മാതാപിതാക്കളുടെ പോരാട്ടം ഫലിച്ചു, ഒരുവയസുകാരി കോമയിൽ നിന്നുണർന്നു- വിഡിയോ

മനസ് എത്രത്തോളം സങ്കടത്തിൽ ആണ്ടുപോയാലും ഒരു കുഞ്ഞിന്റെ പുഞ്ചിരി മതി ആനന്ദലബ്ധിക്ക്. കാപട്യങ്ങളില്ലാതെ നിഷ്കളങ്കമായി ഉള്ളുതുറന്നു ചിരിക്കാനുള്ള കഴിവു തന്നെയാണ് കുഞ്ഞുങ്ങളെ വ്യത്യസ്തരാക്കുന്നതും. ഇന്നു സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന വിഡിയോയും ഒരു കുരുന്നിന്റെ പുഞ്ചിരിയാണ്. പക്ഷേ ആ പുഞ്ചിരിക്ക് ഒരൽപം പ്രത്യേകത കൂടിയുണ്ട്, ഒരച്ഛന്റെയും അമ്മയുടെയും ധീരമായ നിലപാടിൽ വിടർന്നതാണ് അത്.

അൾജീരിയയിൽ നിന്നുള്ള മാർവ എന്ന പെൺകുഞ്ഞാണ് മാതാപിതാക്കളുടെ ധീരമായ നിലപാടിന്റെ ഫലമായി ഇന്നു ജീവിതത്തിലേക്കു തിരിച്ചു വന്നിരിക്കുന്നത്. സെപ്തംബറിലാണ് മാർവയുടെ ജീവിതത്തിലെ ആ കറുത്ത ദിനങ്ങൾ ആരംഭിക്കുന്നത്. വൈറസ് ബാധയിൽ തുടങ്ങിയ രോഗം അവളുടെ നാഡീവ്യവസ്ഥയെയും ഗുരുതരമായി ബാധിച്ചു. കഴിഞ്ഞ രണ്ടുമാസവും മാർവയിൽ പുരോഗതിയൊന്നും കണ്ടില്ലെന്നു മാത്രമല്ല അവൾ നിശ്ചലമായി തന്നെ കിടന്നു. ഇതോടെയാണ് ഡോക്ടർമാർ മാർവയ്ക്കു ജീവൻ നിലനിർത്താനായി നൽകിയ മരുന്നുകൾ നിർത്താൻ തീരുമാനിച്ചത്. ഇനി അഥവാ മാർവ ജീവിച്ചിരുന്നാലും അവൾ ഗുരുതര രോഗങ്ങൾക്ക് അടിമപ്പെടുമെന്നുമായിരുന്നു ഡോക്ടർമാരുടെ കണ്ടെത്തൽ.

വിധിയെ തോല്‍പിക്കാൻ തീരുമാനിച്ചാണ് മാർവയുടെ മാതാപിതാക്കൾ ആ തീരുമാനം കൈക്കൊണ്ടത്. മകൾക്കു നൽകുന്ന മരുന്നുകൾ നിർത്തരുത്, അതു വെറുംവാക്കായി പറയുക മാത്രമല്ല അതിനു വേണ്ടി ജനങ്ങളുടെ പിന്തുണ തേടാനും അവർ മുന്നിട്ടുനിന്നു. അതിനായി 'നോട് വിതൗ‌‌ട്ട് മൈ മാർവ' എന്ന പേരിൽ പ്രചരണത്തിനും ഇരുവരും തുടക്കം കുറിച്ചു. പ്രതീക്ഷിച്ചതുപോലെ തന്നെ ലക്ഷത്തിൽപരം ആളുകളുടെ പിന്തുണ ക്യാംപയിനു ലഭിച്ചു.

ഇതോടെ മാർവയ്ക്കു നൽകുന്ന ജീവൻരക്ഷാ ഉപാധികൾ ഉടൻ നിർത്തരുതെന്നും രണ്ടുമാസത്തേക്കു കൂടി അവൾക്ക് മരുന്നുകൾ തുടരണമെന്നും കോടതിയും പ്രസ്താവിച്ചു. പത്തു ദിവസം കഴിഞ്ഞപ്പോഴേക്കും എല്ലാവരെയും അത്ഭുതപ്പെടുത്തി മാർവ തന്റെ കുഞ്ഞിക്കണ്ണുകൾ പതിയെ തുറന്നു, രണ്ടാംജന്മം നൽകിയ അമ്മയ്ക്കും അച്ഛനും നേരെ നറുപുഞ്ചിരി തൂകി.

മരണത്തിനു വിട്ടുകൊ‌ടുക്കേണ്ടി വരുമെന്നു കരുതിയ തന്റെ പൊന്നോമന കണ്ണുകൾ തുറന്നപ്പോൾ ആ അച്ഛനും സന്തോഷം അടക്കാനായില്ല, ഉടൻ തന്നെ അദ്ദേഹം അവളുടെ വി‍ഡിയോ പകർത്തി ഫേസ്ബുക്കിൽ പങ്കുവച്ചു. എന്റെ മാലാഖക്കുട്ടി മാർവ, ലവ് യൂ എന്ന ക്യാപ്ഷൻ നൽകിയായിരുന്നു വിഡിയോ പങ്കുവച്ചത്. ഇതോടെ മാര്‍വയ്ക്കു വേണ്ടി പ്രാർഥിച്ചവരും സന്തോഷത്തിലായി.

ഇന്നും മാർവ ചികിത്സയിലാണ്, പക്ഷേ ദിനംപ്രതി പുരോഗതി കാണിക്കുന്നതിനാൽ ഇനി ജീവൻ അപകടപ്പെടുമെന്ന യാതൊരു പേടിയും വേണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയിരിക്കുന്നത്. അതെ, ആ അച്ഛനും അമ്മയും കരുത്തോടെ എടുത്ത തീരുമാനം ഒന്നുമാത്രമാണ് മാർവയ്ക്കു രണ്ടാം ജന്മം നൽകിയത്. മാതാപിതാക്കളുടെ സ്നേഹത്തോളം വരില്ല മറ്റൊന്നും എന്നു വ്യക്തമാക്കുക കൂടിയാണ് ഈ സംഭവം.