അങ്ങനെ കുത്തിപ്പൊട്ടിച്ചു കളയാൻ പറ്റുമോ ഈ ‘പ്രണയസമ്മാനം’

വധുവിനായി വരൻ ലു കെപെങ് ഒരുക്കിയ ബലൂൺ കൊണ്ടുള്ള വസ്ത്രം

ചൈനയിലിപ്പോൾ കല്യാണം കഴിക്കുന്നവരെക്കാൾ ടെൻഷൻ കല്യാണ നടത്തിപ്പുകാർക്കാണ്. ഒരു കോടിയിലേറെപ്പേരാണ് ഓരോ വർഷവും കെട്ടിപ്പോകുന്നത്. അതിനാൽത്തന്നെ കല്യാണനടത്തിപ്പ് ഇപ്പോൾ വൻ ബിസിനസാണവിടെ. ഈ ബിസിനസിൽ ഒരു വൻതുക മറിയുന്നത് വെഡിങ് ഫൊട്ടോഗ്രഫിക്കാണെന്നുമോർക്കണം. അതായത് ഏകദേശം 8700 കോടി യൂറോയുടെ കച്ചവടമാണീ വെഡിങ് ഫൊട്ടോഗ്രഫി. കല്യാണത്തിനു തൊട്ടുമുൻപുള്ള ഫോട്ടോയെടുപ്പിനാണ് ഇതിൽ ഏറെത്തുകയും ചെലവാക്കേണ്ടതെന്നത് മറ്റൊരു സത്യം. നമ്മുടെ നാട്ടിലിപ്പോൾ പതിയെ ക്ലച്ചു പിടിച്ചു വരുന്നേയുള്ളൂവെങ്കിലും ചൈനയിൽ നേരത്തേത്തന്നെ പ്രീ–വെഡിങ് ഫൊട്ടോഗ്രഫി നവദമ്പതിമാർക്ക് ഹരമാണ്. ഒറിജിനൽ തീമുകളും പുതുപുത്തൻ ഐഡിയകളുമൊക്കെയാണ് അത്തരം ഫോട്ടോയെടുപ്പുകളിൽ ഓരോ ഏജൻസികളോടും അവർ ആവശ്യപ്പെടുന്നത്. അതിനാൽത്തന്നെ കടലിന്നടിയിലും കൂറ്റൻ പർവതത്തിനു മുകളിലും ഹോട്ട് എയർ ബലൂണിൽ വച്ചുമൊക്കെയുള്ള വെഡിങ് ഫൊട്ടോഗ്രഫി സംഭവങ്ങൾ വാർത്തയാകാറുമുണ്ട്.

വധുവിനായി വരൻ ലു കെപെങ് ഒരുക്കിയ ബലൂൺ കൊണ്ടുള്ള വസ്ത്രം

തന്റെ കല്യാണം വന്നപ്പോൾ സു ഷുന്വോ എന്ന പെൺകുട്ടി ഭാവിഭർത്താവിനോട് ഒറ്റക്കാര്യമേ ആവശ്യപ്പെട്ടുള്ളൂ. ഇന്നേവരെ ആരും ധരിച്ചിട്ടില്ലാത്ത, എന്നാൽ വൻഒറിജിനാലിറ്റിയും വെറൈറ്റിയും തോന്നുന്ന ഒരുടുപ്പു വേണം കല്യാണത്തിന് സമ്മാനിക്കാൻ. അതിട്ടു വേണം പ്രീ–വെഡിങ് ഫൊട്ടോഗ്രഫിയും. വരൻ ലു കെപെങ് അതുകേട്ട് അന്തംവിടേണ്ടതാണ്. പക്ഷേ കക്ഷിയെത്ര കല്യാണങ്ങൾ കണ്ടിരിക്കുന്നു! വിവാഹച്ചടങ്ങുകളിൽ തന്റെ ബലൂൺ ട്രിക്കുകൾ കൊണ്ടും മാജിക് കൊണ്ടുമെല്ലാം അതിഥികളെ രസിപ്പിക്കുന്നതാണ് കെപെങ്ങിന്റെ ജോലി.വളരെപ്പെട്ടെന്നു തന്നെ വിവാഹഡ്രസിന്റെ ഐഡിയയും ഈ ഇരുപത്തിയഞ്ചുകാരന്റെ തലയിൽ മിന്നി–ബലൂണുകൾ കൊണ്ടൊരു ഉടുപ്പ്. അങ്ങനെ പല വർണത്തിലുള്ള അറുനൂറോളം ബലൂണുകൾ വാങ്ങി അവ പല വലിപ്പത്തിൽ ഊതിവീർപ്പിച്ച് കൂട്ടിച്ചേർത്ത്

വധുവിനായി വരൻ ലു കെപെങ് ഒരുക്കിയ ബലൂൺ കൊണ്ടുള്ള വസ്ത്രം

രണ്ട് ഉഗ്രൻ വിവാഹവസ്ത്രങ്ങൾ കെപെങ് തന്നത്താൻ ‘തയ്പ്പിച്ചെടുത്തു’. പ്രിയതമന്റെ സ്നേഹസമ്മാനം കണ്ട് സു ഷുന്വോയുടെ മനസ്സുനിറഞ്ഞെന്നതുറപ്പ്. കാരണം ആ വസ്ത്രവുമിട്ട് തന്റെ പ്രിയപ്പെട്ട നഗരമായ ചിങ്ദാവോയിലൂടെ നടന്ന് ഫോട്ടോയെടുക്കാനായിരുന്നു അവളുടെ തീരുമാനം. അതായിരുന്നു അവരുടെ പ്രീ–വെഡിങ് ഫൊട്ടോഗ്രഫിയുടെ തീമും. ‘കുത്തിപ്പൊട്ടിക്കാനാകാത്ത’ പ്രണയം കൊണ്ടുതീർത്ത ആ ബലൂണുടുപ്പുകളുമണിഞ്ഞ് കെപെങ്ങിനൊപ്പം നഗരത്തിൽ കറങ്ങി ചറപറ ഫോട്ടോകളുമെടുത്തു സു ഷുന്വോ. കണ്ടുനിന്നവർക്കും കൗതുകം. അവരുമെടുത്തു നിറയെ ഫോട്ടോകൾ. അങ്ങനെ സംഭവം നാടാകെ പാട്ടായി, അതോടെ വാർത്തയും ചിത്രങ്ങളും മാധ്യമങ്ങളിലും വന്നു. ചൈനീസ് മാധ്യമങ്ങളിൽ നിന്ന് വാർത്ത രാജ്യാന്തരതലത്തിലുമെത്തി. ചുരുക്കത്തിൽപ്പറഞ്ഞാൽ കെപെങ്ങിന്റെ വർണബലൂൺ ഡ്രസും പ്രണയവും ലോകമെങ്ങും ഒറ്റയടിക്കങ്ങു ഹിറ്റാവുകയായിരുന്നു.