ആ സുന്ദരി പെൺകുട്ടി ആരെന്ന് ഒടുവിൽ കണ്ടെത്തി!!

തിളങ്ങുന്ന മിഴികളോടെ കുട്ടിത്തം നിറഞ്ഞ മുഖവുമായി ഒരു ജാപ്പനീസ് പെൺകുട്ടി കുറച്ചുദിവസമായി സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു. അവളുടെ മൃദുവായ ചർമ്മത്തെയും പട്ടുപോലത്തെ മുടിയെയും കുറിച്ചു പറയാത്തവർ വിരളം. ഈ മനോഹരിയായ പെൺകുട്ടിയുടെ വിലാസം അന്വേഷിച്ച് പലരും നടന്നു, ഒടുവിൽ കണ്ടെത്തി അവൾ ഒരു സാധാരണ പെൺകുട്ടി അല്ലെന്ന്. അവൾക്ക് ജീവനില്ല!!!

അതെ, സോഷ്യൽ മീഡിയയിൽ തരംഗമായ സയ എന്ന പെൺകുട്ടി പ്രഗത്ഭരായ രണ്ടു ഗ്രാഫിക് ആര്‍ടിസ്റ്റുകളുടെ സൃഷ്ടി മാത്രമായിരുന്നു. കമ്പ്യൂട്ടർ ആനിമേഷന്‍ വൈദഗ്ധ്യത്തിൽ പിറന്നതാണ് സയ എന്ന സുന്ദരിക്കുട്ടി.

ടോക്കിയോ സ്വദേശികളായ ടെറുയുകി, യുകി ഇഷികാവാ എന്നീ ദമ്പതികളാണ് സയയ്ക്കു ജന്മം നൽകിയത്. സയയുടെ ചിത്രം ഓൺലൈനിൽ പോസ്റ്റു ചെയ്തതോടെ വൈറലാവുകയായിരുന്നു. ഒറ്റനോട്ടത്തിൽ അവൾ ഗ്രാഫിക് സൃഷ്ടിയാണെന്ന് തിരിച്ചറിയാനേ സാധിക്കില്ല. ഒഴിവുവേളകളിലെ നിരന്തരം ആലോചനകൾക്കൊടുവിലാണ് സയയെ രൂപപ്പെടുത്താൻ ഇരുവരും തീരുമാനിച്ചത്.

മൃദുവും സുതാര്യവുമായ ചർമ്മം രൂപപ്പെടുത്തുമ്പോഴായിരുന്നു ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത്. ഫിലിം എഫക്റ്റുകൾക്കായി ഉപയോഗിക്കുന്ന മാട്യാ ഉൾപ്പെടെയുള്ള ത്രീഡി മോഡലിംഗ് സീരീസുകളാണ് സയയുടെ നിർമാണ വേളയിൽ ഉപയോഗിച്ചത്. പക്ഷേ സയയ്ക്കു നൽകിയിരിക്കുന്ന മുടി അവർ ആഗ്രഹിച്ചതു പോലെയായിട്ടില്ല. അതിനാല്‍ ഇനിയും ചില മിനുക്കു പണികൾ നടത്താനുണ്ടെന്ന് ടെറുയുകിയും ഇഷികാവായും പറയുന്നു. കഴിഞ്ഞില്ല, സയയെ നായികാക്കി ഒരു സിനിമ ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. സിനിമ പുറത്തു വന്നാൽ സയയ്ക്ക് ഇപ്പോൾ കിട്ടുന്നതിലും കൂടുതൽ പ്രചാരം കിട്ടുമത്രേ! കാത്തിരിക്കാം സയ എന്ന ജീവനില്ലാത്ത പെൺകുട്ടിയുടെ അഭിനയ ചാതുര്യം അനുഭവിച്ചറിയാൻ....