വ്യാജ പ്രൊഫൈലിൽ വന്ന് മറ്റൊരാളുടെ കഥ പറഞ്ഞ് പോയതെന്തിന്?

തികച്ചും യാദൃശ്ചികമായാണ് ലക്ഷ്മി അനിതയുടെ ഇൻബൊക്സിലെയ്ക്ക് വന്നെത്തി നോക്കിയത്. സുന്ദരിയായ ഒരു കൊച്ചു പെൺകുട്ടിയായിരുന്നു ലക്ഷ്മി. സാരി ഉടുത്ത ചിത്രങ്ങൾ, ചുരിദാർ ഇട്ടതും, ഒക്കെയായി നിരവധി ചിത്രങ്ങൾ ലക്ഷ്മി തന്റെ പ്രൊഫൈലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അനിത തനിയ്ക്ക് വന്ന സ്മൈലി കണ്ടു ആദ്യം അത്ര ശ്രദ്ധിക്കാൻ പോയിരുന്നില്ല. സ്മൈലി കൊണ്ടെറിഞ്ഞിട്ടു പോകുന്നവരെ അവൾ അത്ര ശ്രദ്ധിക്കാറുമില്ല വെറുതെ സമയം കളയുന്നതെന്തിന് എന്നാ ചിന്തയിൽ താൽപ്പര്യമുള്ള കാര്യങ്ങളിൽ ചർച്ചയുമായി വരുന്നവരെ മാത്രമേ അനിത സോഷ്യൽ മീഡിയയിൽ പ്രോത്സാഹിപ്പിചിരുന്നുമുള്ളൂ.

എന്നാൽ ലക്ഷ്മിയുടെ ചിത്രത്തിൽ എവിടെയോ ഒരു പരിചിതത്വം തോന്നിയ അനിത ആ പ്രൊഫൈൽ എടുത്തു നോക്കുക തന്നെ ചെയ്തു. ധാരണ തെറ്റായില്ല, ലക്ഷ്മി ഒരു ട്രാൻസ്ജെന്റർ ആണ്. ലൈംഗിക ന്യൂനപക്ഷങ്ങല്ക്ക് നൽകേണ്ടുന്ന അവകാശങ്ങളെ കുറിച്ചും അവർ അനുഭവിയ്ക്കുന്ന ദുരവസ്ഥകലെ കുറിച്ചും താൻ ചെയ്ത ഫീച്ചറുകളിലൊന്നിൽ അപ്പോൾ വെറുതെ ഓടിച്ചു വായന ചെയ്യുകയായിരുന്നു അനിത. ആ സമയം തന്നെ ലക്ഷ്മിയുടെ മെസ്സേജ് വന്നത് അവളെ അതിശയിപ്പിക്കുക കൂടി ചെയ്തു. തിരികെ ഒരു സ്മൈലി അയക്കാതെ ഇരിക്കുന്നതെങ്ങനെ? അനിതയുടെ സ്മൈലികൾക്കും ചോദ്യത്തിനും പിന്നീട് മറുപടികൾ ശരവേഗത്തിൽ വന്നുകൊണ്ടേയിരുന്നു.

ലക്ഷ്മി മലയാളിയാണ്. 12 വയസ്സ് വരെ ആൺ കുട്ടിയായി ജീവിച്ച ഉള്ളിലെ പെൺ മോഹങ്ങളേ ഓർത്ത് കരഞ്ഞവൻ. ആരോട് പറയും ഉള്ളിലെ മോഹങ്ങള. പറഞ്ഞാൽ ആരു വിശ്വസിയ്ക്കും. വളർന്നു കല്ലിച്ചു നില്ക്കുന്ന മാറിടത്തിന്റെ ചെറിയ മുഴുപ്പിലെയ്ക്ക് നോക്കി അന്ന് അവളിലെ അവൻ കരഞ്ഞിരുന്നു. അയാൾ വീട്ടിലെ ചേട്ടൻ വിളിച്ചു കൊണ്ട് പോയി പലതും ചെയ്തു കൂട്ടുമ്പോൾ അവനിലെ അവൾക്കു അയാളോട് പ്രണയമായിരുന്നു. വിവാഹിതനായിരുന്നിട്ടും പിന്നീട് അയാളെ അവൾ പ്രണയിക്കുക തന്നെ ചെയ്തു. വർഷങ്ങൾ. ആൺവേഷത്തിനടിയിൽ അവളിലെ പെണ്ണത്തം ഭീകരമായി പുറത്തു വരിക തന്നെ ചെയ്തു. താൻ പെണ്ണ് തന്നെയാണെന്ന് ഉറപ്പിയ്ക്കാൻ ആ കൌമാരക്കാരന് ആ പ്രണയം സഹായിച്ചു എന്ന് പറയാം. പക്ഷേ വീട്ടിൽ പിടിച്ചതോടെ വാർത്തയായി, ആണും പെണ്ണും കെട്ടവനെ ശപിച്ചു നോവിച്ചു വീട്ടുകാരെങ്കിൽ അവളെ ശരീരം മാത്രമായും ലൈംഗികതയ്ക്ക് മാത്രമായി സൃഷ്ടിക്കപ്പെട്ട "മുതൽ " മാത്രമായി നാട്ടുകാരും കണ്ടു.

തീരെ മടുത്തപ്പോഴാണ് അവൾ ബാംഗലൂർക്ക് വണ്ടി കയറിയതത്രേ. ഇപ്പോൾ ലക്ഷ്മി സ്വന്തം കാര്യം സ്വയം നോക്കുന്നു. ജീവിതം ഒറ്റയ്ക്ക് ജീവിക്കുന്നു. സാരി ഉടുക്കുന്നു, ആഭരണങ്ങൾ ധരിയ്ക്കുന്നു, കേരളത്തിലെയ്ക്കെന്നു കേട്ടാല മുഖം കലക്കുന്നു...

