ആർത്തി മൂത്ത് ഭ്രാന്തായതാ, പീസയോടുള്ള ഇഷ്ടം മൂത്ത് കല്യാണം കഴിച്ചു!!!

നിങ്ങൾക്ക് പീസ എത്രത്തോളം ഇഷ്ടമാണ്... ആകാശത്തോളം എന്നു പറഞ്ഞാലും ഈ റഷ്യൻ യുവാവിനോളം വരില്ല, കാരണം ഇഷ്ടം മൂത്ത് ഇയാൾ ചെയ്തന്താണെന്നോ പീസയെ അങ്ങു വിവാഹം കഴിച്ചു. ഒരു പ്രായമായാൽ കല്യാണം കഴിക്കണമെന്നാണല്ലോ നാട്ടുനടപ്പ്. ജീവിതവാസാനം വരെ എന്തിനും ഏതിനും നിഴൽപോലൊരു കൂട്ട്. ഇവിടെ റഷ്യയിലും ഒരു യുവാവ് വിവാഹം കഴിച്ചു, പക്ഷേ കക്ഷിയുടെ പങ്കാളി പെൺകുട്ടിയല്ല മറിച്ച് ഒരുഗ്രൻ പീസയാണ്. എന്ത് പീസയോ കക്ഷിയുടെ വിവാഹ സൽക്കാരത്തിന്റെ കാര്യമാണു പറയുന്നതെന്നു കരുതല്ലേ, ടിയാൻ വിവാഹം കഴിച്ചതു രുചികരമായൊരു പീസയെയാണ്.

ഇരുപത്തിരണ്ടുകാരനായ തന്റെ മനസിനിണങ്ങിയ പെൺകുട്ടിയെ കണ്ടെത്താൻ കഴിയാതിരുന്നതോടെയാണ് പീസയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നു പറയുന്നു. തന്റെ സുഹൃത്തുക്കളിലേറെയും ഭാര്യമാരെക്കുറിച്ചു പരാതി പറയുന്നതു കേട്ടിട്ടുണ്ട്. മനുഷ്യർ തമ്മിലുള്ള പ്രണയം കൂടുതൽ സങ്കുചിതമാണ്. ഭക്ഷണത്തിനോടുള്ള പ്രണയം എന്നും അതുപോലെ നിലനിൽക്കുമെന്നു തോന്നിയതിനാലാണ് പീസയെ വിവാഹം കഴിച്ചതത്രേ. മാത്രമല്ല പീസ നിങ്ങളെ ഒരിക്കലും തഴയുകയോ വഞ്ചിക്കുകയോ ചെയ്യില്ല, എല്ലാം തുറന്നു ആത്മാർഥമായി പറയുവാനും പറ്റും, തനിക്കതിഷ്ടമാണ്-യുവാവ് പറയുന്നു.

എന്നാൽ റഷ്യയിലെ അധികൃതര്‍ ഈ വിചിത്ര വിവാഹത്തിനു ആധികാരികത നൽകാനോ പള്ളിയിൽ വച്ചു ചടങ്ങു നടത്താനോ സമ്മതിച്ചില്ല. അങ്ങനെ നഗരത്തിലെ ഒരു പീസ വിൽപ്പനശാലയിൽ വച്ചാണ് വിവാഹച്ചടങ്ങുകൾ സംഘടിപ്പിച്ചത് റെസ്റ്റോറന്റിലെ മാനേജർമാരും കുക്കുകളും ചേർന്നു മെലിഞ്ഞു സുന്ദരിയായ ഒരു പീസ വധുവിനെ വരന്റെ കയ്യിൽ ഏൽപ്പിച്ചു. ഒപ്പം അവരുടെ വക ഒരു വിവാഹ സർട്ടിഫിക്കറ്റും സമ്മാനിച്ചു. വധുവിനെ വരൻ ആജീവനാന്തം നോക്കുമോ അതോ വിശപ്പു മൂത്താൽ വിഴുങ്ങിക്കളയുമോ എന്നു കണ്ടറിയാം....