സുന്ദരമായ ദാമ്പത്യജീവിതത്തിന് ആറ് കാര്യങ്ങൾ

Representative Image

സന്തോഷം, വിശ്വാസം, മനസ്സിലാക്കല്‍, തുറന്നുപറച്ചില്‍ അങ്ങനെ പല കാര്യങ്ങള്‍ ഒത്തുചേരുന്നതാണ് ആരോഗ്യകരമായ കുടുംബ ജീവിതം. ഇത്തരത്തിലുള്ള കുടുംബജീവിതം സ്വന്തമാക്കാൻ ദമ്പതികള്‍ പിന്തുടരേണ്ട ചില കാര്യങ്ങളുണ്ട്.

1 പരസ്പര ബഹുമാനം

ദാമ്പത്ത്യ ജീവിതത്തിലെ ഏറ്റവും അടിസ്ഥാന ഘടകമാണിത്. ഇരുവരും പരസ്പരം ബഹുമാനിക്കാന്‍ ശീലിക്കുക, അല്ലാത്തപക്ഷം മുന്നോട്ടുള്ള വഴി ദുഷ്കരമാകും. ഇതിനര്‍ഥം എല്ലാ കാര്യങ്ങളിലും സമാന അഭിപ്രായമോ യോജിപ്പോ വേണമെന്നല്ല. പക്ഷെ വിയോജിപ്പുകളെ കൂടി അംഗീകരിക്കാന്‍ തയ്യാറാകണം എന്നാണ്. താന്‍ പിടിക്കുന്ന മുയലിന് മൂന്നുകൊമ്പ് എന്ന നിലപാടാണെങ്കില്‍ ബുദ്ധിമുട്ടാകും. കുറ്റപ്പെടുത്തല്‍, ശാരീരികവും മാനസികവും വൈകാരികവുമായ പീഢനം എന്നിവയാണ് പരസ്പര ബഹുമാനം ഇല്ലായ്മയുടെ പ്രധാന ലക്ഷണങ്ങള്‍.

2 തര്‍ക്കങ്ങളാകാം തല്ലു കൂടേണ്ട

രണ്ടുപേർ ഒന്നിച്ചു ജീവിക്കുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അത് അതിരുകടന്ന് അടിയാകാതെ നോക്കണമെന്നു മാത്രം. ഇവിടെയും പ്രധാനം മറ്റുള്ളവരുടെ നിലപാടിനെ അംഗീകരിച്ചു ശീലിക്കലാണ്. 

3 സെക്സ്

അടിച്ചേല്‍പ്പിക്കേണ്ടതോ യാചിച്ചു നേടേണ്ടതോ അല്ല സെക്സ്. ഇക്കാര്യത്തില്‍ ഇരുവര്‍ക്കും സ്വീകാര്യമായ ധാരണയിലെത്തുക. രണ്ടുപേരുടെയും താല്‍പ്പര്യങ്ങള്‍ രണ്ടറ്റത്താണെങ്കില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുക. കാരണം സ്വന്തം താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ആരോഗ്യകരമായ പ്രവണത അല്ല.

4 കുട്ടികളുടെ കാര്യം

കുട്ടികളെ നോക്കുന്ന കാര്യത്തിലും മറ്റുകാര്യങ്ങളിലെന്ന പോലെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായേക്കാം. ഒരാള്‍ കര്‍ക്കശ നിയന്ത്രണ വേണമെന്ന് ആഗ്രഹിക്കുന്ന ആളാണെങ്കില്‍ മറ്റേയാള്‍ ആവശ്യമായ സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാകാം. എന്തെല്ലാം കാര്യങ്ങളില്‍ എങ്ങനെയെല്ലാം കുട്ടികളെ നിയന്ത്രിക്കണമെന്ന് പരരസ്പരം ധാരണയിലെത്തുന്നത് കുട്ടികളുടെ ഭാവിക്ക് ഉപകരിക്കും,

5 പണത്തില്‍ തുല്യനീതി

ഞാന്‍ സമ്പാദിക്കുന്ന പണം അത് ഇഷ്ടം പോലെ ചിലവാക്കും. ഈ നിലപാട് ദാമ്പത്യ ജീവിതത്തെ തന്നെ ഇരുട്ടിലാക്കും. പണം ആര്‍ക്കു കൂടുതല്‍ കിട്ടിയാലും കുറവു കിട്ടിയാലും ചിലവാക്കുന്നത് ