അടുക്കളയിൽ നിന്ന് നേരെ റാമ്പിലേക്ക് !

കമല മന്‍ദീപിന്റെ മോഡൽ ആകുന്നതിനു മുമ്പും ശേഷവും

രംഗം ഒന്ന്, മുഷിഞ്ഞ വസ്ത്രങ്ങൾ, വിഷാദം കലർന്ന പുഞ്ചിരിയോടെയുള്ള മുഖം.. മൂക്കുത്തിയും വട്ടപ്പൊട്ടുമൊക്കെയായി കണ്ടാൽ അറിയാം ഒരു സാധാരണ ഉത്തരേന്ത്യന്‍ വീട്ടമ്മ... ഇനി മറ്റൊരു രംഗം... നേരത്തെ കണ്ട സ്ത്രീയുടേ അതേ മുഖഛായയോടെ കുറച്ചുകൂടി ബോൾഡ് ആയൊരു പെൺകുട്ടി.. ഫാഷനബിൾ ആയ വസ്ത്രങ്ങളൊക്കെയണിഞ്ഞ് ഉഗ്രമായി മോഡലിംഗ് ചെയ്യുന്നു. രണ്ടുപേരും ഇരട്ടകളാണോയെന്നാകും ആദ്യം സംശയം തോന്നുക, പക്ഷേ ഈ രണ്ടുപേരും ഒരാൾ തന്നെയാണെന്നറിഞ്ഞാൽ അമ്പരക്കും. അതെ, കമല(യഥാർഥ പേരല്ല) എന്ന വീട്ടമ്മ ഇന്നു നാലുപേരറിയുന്ന മോഡലായിരിക്കുകയാണ് മൻദീപ് നാഗി എന്ന ഫാഷൻ ഡിസൈനറിലൂടെ..

കമലയും ഫാഷൻ ഡിസൈനർ മൻദീപും

അവൾ രണ്ടു കുട്ടികളുടെ അമ്മയാണ്... ഒരു സാധാരണ വീട്ടമ്മ.. അത്രയും പറഞ്ഞാൽ പോരാ, ജീവിതവൃത്തിക്കായി അന്യന്റെ അടുക്കളയിൽ പണി ചെയ്തു പോരുന്നവൾ... ഇന്ത്യയിലെ ഫാഷൻ രംഗത്തെ മുൻനിര ബ്രാൻഡുകളിലൊന്നായ ഷേഡ്സ് ഓഫ് ഇന്ത്യയുടെ ഡയറക്ടർ ആയ മൻദീപ് ആണ് ഗ്ലാമർ ലോകത്തെ പെൺകൊടികളോടെല്ലാം ബൈ പറഞ്ഞ് കമല എന്ന സാധാരണക്കാരിയായ യുവതിയെ തനിക്കുവേണ്ടി തിരഞ്ഞെടുത്തത്. കമല ജോലി ചെയ്യുന്ന വീടിനു സമീപത്ത് താമസിക്കാനിടയായാതാണ് അതിനെല്ലാം വഴിത്തിരിവായത്. ആ സമയത്ത് തന്റെ അടുത്ത വർക്കിനു വേണ്ടി ഒരു പെർഫെക്ട് മോഡലിനെ തപ്പി നടക്കുകയായിരുന്നു മൻദീപ്. അണിഞ്ഞൊരുങ്ങാത്ത, ക്ഷീണിച്ച് അവശയായ ആ കണ്ണുകളിലും ഇളംനിറമാർന്ന മുഖത്തിലുമെല്ലാം മൻദീപ് തന്റെ മോഡലിനെ കാണുകയായിരുന്നു. അങ്ങനെ തന്റെ സിന്നാമൺ എന്ന കളക്ഷനു വേണ്ടി മോഡലിംഗ് ചെയ്യാൻ മൻദീപ് കമലയെ ക്ഷണിച്ചു.

കമല മന്‍ദീപിന്റെ മോഡൽ ആയതിനു ശേഷം

അതൊരിക്കലും പ്രഫഷണൽ മോഡലിനെ വച്ചുള്ള ഷൂട്ടിനോളം മികവു വരില്ലെന്നു മൻദീപിന് ഉറപ്പായിരുന്നു, എങ്കിലും അവൾ തീരുമാനിച്ചു തന്റെ മോഡൽ കമല തന്നെ. തുടക്കത്തിൽ മൻദീപിന്റെ ക്ഷണത്തെ കമല നിരസിച്ചുവെങ്കിലും വീണ്ടും ആലോചിച്ച് അവൾ സമ്മതം മൂളി. തെല്ലു നാണത്തോടെയും പരിഭ്രമത്തോടെയും കമല ആദ്യമായി ക്യാമറക്കണ്ണുകൾക്കു മുന്നിൽ പോസ് ചെയ്തു. സത്യത്തിൽ അതൊരിക്കലും നാടകീയമായ പോസ് ചെയ്യൽ ആയിരുന്നില്ല മറിച്ച് കമല അവളായിത്തന്നെ നിൽക്കുകയായിരുന്നു. അതു തന്നെയായിരുന്നു മൻദീപിനും ആവശ്യം. പ്രഫഷണൽ മോഡലുകളേക്കാൾ തങ്ങളുടെ സൗന്ദര്യമെന്തെന്നു പൂർണമായും ബോധമില്ലാത്ത സ്ത്രീകള്‍ക്കൊപ്പം ജോലി ചെയ്യാനാണ് തനിക്കിഷ്ടമെന്നു പറയുന്നു മന്‍ദീപ്.