പ്രണയത്തിന് അഞ്ച് ഘട്ടങ്ങൾ‍; കാലിടറുന്നത് മൂന്നാം ഘട്ടത്തിൽ!

മനസ്സിൽ പ്രണയം തോന്നുക എന്നത് നിസ്സാരമായ കാര്യമല്ല. എന്തുകൊണ്ടെന്നാൽ, പ്രണയം എന്നത് ആണിനും പെണ്ണിനും പരസ്പരമുള്ള ഒരു ആകർഷണം മാത്രമല്ല. കൗമാരകാലം മുതൽ മേൽപ്പറഞ്ഞ രീതിയിലുള്ള ഹ്രസ്വവും ദീർഘവുമായ നിരവധി ആകർഷണങ്ങൾ സ്ത്രീക്കും പുരുഷനും ഉണ്ടാകാം. അതിൽ നിന്നും എന്നും ഒരുപടി മുന്നിലാണ് ജീവിതഗന്ധിയായ പ്രണയം എന്ന വികാരത്തിനുള്ള സ്ഥാനം. പ്രണയം മനുഷ്യന് ചിന്തിക്കാനുള്ള കഴിവ് ഇല്ലാതാക്കും എന്ന് ഒരു വിഭാഗം ജനങ്ങൾ വാദിക്കുന്നു. പ്രണയത്തിന് കണ്ണില്ല, പ്രണയം കൊണ്ട് അന്ധയായി തുടങ്ങിയ പ്രയോഗങ്ങൾ അതിനെ ശരിവയ്ക്കുകയും ചെയ്യുന്നു. 

കാര്യമെന്തുതന്നെയായാലും മനുഷ്യർ ഉണ്ടായ കാലഘട്ടം മുതൽ പ്രണയവും ഈ ഭൂമിയുടെ ഭാഗമായിരുന്നു. പ്രണയം മനുഷ്യമനസ്സിന്റെയും ശരീരത്തിന്റെയും ഒരുപോലെയുള്ള അനിവാര്യതയാണ്. ലോക പ്രശസ്ത മനശാസ്ത്രജ്ഞനായ ഡോ: ജേഡ് ഡയമണ്ടിന്‍റെ ഗവേഷണ നിഗമനങ്ങള്‍ പ്രകാരം പ്രണയത്തിന് പ്രധാനമായും 5  ഘട്ടങ്ങൾ ഉണ്ടെന്നാണ്. ഒന്നും രണ്ടും ഘട്ടങ്ങൾ കമിതാക്കൾ എളുപ്പത്തിൽ മറികടക്കുന്നു. പ്രണയത്തിന്റെ മൂന്നാം ഘട്ടത്തിലാണ് പലർക്കും കാലിടറുന്നത്. പ്രണയത്തിന്റെ ആ 5  ഘട്ടങ്ങളെ ഒന്ന് വിശകലനം ചെയ്യാം 

ഘട്ടം 1  - പരസ്പരം സ്വപ്നങ്ങളും പ്രതീക്ഷകളും ആകുന്നു
രണ്ടു വ്യക്തികൾ പരസ്പരം കണ്ടു മനസ്സിലാക്കിയ ശേഷം, അവരുടെ ഇഷ്ടങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് പ്രണയത്തിലേക്ക് കടക്കുന്ന ഘട്ടമാണിത്. താൻ തെരെഞ്ഞെടുത്ത പ്രണയിനി അല്ലെങ്കിൽ പ്രണയിതാവാണ് ഈ  ലോകത്തിൽ ഏറ്റവും മികച്ചതെന്നവർ വിശ്വസിക്കുന്നു. ശരീരത്തിൽ  ഓക്സിടോസിന്‍, സേരാടോണിന്‍, ഡോപ്പമിന്‍ ഹോര്‍മോണുകളുടെ ഉല്‍പ്പാദനം വര്‍ദ്ധിക്കുന്നത് ഈ ഘട്ടത്തിലാണ്. ചുറ്റുമുള്ളതൊന്നും കാണാൻ കഴിയില്ല എന്ന അവസ്ഥയിലേക്ക് അനുരാഗം കത്തിപ്പടരുന്നു. മനുഷ്യന് പുറമെ എല്ലാ ജീവികളിലും ഇത്തരമൊരു പ്രണയഘട്ടം ഉണ്ടാകും എന്ന് ഗവേഷകൻ പറയുന്നു.

