25 വർഷത്തിനു ശേഷം മകൻ അമ്മയെ കണ്ടെത്തി, സിനിമയെ വെല്ലും ട്വിസ്റ്റ്!

ഹിന്ദി സിനിമകളിലൊക്കെ നമ്മൾ കണ്ടിട്ടില്ലേ സഹോദരന്മാരും അമ്മയും പണ്ട് പാടിയുറക്കിയ പാട്ട് ഒരേപോലെ പാടി കണ്ടുമുട്ടുന്നതും മറുക് കണ്ടും ലോക്കറ്റ് കണ്ടുമൊക്കെ തിരിച്ചറിയുന്നതുമൊക്കെയുള്ള കഥകൾ. ഇവിടെ ഇതാ ഒരു മകൻ 25 വർഷങ്ങൾക്കു ശേഷം അമ്മയെ കണ്ടെത്തിയിരിക്കുന്നു ഗൂഗിൾ എർത്തിലൂടെ.

സിനിമക്കഥപോലെയുള്ള സംഭവബഹുലമായ കഥയുടെ തുടക്കമിങ്ങനെ. അമ്മയ്ക്കും സഹോദരനുമൊപ്പമുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ ഇടയ്ക്കുള്ള സ്റ്റേഷനിൽ അവരോടൊപ്പം അഞ്ചുവയസ്സുകാരനായ സാരൂ ഇറങ്ങുന്നു. ക്ഷീണത്തെ തുടർന്ന് അടുത്തുകണ്ട ബഞ്ചിൽ കിടന്ന് ഉറങ്ങി, ആ ഉറക്കം സാരുവിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. ഉണർന്നെഴുന്നേറ്റപ്പോൾ ചേട്ടനേയും അമ്മയേയും കണ്ടില്ല, മുന്നിൽ കണ്ട ട്രെയിനിൽ അവരുണ്ടാകുമെന്ന് കരുതി കയറി, എന്നാൽ അവരെ കണ്ടുപിടിക്കാനാവാതെ ആ ബാലൻ തളർന്ന് ഉറങ്ങി. 14 മണിക്കൂർ നീണ്ട ഉറക്കത്തിനു ശേഷം സാരു ഉണർന്നത് കൽക്കട്ടയിൽ- ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ നഗരത്തിൽ.

നഗരത്തിൽ അലഞ്ഞുതിരിഞ്ഞ സാരു ഒരു ഭിക്ഷാടന സംഘത്തിനൊപ്പം ചേരുന്നു, തെരുവിൽ അലഞ്ഞു നടന്ന കുട്ടിയെ ആരൊക്ക‌െയോ അനാഥാലയത്തിൽ എത്തിച്ചു. അനാഥാലയത്തിൽ നിന്നും അവനെ താൻസ്മാനിയൻ സ്വദേശികളായ ദമ്പതികൾ ദത്തെടുത്തു. തെരുവിൽ നിന്നും കൊട്ടാരസമാനമായ വീട്ടിലെത്തിയിട്ടും അമ്മയെ കാണണമെന്ന ആഗ്രഹം സാരുവിന്റെ മനസ്സിൽ നിന്നും മാഞ്ഞില്ല. അവനോടൊപ്പം ആഗ്രഹവും വളർന്നു.

കൽക്കട്ടയിൽ നിന്നും 14 മണിക്കൂർ ദൂരെയുള്ള സ്ഥലങ്ങളെല്ലാം അവൻ ഗൂഗിൾ എർത്തിൽ തിരഞ്ഞുകൊണ്ടേയിരുന്നു, തിരച്ചിലിനൊടുവിൽ അവസാനം ഗൂഗിൾ എർത്ത് അവന്റെ അന്വേഷണം മധ്യപ്രദേശിലെ ഗാണ്ഡ്വ ജില്ലയിൽ എത്തിച്ചു. ഗൂഗിൾ എർത്തിലൂടെ താൻ കളിച്ചുവളർന്ന വെള്ളച്ചാട്ടവും ഗണേശ് മന്ദിറുമെല്ലാം സാരൂ കണ്ടെത്തി, ഒട്ടും വൈകാതെ ഗാണ്ഡ്വായിലെ വീട്ടിലേക്ക്.

വീട്ടിന്റെ മുന്നിൽ എത്തിയപ്പോൾ ഒരു നിമിഷം പ്രതീക്ഷകളെല്ലാം അസ്തമിച്ചു, വീട് പൂട്ടിയിട്ടിരിക്കുന്നു, പഴയ ഓർമകളിൽ കുടുംബപേര് തങ്ങിനിൽപ്പുണ്ടായിരുന്നു, അത് വഴിയിൽ പരിചയപ്പെട്ട ഒരാളോട് പറഞ്ഞപ്പോൾ അയാൾ കൃത്യമായി സാരുവിനെ അമ്മയുടെ അടുത്ത് എത്തിച്ചു. അഞ്ചുവയസ്സിൽ കാണാതാകുമ്പോൾ 34 വയസ്സുകാരിയായ സുന്ദരിയായ അമ്മയായിരുന്നില്ല ഇത്തവണ സാരുവിനെ കാത്തിരുന്നുത്. മകനെ കാണാത്ത ദുഖവും ജീവിതത്തിലെ ദുരിതങ്ങളുമൊക്കെ അവരെ കൂടുതൽ വൃദ്ധയാക്കിയിരുന്നു. സാരുവിനെ കാണാതായി രണ്ടു മാസങ്ങൾക്കു ശേഷം അപ്രതീക്ഷമായി ചേട്ടന്റെ ദുരൂഹമരണവുമെല്ലാം അമ്മയെ തളർത്തിയിരുന്നു. എങ്കിലും അടുത്തുള്ള ഒരു കൈനോട്ടക്കാരൻ പറഞ്ഞിരുന്നു കാണാതായ മകൻ തിരികെ വരുമെന്ന്, ആ പ്രതീക്ഷയായിരുന്നു അമ്മയെ ജീവിക്കാൻ പ്രേരിപ്പിച്ചത്. ഓരോ രാത്രിയും സ്വപ്നത്തിൽ മകൻ വരുമായിരുന്നു, സാരുവിനും അതുപോലെ തന്നെയായിരുന്നു അമ്മയേക്കുറിച്ചുള്ള ചിന്തകൾ 25 വർഷത്തെ ഉറക്കത്തെ ശല്ല്യപ്പെടുത്തിക്കൊണ്ടേയിരുന്നു. അന്നു രാത്രി സാരുവും അമ്മയും എല്ലാ കാത്തിരിപ്പുകളുടെയും ഭാരം ഇറക്കിവച്ച് സുഖമായി ഉറങ്ങി. വീണ്ടും അമ്മയെ കാണാൻ വരാമെന്ന് വാക്കുകൊടുത്ത് ഓസ്ട്രേലിയയിലേക്ക് സാരു മടങ്ങി.