പ്രണയത്തിനും 15 വർഷം മുൻപ് അവർ ഒന്നിച്ചിരുന്നു, അവിശ്വസനീയം ഈ കഥ !

ലു യികിന്നും സാങ് ഹെഡോങും

കുഞ്ഞുങ്ങള്‍ ആയിരുന്നപ്പോൾ കണ്ടുമുട്ടി അവസാനം കാലങ്ങൾക്കപ്പുറം ഒന്നിക്കുന്ന കഥാപാത്രങ്ങളെയാണ് നാം ഖുശി എന്ന തമിഴ് ചിത്രത്തിൽ കണ്ടിട്ടുണ്ട്. സംസാരിക്കാൻ പോലും കഴിയാതിരുന്ന കുഞ്ഞുപ്രായത്തിൽ അവർപോലും അറിയാതെ അവരുടെ കൈകൾ പരസ്പരം ഉരുമ്മുന്നുണ്ട്. ശേഷം കാലങ്ങൾക്കിപ്പുറം അതേ കുട്ടികൾ വലുതായി അവര്‍ ഒന്നിക്കുകയാണ് ചിത്രത്തിൽ. ഇത്തരത്തിലൊരു വ്യത്യസ്ത സംഭവം അരങ്ങേറിയിരിക്കുകയാണ് ചൈനയില്‍. ഇവിടെ പക്ഷേ കാലങ്ങൾക്കു മുമ്പേ കണ്ടത് നായികയുടെ അമ്മയും നായകനുമാണെന്നു മാത്രം. അവർ പോലും ഓർത്തു വെക്കാത്ത ആ യാദൃശ്ചിക കണ്ടുമുട്ടലിന് സാക്ഷിയാകുന്നത് അന്നെടുത്ത ഒരു ഫോട്ടോ മാത്രം.

ചൈനയിലെ ഷെജിയാങിൽ നിന്നുള്ള നവദമ്പതികളാണ് കാലങ്ങൾക്കു മുമ്പ് തങ്ങൾ പരസ്പരം ബന്ധപ്പെട്ടു കിടന്നിരുന്നതായി മനസിലാക്കുന്നത്. ലു യികിൻ എന്ന യുവതിയും സാങ് ഹെഡോങ് എന്ന യുവാവുമാണ് സംഭവത്തിലെ താരങ്ങൾ. ഏറെ നാളത്തെ പ്രണയത്തിനു ശേഷം ഒന്നിക്കുമ്പോൾ എന്തെങ്കിലും വ്യത്യസ്തതയോടെ വിവാഹം നടത്തണമെന്നു േതാന്നിയിരുന്നു. അങ്ങനെയാണ് വിവാഹ ചടങ്ങു നടക്കുന്നതിനിടയിൽ ഇരുവരുടെയും ബാല്യകാല ചിത്രങ്ങള്‍ ബിഗ്സ്ക്രീനിൽ കാണികൾക്കായി അവതരിപ്പിക്കാമെന്ന ആശയത്തിലേക്കെത്തിയത്.

15 വർഷം മുമ്പ് സാങ് ഹെഡോങ് എടുത്ത ചിത്രം, പുറകിൽ ലു യികിന്നിന്റെ അമ്മയെയും കാണാം

അതിനുവേണ്ടി കുട്ടിക്കാലത്തെ ചില ചിത്രങ്ങൾ ആൽബങ്ങളിൽ നിന്നു തിരഞ്ഞെടുക്കാൻ ശ്രമിക്കുകയായിരുന്നു ഇരുവരും. സാങിന്റെ കുട്ടിക്കാല ചിത്രങ്ങൾ ഓരോന്നു മറിച്ചു നോക്കുകയായിരുന്നു യികിൻ . അതിനിടയിലാണ് 2000ത്തിൽ സാങ് ഹെഡോങ് ലിങ് മൗണ്ടെയ്നിലെ ഭീമൻ ബുദ്ധ സ്തൂപത്തെ കാണാൻ പോയപ്പോൾ എടുത്ത ചിത്രം കണ്ടത്.സാങ് ഹെഡോങിനു പതിനാലു വയസുള്ളപ്പോൾ എടുത്ത ചിത്രമായിരുന്നു അത്.  ആദ്യനോട്ടത്തിൽ യികിന്നിന് യാതൊരു അത്ഭുതവും തോന്നിയില്ല. അപ്പോഴാണ് സാങ് നോക്കൂ കൗമാരത്തിൽ ഞാൻ എന്തു ഭംഗിയുള്ള ആളായിരുന്നുവെന്ന് പറഞ്ഞു കാണിച്ചത്. 

അങ്ങനെ വീണ്ടും ചിത്രത്തിലേക്കു നോക്കിയ യികിൻ ഞെട്ടിത്തരിച്ചു, തുടർന്ന് ഉച്ചത്തിലൊരു നിലവിളി ആയിരുന്നു. ഇവൾക്കിതെന്തു പറ്റിയെന്നാലോചിച്ച് തലപുകഞ്ഞിരിക്കുന്ന സാങിനോട് യികിൻ പറഞ്ഞു ചിത്രത്തിൽ സാങിനു പുറകിൽ നിൽക്കുന്ന കോട്ടിട്ട സ്ത്രീ തന്റെ അമ്മയാണെന്ന്. ചുവന്ന കോട്ടും കറുപ്പു പാന്റ്സുമണിഞ്ഞാണ് ചിത്രത്തിൽ അമ്മയുള്ളത് അതോ‌ടെ യികിൻ മാത്രമല്ല സാങും അന്താളിച്ചിരുന്നു. പിന്നീടു യികിന്നിന്റെ അമ്മയോടു ചോദിച്ചപ്പോഴാണ് അന്നേ ദിവസം അവരും ബുദ്ധ സ്തൂപം സന്ദർശിച്ച കാര്യം അറിഞ്ഞത്. അന്നു സാങിന്റെ ചിത്രമെടുക്കുന്നതിനിടയിൽ യാദൃശ്ചികമായി യികിന്നിന്റെ അമ്മയും പെടുകയായിരുന്നു. 

സാങ് ഹെഡോങ് എടുത്ത ചിത്രത്തിൽ യാദൃശ്ചികമായി പെട്ട ലു യികിന്നിന്റെ അമ്മ

കാണുന്നതിനും പ്രണയത്തിൽ അകപ്പെടുന്നതിനും പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് തങ്ങളുടെ ജീവിതത്തിൽ യാദൃശ്ചികമായി സംഭവിച്ച ഇക്കാര്യത്തെ ഉടൻ തന്നെ ഇരുവരും േസാഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. വിവാഹത്തിനു മുമ്പേ ലഭിച്ചൊരു സർപ്രൈസ് ആയിരുന്നു ഇക്കാര്യമെന്ന് ഇരുവരും പറയുന്നു. 2015ൽ പരിചയപ്പെട്ട ലു യികിന്നും സാങും ഒരു വർഷത്തെ ഡേറ്റിങിനു ശേഷമാണ് ഇപ്പോൾ വിവാഹിതരായത്.