ഒരു പെൺപാവയെ ഇത്രയധികം പ്രണയിക്കാമോ?

പ്രണയം ആരോടൊക്കെ ആകാം? എതിർലിംഗത്തിനോട്, ഒരേ ലിംഗത്തിൽ പെട്ടവരോട്? മൃഗങ്ങളോട്? മരത്തോട്...... പിന്നെ...?

നാളുകളേറെയായി തന്റെ പ്രിയപ്പെട്ടവളായ ജെന്നിയോടൊപ്പം താമസിക്കുന്ന ഡിർക്ക് ആണു ചോദിക്കുന്നത്. ഡിർക്കിന്റെ ജെന്നി പക്ഷേ പെണ്ണല്ല, ആണുമല്ല, മൃഗമോ മനുഷ്യനോ എന്തിനു ജീവനുള്ള ഒന്നുമല്ല, പകരം സിലിക്കോൺ ശരീരമുള്ള ഒരു പാവയാണ്. അതിമനോഹരിയും കൂടിയാണ് ജെന്നി എന്ന ഡിർക്കിന്റെ ഭാര്യ എന്ന് കൂടി അറിയുമ്പോഴോ? പ്രശസ്ത ജർമ്മൻ ഫോട്ടോ ജേർണലിസ്ടായ സാന്ദ്ര ഹോയൻ ആണു ഡിർക്കിന്റേയും ജെന്നിയുടെയും ജീവിതം തന്റെ ചിത്രങ്ങൾക്കൊപ്പം തന്റെ ബ്ലോഗിലൂടെ ലോകത്തെ അറിയിച്ചത്. ഇത്തരം നിരവധി ചിത്രങ്ങളിലൂടെ ഒരു കഥ പറഞ്ഞു തരുന്ന രീതിയാണ് സാന്ദ്ര വർഷങ്ങളായി പിന്തുടരുന്നത്. അത്തരം ഒരു അനുഭവമാണ് ഡിർക്കിന്റെ പ്രണയ കഥയും. 

ജെന്നി ഒരു സിലിക്കോൺ പാവയാണ്. പെണ്ണിന്റെ ഉടലുകളും അഴകളവുകളും കൃത്യമായുള്ള എന്നാൽ ചിന്തയോ ആത്മാവോ ഇല്ലാത്ത ഒരു പെൺ പാവ. പക്ഷേ ഡിർക്കിനു അവൾ ആത്മാവുള്ളവൾ തന്നെയാണ്. അയാൾക്ക്‌ മാത്രം മനസ്സിലാകുന്ന ഭാഷയിൽ അവൾ എന്നും സംസാരിക്കും, പ്രണയം പങ്കു വയ്ക്കും. കഴിഞ്ഞ ഒരു വർഷത്തിലധികമായി അവർ ഭാര്യാ-ഭർത്താക്കന്മാരായി ജീവിക്കുന്നു. വിവാഹത്തിന്റെ ഒന്നാം വാർഷിക സമ്മാനമായി ഹൃദയത്തിന്റെ ആകൃതിയുള്ള ഒരു പെന്റന്റാണ് ഡിർക്ക് സമ്മാനിച്ചത്‌ , അത് ജെന്നിയുടെ കഴുത്തിൽ നിന്ന് പിന്നീട് മാറ്റപ്പെട്ടിട്ടില്ല. ഡിർക്കിന്റെ പ്രണയ പ്രതീകമായി ജെന്നിയുടെ മൃദുവാർന്ന ഉടലിൽ അത് പറ്റിപ്പിടിച്ചു കിടപ്പുണ്ട്.

ഒരു ഭാര്യയോടു എങ്ങനെയൊക്കെ സ്നേഹം പ്രകടമാക്കാമോ അത്തരത്തിലെല്ലാം ജെന്നിയെ ഡിർക്ക് സ്നേഹിക്കുന്നുണ്ട്. തലച്ചോറും വൈകാരികതയും ഒന്നും ഇല്ലാത്ത ജെന്നി മറ്റൊരു ലോകത്തിലെ പെൺകുട്ടിയാണെന്ന് തന്നെ ഡിർക്ക് വിശ്വസിക്കുന്നു. അവളെ എന്നും തന്നോട് ചേർത്ത് പിടിക്കുന്നു. ജെന്നി ജീവിതത്തിലേയ്ക്ക് വരുന്നതിനു മുൻപ് തകർന്നു പോയ ഒരു ജീവിത കഥ പറയാനുണ്ട് ഡിർക്കിന്. ആദ്യ ഭാര്യയോടു പ്രണയത്തിനു വേണ്ടി നിരന്തരം കലഹിച്ചിരുന്ന ഒരു ഭർത്താവായിരുന്നു ഡിർക്കെങ്കിൽ ജെന്നിയിൽ നിന്ന് അത് അളവിലധികം ലഭിക്കുന്ന ആളാണ്‌ ഇപ്പോൾ ഡിർക്ക്.