അനിതയ്ക്ക് ലക്ഷ്മിയെ അവിശ്വസിയ്ക്കാൻ തോന്നിയില്ല. ഇത്തരം ഒരു കഥ എന്തിനു നുണയായി പറയണം? തുടർന്ന് അനിതയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ലക്ഷ്മി അവളുടെ ജീവിത കഥ അക്ഷരങ്ങളാക്കാൻ തീരുമാനിച്ചത്. ഒടുവിൽ പാതിവഴിയിൽ രിക്കൽ കഥ നിരത്തി ലക്ഷ്മി അപ്രത്യഷ ആകുക തന്നെ ചെയ്തു. ഏറ്റവും പ്രിയപ്പെട്ടവനോപ്പം താൻ ജീവിയ്ക്കാൻ പോവുകയാണ് എന്ന ഒരു മറുപടിയ്ക്കപ്പുറം അനിത അവളെ തിരഞ്ഞെങ്കിലും വലിയൊരു നിശബ്ദത ഒരുക്കിയാണ് അവൾ മറഞ്ഞത്. പലരുടെ കഥകൾ കേട്ടതും അറിഞ്ഞതും അനിതയോർത്തു, എന്ത് നിയോഗമായിരുന്നു ലക്ഷ്മിയിൽ തനിയ്ക്ക് ഉണ്ടായിരുന്നതെന്നവൾ ആശ്ചര്യപ്പെട്ടു. പിന്നെ ഓർമ്മകളിൽ നിന്ന് അവൾ എപ്പോഴോ മായ്ഞ്ഞു പോയി.

രണ്ടു വർഷങ്ങൾക്കിപ്പുറം ഫെയ്സ്ബുക്കിലെ ചൂടേറിയ ചർച്ചയ്ക്കിടയിൽ "എനിയ്ക്ക് നിങ്ങളോട് ഒന്ന് സംസാരിയ്ക്കണം, filtered ചാറ്റ് ഒന്ന് നോക്കുമോ?" പ്രിയ എന്നാ പേര് ഒന്നും ഓർമ്മിപിക്കുന്നില്ല, ആരെയും ഒര്മ്മിപ്പിക്കുന്നില്ല... എങ്കിലും അനിത മെസ്സേജ് തുറന്നു നോക്കി. " നിങ്ങൾ ഈ പ്രസിദ്ധീകരിച്ചിരിയ്ക്കുന്ന കഥ എന്റെ ബ്ലോഗിലെതാണ്. അത് എന്റെ കഥയാണു" പണ്ട് ലക്ഷ്മി തന്ന അവളുടെ ജീവിത കഥയുടെ ലിങ്കാണ് പ്രിയ വച്ച് നീട്ടുന്നത്. ചോദ്യചിഹ്നങ്ങൾക്ക് മുകളില ഫോൺ നമ്പരുകൾ കൈമാറുമ്പോൾ അനിതയുടെ മനസ്സ് നിറയെ ആധികളായിരുന്നു. ഫോണിലെ കുഴഞ്ഞ പെൺ നാദം പ്രിയയുടെതായിരുന്നു. "നിങ്ങളെ ആരോ പറ്റിച്ചതാണ്. ആ കഥ എന്റെതാണ് വർഷങ്ങൾക്കു മുൻപ് എന്റെ ബ്ലോഗിൽ ഞാൻ എഴുതിയത് ഒട്ടും വ്യത്യാസം ഇല്ലാതെ പേര് മാറ്റി ചിത്രവും മാറ്റി കൊടുത്തിരിയ്ക്കുന്നു."

അനിതയ്ക്ക് തനിയ്ക്ക് ചുറ്റുമുള്ള ഭൂമി കറങ്ങുന്നത് പോലെ തോന്നി. പേര് മാറ്റി എഴുതിയത് അച്ചടിച്ചു എന്നതിലല്ല ഇത്തരം ഒരു കാര്യത്തിൽ താൻ എന്തിനു പറ്റിയ്ക്കപ്പെട്ടു എന്നവൾക്ക് മനസ്സിലായില്ല. തന്റെ കഥ പേരുമാറ്റി അച്ചടിയ്ക്കപ്പെട്ടതിൽ പ്രിയയ്ക്ക് പരിഭവമില്ലായിരുന്നെങ്കിൽ പോലും അനിത നിന്ന് പുകഞ്ഞു. ആരായിരുന്നു അത്....

കയ്യിലുണ്ടായിരുന്ന ചിത്രം വച്ച് ഗൂഗിളിൽ തിരഞ്ഞപ്പോൾ മുംബൈയിലുള്ള ഒരു ട്രാൻസ്ജെന്ററിന്റെ ചിത്രമാണത്. ഇങ്ങനെയൊരു വിഷയത്തിൽ താൻ എന്തിനു പറ്റിയ്ക്കപ്പേടണം എന്ന് അനിതയ്ക്ക് ഒരിക്കലും മനസ്സിലായതേയില്ല. ഇപ്പോഴും അവൾ തിരയാറുണ്ട് ലക്ഷ്മി എന്ന് പേരുള്ള ആ ഫെയ്സ്ബുക്ക് ഐ ഡി. മറ്റൊന്നും അറിയണ്ട സെക്സ് ചാറ്റ് കൊണ്ടോ, പണം ആവശ്യപ്പെട്ടോ പ്രണയം പറഞ്ഞോ ഒന്നും അവളെ ബുദ്ധിമുട്ടിയ്ക്കാതെ എന്തിനായിരുന്നു ഇത്തരമൊരു നാടകം എന്ന് ചോദിയ്ക്കുവാൻ വേണ്ടി മാത്രം.