ഘട്ടം 2  - ജീവിതം പങ്കുവച്ച്, ഒരുമിച്ച്
ഏറെ റൊമാൻറിക്കായ ആദ്യ ഘട്ടത്തിന് ശേഷം ഒരുമിച്ചു മുന്നോട്ടു പോകാം എന്ന തീരുമാനം എടുക്കുകയാണ് രണ്ടാം ഘട്ടത്തിൽ. പ്രണയത്തെ പ്രായോഗികമാക്കുന്നത് ഇവിടെയാണ്. കുടുംബം എന്ന സ്വപ്നം ഇവിടെ യാഥാർഥ്യമാകുന്നു. വീട്, കുട്ടികൾ, ജീവിതം, നേട്ടങ്ങൾ അങ്ങനെ ലക്ഷ്യബോധത്തോടെ ഈ ഘട്ടത്തിൽ ജീവിതം മുന്നോട്ടു പോകുന്നു. ഭാവിയെക്കുറിച്ചുള്ള ആശങ്കയുണ്ടെങ്കിലും ശാരീരികവും മാനസികവുമായി പങ്കാളികൾ ഏറെ സംതൃപ്തരാകുന്ന കാലമാണിത്.

ഘട്ടം 3  - നിര്‍ണ്ണായകഘട്ടം 
ഒന്നും രണ്ടും ഘട്ടങ്ങൾ എളുപ്പത്തിൽ കളിച്ചുചിരിച്ചങ്ങു പോകും, എന്നാൽ മൂന്നാം ഘട്ടമായ നിർണ്ണായകഘട്ടം ഒന്നാമത്തെയും രണ്ടാമത്തെയും ഘട്ടങ്ങളെ പോലെ അത്ര എളുപ്പമല്ല. തങ്ങളുടെ തെരെഞ്ഞെടുപ്പിൽ തെറ്റു പറ്റിയോ എന്നു ചിന്തിച്ചുതുടങ്ങുന്നത് ഇവിടെയാണ്. എന്തിനും കുറ്റം, വഴക്ക്. പരസ്പരം സുരക്ഷിതത്വം ഇല്ലായ്മ, വിശ്വാസത്തകര്‍ച്ച, എന്നിവ ഈ കാലഘട്ടത്തിൽ ഉണ്ടാകുന്നു. പല പ്രണയബന്ധങ്ങൾക്കും അവസാനമാകുന്നത് ഈ  ഘട്ടത്തിലാണ്. ഈ ഘട്ടം വിജയകരമായി മറികടക്കാൻ കഴിഞ്ഞാൽ പിന്നീടുള്ള കാലം മനോഹരമായിരിക്കും എന്ന് ഗവേഷകൻ പറയുന്നു. 

ഘട്ടം 4  - യഥാര്‍ത്ഥ പ്രണയത്തിന്‍റെ കാലം
മൂന്നാമത്തെ ഘട്ടത്തിൽ നിന്നും ആർജിച്ചെടുത്ത അനുഭവത്തിന്റെ വെളിച്ചത്തിലാണ് നാലാം ഘട്ടം മുന്നോട്ടു പോകുന്നത്. പരസ്പരമുള്ള ആശയക്കുഴപ്പങ്ങൾ, കുറവുകൾ എന്നിവ പരിഹരിച്ച് മുന്നോട്ടു പോകുന്നത് ഈ ഘട്ടത്തിലാണ്. നഷ്ടപ്പെട്ട സ്നേഹം, വിശ്വാസം എന്നിവ ഈ ഘട്ടത്തിൽ തിരിച്ചു വരുന്നു. കൂടുതൽ ആഴത്തിലും പക്വതയോടെയും ബന്ധങ്ങളെ കാണാൻ ഈ ഘട്ടം പ്രണയിതാക്കളെ പഠിപ്പിക്കുന്നു. 

ഘട്ടം 5  - ലോകത്തെ പ്രണയിച്ചു തുടങ്ങാം
പരസ്പരമുള്ള പ്രണയം, വിശ്വാസം എന്നിവയിൽ അഞ്ചാം ഘട്ടത്തിൽ പൂർണത കൈവരുന്നു. ആ സ്നേഹം പ്രണയിതാക്കളിൽ നിറഞ്ഞു ചുറ്റുമുള്ളവരിലേക്കും കൂടി വ്യാപിക്കുന്നു. പങ്കാളികൾ ഒരുമിച്ച്, ഒരേ മനസോടെ നല്ല പ്രവൃത്തികളിൽ ഏർപ്പെടുന്നത് ഇ കാലഘട്ടത്തിലാണ്. ഒരുപാട് കാലത്തെ പ്രണയം വിശ്വാസം എന്നിവയുടെ നിറവിൽ പ്രണയം അർത്ഥപൂര്‍ണമാകുന്നത് ഈ ഘട്ടത്തിലാണ്.