ജെന്നി ജീവിതത്തിലേയ്ക്ക് വന്നതിനു ശേഷം തന്റെ ജീവിതം അടിമുടി മാറിയെന്നു ഡിർക്ക് പറയുന്നു. 50 കിലോ ഭാരമുള്ള ജെന്നിയ്ക്ക് സഞ്ചരിയ്ക്കാൻ ഒരു വീൽചെയർ വാങ്ങി വച്ചിരിക്കുകയാണ് ഡിർക്ക്. ആരുടേയും ശരീരം പൂർണമല്ലെന്നു ഡിർക്ക് പറയുന്നു. ജെന്നിയുടെ സിലിക്കൺ ശരീരവും തൊലി ഇളകി പോയി തുടങ്ങിയിട്ടുണ്ട്, എന്നാൽ അത്തരം കാഴ്ചകളൊന്നും ജെന്നിയോടുള്ള പ്രണയം നഷ്ടപ്പെടാൻ ഡിർക്കിനു ഒരു കാരണമല്ല. പ്രണയമില്ലാതെ ഇവർക്ക് പരസ്പരം ജീവിക്കാനാകില്ല. തമ്മിൽ സംസാരിക്കാതെ ദിവസങ്ങൾ തള്ളി നീക്കാനുമാവില്ല. ജെന്നിയോടു എന്നും ഡിർക്ക് തന്റെ സ്വപ്‌നങ്ങൾ പറയും, പ്രണയം പങ്കു വയ്ക്കും. ജെന്നിയും ഡിർക്കിനു മാത്രം മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കും. എന്നും വൈകിട്ട് അവർ ഒന്നിച്ചിരുന്നു ടിവി കാണും. ഉച്ചമയക്കത്തിലും ഡിർക്കിനു ജെന്നിയെ കെട്ടിപ്പിടിച്ചു കിടക്കണം. അവളില്ലാതെ ഒരു നിമിഷം പോലും വയ്യാത്ത പോലെ.

ബൌദ്ധികമായി ചിന്തിക്കുന്നവർക്ക് ഡിർക്കിന്റെ പ്രണയം ഭ്രാന്താണെന്ന് തോന്നാം. പക്ഷേ പ്രണയത്തിന്റെ ഒരു കടൽ വേണമെന്ന് ആഗ്രഹമുള്ള ഡിർക്ക് തന്നോട് വഴക്ക് കൂടാത്ത എപ്പോഴും സ്നേഹം മാത്രം നൽകുമെന്ന് വിശ്വസിക്കുന്ന ഒരു സ്ത്രീയോടൊപ്പം കഴിയാനാഗ്രഹിക്കുന്നു. ഡിർക്കിനു ജെന്നി മാത്രമാണു അനുയോജ്യ. തിരികെ വൈകാരികമായി പോലും സ്നേഹിക്കാൻ കഴിയുന്ന സ്ത്രീകൾ ഉള്ളപ്പോൾ അവരെ നിഷ്കരുണം ഉപദ്രവിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന ഭർത്താക്കന്മാർക്ക് ഒരു അപവാദമാണ് ഡിർക്ക് എന്ന ഈ ചെറുപ്പക്കാരൻ. ജെന്നിയേയും കൂട്ടി ഒരു സിനിമയ്ക്ക് പോകണമെന്നതാണ് ഡിർക്കിന്റെ ഏറ്റവും വലിയ മോഹങ്ങളിൽ ഒന്ന്, പക്ഷേ പുറത്തെ ലോകം ഒരിക്കലും അവളെ സ്വീകരിക്കില്ലെന്ന് അറിയുന്ന ഡിർക്ക് അത്തരം ഒരു പരിഹാസ്യ ലോകത്തേയ്ക്ക് ജെന്നിയെ കൊണ്ട് പോകാനും ആഗ്രഹിക്കുന്നില്ല. ഡിർക്കും ജെന്നിയും അവരുടെതായ ലോകത്ത് സന്തോഷത്തോടെ അടിച്ചു പൊളിച്ചു ജീവിക്കുകയാണ്.