വസ്ത്രവും രാത്രിയാത്രയും അപമാനിക്കാനുള്ള സമ്മതപത്രമല്ല: മഞ്ജു വാര്യർ

മഞ്ജു വാര്യർ

പെൺമനസുകളെയാകെ ഞെട്ടിച്ചുകൊണ്ടാണ് ഈ പുതുവർഷ രാവ് കടന്നുേപായത്. ബെംഗലൂരു നഗരമധ്യത്തിൽ ഒരു പെൺകുട്ടി അപമാനിക്കപ്പെ‌ടുന്നതിന്റെ ദൃശ്യങ്ങൾ അസ്വസ്ഥമാക്കാത്ത മനസുകളുണ്ടാകില്ല. സാമൂഹികമായും സാമ്പത്തികമായുമൊക്കെ ഏറെ പുരോഗതി നേടുമ്പോഴും ചില വിഷയങ്ങളിൽ മനുഷ്യന്‍ പൈശാചികനെപ്പോലെ പെരുമാറുന്നുവെന്നതാണ് ആ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ നടി മഞ്ജു വാര്യരും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

നടിയെന്ന നിലയിൽ സിനിമയുടെയും ഗ്ലാമറിന്റെയും മാസ്മരിക ലോകത്തിനപ്പുറം സാമൂഹിക വിഷയങ്ങളിലും തന്റെ നിലപാടു പ്രകടിപ്പിക്കുന്ന മഞ്ജു ബെംഗലൂരു സംഭവത്തിലും തന്റെ അഭിപ്രായം തുറന്നു പറഞ്ഞു. വിഷയം മനസിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും ഭാരതീയ സംസ്കാരമെന്ന വാക്കിന്മേലാണ് കളങ്കം പുരളുന്നതെന്നും മഞ്ജു പറഞ്ഞു. വസ്ത്രവും രാത്രിയാത്രയും പെൺകുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ലെന്നും മഞ്ജു പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ബാഗ്ലൂർ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഇരുട്ടുവീണ തെരുവുകളിൽ സ്ത്രീകൾ അപമാനിക്കപ്പെടുന്നതിന്റെ തുടർക്കാഴ്ചകൾ നരച്ചനിറത്തിലുള്ള ദു:സ്വപ്നങ്ങൾ പോലെയാണ് തോന്നുന്നത്. ഇത് ആ നഗരത്തിന്റെ മാത്രം തെറ്റായി കാണേണ്ടതില്ല, സമൂഹത്തിന്റെ മനോനിലയ്ക്കാണ് തകരാറ് സംഭവിച്ചിരിക്കുന്നത്. നമ്മൾ എപ്പോഴും അഭിമാനത്തോടെ പറയുന്ന ഭാരതീയസംസ്കാരമെന്ന വാക്കിന്മേലാണ് കളങ്കം പുരളുന്നത്. വലിച്ചിഴക്കപ്പെടുകയും കടന്നുപിടിക്കപ്പെടുകയും ചെയ്യുന്നത് രാജ്യത്താകമാനമുള്ള സ്ത്രീത്വമാണ്. തലതാഴ്ത്തേണ്ടത് ഇന്ത്യയെന്ന രാജ്യമാണ്. ഇതിനേക്കാൾ വേദനിപ്പിക്കുന്നു,സംഭവത്തെക്കുറിച്ചുള്ള ചില രാഷ്ട്രീയപ്രവർത്തകരുടെ അഭിപ്രായങ്ങൾ. വസ്ത്രവും രാത്രിയാത്രയും പെൺകുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ലെന്ന് ഇവർ എന്നാണ് മനസ്സിലാക്കുക? നിർഭയമായ ലോകമാണ് നിങ്ങൾക്കുള്ള വാഗ്ദാനമെന്ന് നെഞ്ചിൽ കൈവച്ച്, എന്നാണ് ഇക്കൂട്ടർക്ക് ഞങ്ങളോട് പറയാനാകുക?‌‌