടത്തിക്കൊണ്ടു പോയത്.

ഭാര്യയുടെ പേരിൽ ഒരു കേസുണ്ടെന്നും നാഗർകോവിലിൽ കൊണ്ടുപോയി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുമെന്നും പറഞ്ഞുമായിരുന്നു ആരതിയെ പൊലീസ് കൊണ്ടുപോയത്. എന്നാൽ പിന്നീട് ആരതിയെക്കുറിച്ച് വിവരമൊന്നുമില്ല. നാഗർകോവിൽ എത്തിയപ്പോഴാണ് എഡ്‌വിന് ചതി മനസിലാകുന്നത്. ആരതിയെ നാഗർകോവിൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു, എന്നാൽ പൊലീസ് സഹായത്തോടെ അവിടെ നിന്നു മാറ്റി. ഇപ്പോൾ ഇങ്ങനെയൊരു കേസ് തന്നെയില്ല എന്നാണ് അറിയുന്നത്. തമിഴ്നാട്ടിൽ നിന്ന് ആരതിയെ കിട്ടിയെന്നാണ് പൊലീസ് വാദിക്കുന്നതെന്നും എഡ്‌വിൻ പറയുന്നു.

‘‘അവളെ അവർ തട്ടിക്കൊണ്ടു പോയിട്ട് ഇന്നേക്ക് അഞ്ച് ദിവസമാകുന്നു. എവിടെയാണെന്ന് പോലും അറിയില്ല. ചെന്നൈയിലേക്ക് കൊണ്ടുപോയെന്ന് ഒരു വിവരം അറിഞ്ഞു. അവിടെ എവിടെപ്പോയി അന്വേഷിക്കും? എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. ഏത് രീതിയിലും അവളെ തിരികെ വേണം. കോടതിയിൽ പോകാൻ തന്നെയാണ് തീരുമാനം. പൊലീസും കൂടി ചേർന്നാണ് ഞങ്ങളെ ചതിച്ചത്’’– ലൈവിലെത്തി എഡ്‌വിൻ പറഞ്ഞു.

വിവാഹം രജിസ്റ്റർ ചെയ്ത ദിവസം തന്നെ ജീവന് ഭീഷിണി ഉണ്ടെന്ന് അറിയിച്ച് ആരതി സമൂഹമാധ്യമത്തിലൂടെ ലൈവിൽ എത്തിയിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം കേരളപൊലീസിനും വീട്ടുകാര്‍ക്കും ആണെന്നായിരുന്നു ആരതി പറഞ്ഞത്.