ഞാൻ ജീവിച്ചിരിപ്പുണ്ട്, തന്റെ അസ്ഥിത്വം തെളിയിക്കാൻ പോസ്റ്ററുമായി യുവാവ് !

സന്തോഷ് മുരാത് താൻ ജീവിച്ചിരിപ്പുണ്ടെന്ന പോസ്റ്ററും ഏന്തി ജന്ദർമന്ദറിനു മുന്നിൽ

വിദ്യാഭ്യാസപരമായും ശാസ്ത്രസാങ്കേതിക തലത്തിലുമെല്ലാം സമൂഹം ഇത്രത്തോളം പുരോഗമിച്ചിട്ടും ജാതിയുടെയും മതത്തിന്റെയും കാര്യം വരുമ്പോൾ പലരും പലർക്കും വെറുക്കപ്പെ‌ട്ടവരും തൊട്ടുകൂടാത്തവരുമൊക്കെയാണിപ്പോഴും. ഇന്നും താഴ്ന്ന ജാതിയിൽപെട്ടവരെ വിവാഹം കഴിക്കുന്നതിന്റെ പേരിൽ നടക്കുന്ന ദുരഭിമാനക്കൊലകളുടെ എണ്ണം കൂടുന്നതല്ലാതെ, കുറയുന്നില്ല. പ്രത്യേകിച്ചും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ജാതിയുടെ പേരിലുള്ള വർഗീയതകള്‍ വർധിച്ചു കൊണ്ടിരിക്കുകയാണ്. വാരണാസി സ്വദേശിയായ സന്തോഷ് മുരാത് സിങ് എന്ന യുവാവും താഴ്ന്ന ജാതിയിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിൽ ഇന്നും ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

ജന്ദർമന്ദറിനു സമീപത്തുകൂടി നടന്നുപോകുന്നവരെല്ലാം ആ കാഴ്ച്ച കണ്ട് ഒന്നു അമ്പരക്കും, എന്തെന്നാൽ അവിടെ ഒരു യുവാവ് പോസ്റ്ററും ഏന്തിനിൽക്കാൻ തുടങ്ങിയിട്ട് വർഷം പതിനാലായി... പോസ്റ്ററിലെ ഉള്ളടക്കം ഇതാണ്, ഞാൻ ജീവിച്ചിരിക്കുന്നുണ്ട്. ഒരാൾ താൻ ജീവിച്ചിരിപ്പുണ്ടെന്നു സമൂഹത്തെ അറിയിക്കാൻ പോസ്റ്ററും ഏന്തിനിൽക്കേണ്ടി വരുന്ന അവസ്ഥയെെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ.. വാരണാസി സ്വദേശിയായ സന്തോഷ് മുരാത് സിങിനാണ് ഈ ദുർഗതി. ഇതിനിടയാക്കിയ സംഭവം മറ്റൊന്നുമല്ല താക്കൂർ വിഭാഗത്തിൽ പെട്ട സന്തോഷ്  ഒരു ദളിത് യുവതിയെ വിവാഹം കഴിച്ചതാണ്. അതിന്റെ പേരിൽ സന്തോഷിനെ വീട്ടിൽ നിന്നും പുറത്താക്കുക മാത്രമല്ല മരിച്ചതായി കൂടി അവർ പ്രഖ്യാപിച്ചു.

ബോളിവു‍ഡ് ന‌ടന്‍ നാനാപടേക്കറുടെ വീട്ടിലെ ജോലിക്കാരനായിരുന്നു സന്തോഷ്. മഹാരാഷ്ട്ര സ്വദേശി തന്നെയായ ദളിത് യുവതിയെ വിവാഹം കഴിച്ചു വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സന്തോഷ് ശരിക്കും ഞെട്ടിയത്. തനിക്കു വീട്ടിൽ ഭ്രഷ്‌ട് കൽപ്പിച്ചിരിക്കുകയാണ്. പ്രതീക്ഷകളെ ബാക്കി നിർത്തിക്കൊണ്ട് ഭാര്യയ്ക്കൊപ്പം മുംബൈയിൽ തിരിച്ചെത്തി. അധികം താമസിയാതെ മറ്റൊരു സത്യവും മനസിലാക്കി വീട്ടുകാരെല്ലാം താൻ മരിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നു. മരണാനന്തരം നടത്തുന്ന ആചാരങ്ങള്‍ പോലും ചെയ്തിരിക്കുന്നു. കഴിഞ്ഞില്ല സന്തോഷിന്റെ മരണ സർട്ടിഫിക്കറ്റും അവര്‍ നേടിയെടുത്തു. അങ്ങനെ പന്ത്രണ്ടേക്കറോളം വരുന്ന തന്റെ ഭൂമിയിൽ ഒരു തുണ്ടുേപാലും തനിക്കു നൽകാതെ അവർ വീതിച്ചെ‌ടുത്തു.

ദളിത് യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിൽ വീട്ടില്‍ നിന്നും പുറത്താകുക മാത്രമല്ല സന്തോഷ് മരിച്ചതായി കുടുംബക്കാർ രേഖകളില്‍ പോലും വരുത്തിച്ചു. ജന്ദർമന്ദറിൽ ധർണ നടത്തിവരുന്ന സന്തോഷിന്റെ ഒരേയൊരാവശ്യം അധികൃതര്‍ താൻ ജീവിച്ചിരിക്കുന്നുണ്ടെന്ന സത്യം മനസിലാക്കണമെന്നതാണ്. പണമോ സ്വത്തോ ഒന്നും തനിക്കു വേണ്ട മറിച്ച് രേഖകളിലൂടെ അവർ നേടിയെടുത്ത തന്റെ മരണസർട്ടിഫിക്കറ്റ് തെറ്റാണെന്നു തെളിയിക്കണം. അധികൃതരുടെ മുമ്പിൽ താൻ ജീവിച്ചിരിപ്പുണ്ടെന്നു തെളിയിക്കുക മാത്രമാണ് സന്തോഷിനു വേണ്ടത്.

താനുണ്ടെന്നു തെളിയിക്കാനായി ഹാജരാക്കേണ്ട രേഖകളെല്ലാം അവർ നശിപ്പിച്ചിരിക്കുകയാണ്. അതായത് രേഖകളിൽ സന്തോഷ് മുരാത് എന്നൊരു വ്യക്തി ജീവിച്ചിരിപ്പില്ല. വക്കീലന്മാർക്കു പണം കൊടുക്കാനില്ലാത്തതിനാൽ കേസിലൂടെ മുന്നോട്ടു പോകാനും കഴിയില്ല. പക്ഷേ ഇപ്പോഴും സന്തോഷിനു പ്രതീക്ഷയുണ്ട് എന്നെങ്കിലും അധികൃതർ തന്റെ അവസ്ഥ മനസിലാക്കുമെന്ന്....