പ്രണയത്തിന്റെ ജീവിക്കുന്ന അടയാളങ്ങൾ, മതമേ ഇവരെ ഒന്നാകാൻ അനുവദിക്കൂ!

അവളുടെ മുഖത്തിന്റെ മൊഞ്ചിനേക്കാൾ എനിക്ക് ഇഷ്ടം അവളുടെ ഖൽബിന്റെ മൊഞ്ചാണെന്ന് പറഞ്ഞ കാഞ്ചനമാലയുടെ മൊയ്തീനെ പോലെ സയാമീസ് ഇരട്ടകളായ ഗംഗയുടെയും യമുനയുടെയും ഖൽബിനെ സ്നേഹിച്ച ജസിമുദ്ദിന്റെ കഥ വായിക്കാം.

കണ്ണടച്ച് തുറക്കുന്ന സമയം മതി മുത്തുമണി പോലൊരു പ്രണയം ജീവിതത്തിലേക്ക് കടന്നു വരാൻ. അതുചിലപ്പോൾ ജീവിതകാലം മുഴുവൻ കുളിർകാറ്റുപോലെ തലോടലായി സാന്തന്വമായി ഒപ്പമുണ്ടാകും. ജസിമുദ്ദീൻ അഹമ്മദ് ഗംഗയുടെയും യമുനയുടെയും ജീവിതത്തിലേക്ക് വന്നതുപോലെ. അന്ധവിശ്വാസത്തിനും നിരക്ഷരതയ്ക്കും പേരുകേട്ട പശ്ചിമബംഗളിലെ ഒരു കുഗ്രാമത്തിലായിരുന്നു ഒരേ ഉടലും ഒരേ മനസ്സുമായി ഗംഗയുടെയും യമുനയുടെയും ജനനം. ഉടലുകൾ ഒട്ടിചേർന്ന് നാലുകൈയ്യും നാലുകാലുമായി ജനിച്ച കുഞ്ഞുങ്ങളെ ദൈവശാപത്തിന്റെ ഇരകളെന്ന് മുദ്രകുത്തി അച്ഛനും അമ്മയും ഉപേക്ഷിച്ചു.

തെരുവിന്റെ സന്തതികളായി വളർന്ന ഇവർ എങ്ങനെയോ തെരുവ് സർക്കസ്സുകാരുടെ ഇടയിൽ ചെന്നുപെട്ടു. സ്വന്തം വൈരുപ്യം ജീവിതോപാധിയാക്കിയ വർഷങ്ങൾ. കൗമരവും യൗവനവും കടന്ന് 45ന്റെ പടിവാതിലിൽ എത്തിയപ്പോഴായിരുന്നു പ്രണയം യമുനയുടെയും ഗംഗയുടെയും ഹൃദയവാതിലിൽ വന്ന് മുട്ടിയത്.

സർക്കസ് കൂടാരത്തിൽ സൗണ്ട് എൻജിനീയറായി വന്ന ജസിമുദ്ദീന്റെ രൂപത്തിൽ. എല്ലാ പ്രണയവും തുടങ്ങുന്നതു പോലെ ഇതും സൗഹൃദത്തിൽ തന്നെയാണ് തുടങ്ങിയത്. ശരീരത്തിന്റെ സൗന്ദര്യത്തേക്കാൾ ഏറെ ജസിമുദ്ദീനെ ആകർഷിച്ചത് ഇവരുടെ മനസ്സിന്റെ സൗന്ദര്യമായിരുന്നു. സർക്കസ് കമ്പനിയുടെ ടെറസ്സിലിരുന്ന് നക്ഷത്രങ്ങളേനോക്കി വെളുക്കുവോളം സംസാരിച്ചു, ഒന്നിച്ചു പാചകം ചെയ്തു, ഒന്നിച്ചു പാട്ടുകേട്ടും പ്രണയം പൂത്തുലഞ്ഞ നാളുകൾ. ഗംഗയുടെയും യമുനയുടെയും കഥ കേട്ടു കരഞ്ഞ രാത്രികളിൽ ഏതോ ഒന്നിലാണ് ഇവരെ ജീവിതത്തിലേക്ക് ക്ഷണിക്കാമെന്ന് ജസിമുദ്ദീൻ തീരുമാനിക്കുന്നത്.

വിവാഹം കഴിച്ചാൽ യഥാസ്ഥിതികരായ സമൂഹം എന്തും ചെയ്യാൻ മടിക്കില്ലെന്ന് അറിയാമായിരുന്നതു കൊണ്ട് വിവാഹിതരാകാതെ തന്നെ ഒന്നിച്ച് ജീവിക്കാമെന്ന് മൂവരും തീരുമാനിച്ചു. ഇതിനിടയിൽ അടുത്തുള്ള സ്ക്കൂളിൽ അധ്യാപകനായി ജസിമുദ്ദീന് ജോലിലഭിച്ചതോടെ ജീവിതം കൂടുതൽ സുരഭിലമായി. സ്ക്കൂൾ വിട്ട ശേഷം ഗംഗയേയും യമുനയേയും സർക്കസ് കൂടാരത്തിലേക്ക് കൊണ്ടുപോകും. തെരുവിലെ സർക്കസ് തീരുവോളം ജസിമുദ്ദീൻ കാത്തുനിൽക്കും. തിരികെ ഒന്നിച്ച് വീട്ടിലേക്ക്.

46 വർഷം അനുഭവിച്ച വേദനങ്ങൾ ദൈവം ഇവർക്ക് നൽകിയ സമ്മാനമായിരുന്നു ജസിമുദ്ദീന്റെ സ്നേഹം. ഒരു മതത്തിന്റെ പേരിലും ആ പ്രണയത്തെ പറിച്ചെറിയാൻ ഗംഗയും യമുനയും തയ്യാറല്ലായിരുന്നു. ഇനിയുള്ള കാലം ഗംഗയേയും യമുനയേയും വീണ്ടും തനിച്ചാക്കാൻ ജസിമുദ്ദീനും മനസ്സ് അനുവദിച്ചില്ല. എന്നെങ്കിലും ഒരിക്കൽ വിവാഹിതരാകാൻ മതം അനുവദിക്കുമെന്ന പ്രതീക്ഷയിൽ ഇവർ ഇന്നും ബംഗാളിലെ ഗ്രാമത്തിൽ ജീവിക്കുന്നു, പ്രണയത്തിന്റെ ജീവിക്കുന്ന അടയാളങ്ങളായി.