ലിവിംഗ് ടുഗതര്‍ ബന്ധങ്ങളിലുണ്ടാകുന്ന കുട്ടികള്‍ സന്തോഷവാന്‍മാരാകുമോ?

Representative Image

എത്തരത്തിലുള്ള മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികളായിരിക്കും കൂടുതല്‍ സന്തോഷവാന്‍മാര്‍? വിവാഹിതരായവരുടെ കുട്ടികള്‍ക്കാണോ, അതോ അവിവാഹിതരായവരുടെ കുട്ടികള്‍ക്കാണോ സംതൃപ്തിയും ജീവിതവിജയവും പെട്ടെന്ന് നേടാന്‍ സാധിക്കുക. മാതാപിതാക്കളുടെ മരിട്ടല്‍ സ്റ്റാറ്റസ് ജനിക്കുന്ന കുട്ടികളില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നുണ്ടോ? ഉണ്ടെന്ന് പറയുന്നു പുതിയ പഠനങ്ങള്‍. മുമ്പ് നടന്ന പഠനങ്ങള്‍ പറഞ്ഞിരുന്നത് മാതാപിതാക്കളുടെ വൈവാഹിക വൈവാഹികേതര ബന്ധങ്ങളൊന്നും ജനിക്കുന്ന കുട്ടികളെ അധികം ബാധിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു. മാതാപിതാക്കളോ അല്ലെങ്കില്‍ സ്ത്രീ ഒറ്റയ്‌ക്കോ പുരുഷന്‍ ഒറ്റയ്‌ക്കോ കുട്ടിയെ എങ്ങനെ വളര്‍ത്തുന്നു എന്നത് മാത്രമാണ് പ്രധാനമെന്ന വാദങ്ങളെ തള്ളിക്കളയുകയാണ് പുതിയ പഠനങ്ങള്‍.

എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന മാര്യേജ് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ പഠനം പറയുന്നത് ഔദ്യോഗികമായി വിവാഹം കഴിച്ച സ്ത്രീക്കും പുരുഷനുമുണ്ടാകുന്ന കുട്ടികള്‍ കൂടുതല്‍ സന്തോഷവന്‍മാരും ആത്മവിശ്വാസമുള്ളവരുമായിരിക്കുമെന്നാണ്. ടീനേജ് പ്രായത്തില്‍ കുട്ടികള്‍ അച്ഛനമ്മമാരുടെ മരിറ്റല്‍ സ്റ്റാറ്റസിനെക്കുറിച്ച് കൂടുതല്‍ ബോധവാന്‍മാരുകമത്രെ. ഔദ്യോഗികമായി കല്ല്യാണം കഴിച്ച മാതാപിതാക്കള്‍ക്കുണ്ടാകുന്ന ആണ്‍കുട്ടികള്‍ക്ക് ടീനേജ് പ്രായത്തില്‍ വളരെ ഉയര്‍ന്ന ആത്മവിശ്വാസമുണ്ടാുമെന്നും പഠനം പറയുന്നു. 

കുട്ടികളുടെ ജീവിതത്തിലുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളും മാനസിക സംഘര്‍ഷങ്ങളുമെല്ലാം കുറയാന്‍ മികച്ച ബന്ധം പുലര്‍ത്തുന്ന കുടുംബം ഇടയാക്കുമെന്നും പഠനം പറയുന്നുണ്ട്. അതേസമയം ലിവിംഗ് ടുഗതര്‍ പോലുള്ള ബന്ധങ്ങളിലുണ്ടാകുന്ന കുട്ടികള്‍ക്കും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്കും ആത്മവിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും കാര്യത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്നാണ് മാനസികരോഗ വിദഗ്ധര്‍ പറയുന്നത്. 

മാത്രമല്ല പബ്ലിക്കായി തങ്ങള്‍ പരസ്പരം കമ്മിറ്റഡാണെന്നുള്ള സ്ത്രീയുടെയും പുരുഷന്റെയും പ്രഖ്യാപനം വലിയ ആത്മവിശ്വാസവും ഊര്‍ജ്ജവുമാണ് അവരുടെ കുട്ടികളില്‍ നിറയ്ക്കുന്നത്. മാതാപിതാക്കളുടെ സാമൂഹ്യ സ്വീകാര്യത വലിയ തോതില്‍ ഓരോ കുട്ടിയുടെയും സ്വഭാവരൂപീകരണത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ഇന്ത്യന്‍ കുടുംബബന്ധങ്ങളുടെ പ്രാധാന്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്ന് ബംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മനശാസ്ത്ര വിദഗ്ധ ശ്രീദേവി ചൂണ്ടിക്കാണിക്കുന്നു. 

സ്‌കൂള്‍, കളിസ്ഥലങ്ങള്‍ തുടങ്ങി ഒരു കുട്ടി ഇടപെടുന്ന സാമൂഹ്യ ചുറ്റുപാടുകളില്‍ അവന്റെ മാതൃത്വത്തിനും പിതൃത്വത്തിനും വലിയ പങ്കുവഹിക്കാനുണ്ടെന്നാണ് ഇന്ന് മനശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടുതന്നെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ എല്ലാം അറിഞ്ഞ്, പരസ്പരം ചേരുന്നതാണോ, സമാനചിന്താഗതിക്കാരാണോ എന്നെല്ലാം ശരിയായി വിലയിരുത്തുക. വിവാഹ ബന്ധം വേര്‍പിരിയുന്നതും സന്തുഷ്ടകരമല്ലാത്ത വിവാഹ ബന്ധവുമെല്ലാം കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് എപ്പോഴും ഓര്‍ക്കുക.