ഇങ്ങനെയൊരു ഭാര്യ, അങ്ങനെയൊരു ഭർത്താവ്

ഉറങ്ങാൻ പോകും മുൻപു ദമ്പതികൾ 15 മിനിറ്റ് അടുത്തിരുന്നു സംസാരിച്ചാൽ കുടുംബജീവിതം ഭദ്രമാകുമെന്നു ഞാനൊരു സെമിനാറിൽ പറഞ്ഞപ്പോൾ ഒരു സ്ത്രീയുടെ പ്രതികരണം ‘‘അയ്യോ അച്ചോ, രാത്രിയാകുമ്പോൾ എന്റെ ഭർത്താവ് മൂന്നു തവണ എടീയേന്നു വിളിക്കും പ്രാർത്ഥിക്കെടീ, ചോറുവിളമ്പെടീ, പായ് വിരിക്കെടീ.’’

ഇങ്ങനെയുളള എത്രയെത്ര കുടുംബങ്ങൾ! ഭാര്യയും ഭർത്താവും തമ്മിലുളള സംസാരത്തിനു പിശുക്ക് ഒന്നിച്ച് ഒന്നിരിക്കാൻ പോലും സമയമില്ലായ്മ. അങ്ങനെയുളള ഒരു വീട്ടിലെ ഗൃഹനാഥനായ മത്തായി എട്ടാം ക്ലാസിൽ പഠിക്കുന്ന മകനോട് ഒരു ജനറൽ നോളജ് ചോദ്യം ചോദിച്ചു:‘വധൂവരന്മാർ യാത്ര ചെയ്യുന്ന കാറുകൾ എന്തിനാണു പൂക്കൾ കൊണ്ട് അലങ്കരിക്കുന്നതെന്നു നിനക്ക് അറിയാമോ?’

‘രണ്ടു പേരുടെയും ശവസംസ്കാരച്ചടങ്ങ് അന്നു തുടങ്ങുകയല്ലേ അപ്പച്ചാ.’

മകന്റെ മറുപടി അവിചാരിതമായതിനാൽ അന്തം വിട്ടു നിന്ന അപ്പൻ മത്തായി ചോദിച്ചു : ‘ ആരു പറഞ്ഞു’

‘ആരും പറയേണ്ടല്ലോ. ഞാനെന്നും കാണുന്നതല്ലേ ?’‌

ഇങ്ങനെയുളള അപ്പൻ മത്തായിമാരിൽ ഒരാൾ മരിച്ചു. അയാളുടെ ഭാര്യ വിധവയായി. സുഹൃത്തായ ബേബിച്ചൻ അവൾക്കു ജീവിതം കൊടുത്തു. ആ ബേബിച്ചൻ ഒരു രാത്രി സെമിത്തേരിയിലെത്തി. അയാൾ മത്തായി സുഹൃത്തിന്റെ കല്ലറയുടെ മുന്നിലെത്തി അലറിക്കരയുകയാണ് : നീ എന്തിനാടാ ഈ കൊലച്ചതി കാണിച്ചത്? നീ മരിച്ചതുകൊണ്ടല്ലേടാ ആ പിശാചിനെ ഞാൻ കെട്ടേണ്ടിവന്നത്.’

അങ്ങനെയുമുണ്ടല്ലോ ചില ഭാര്യമാർ.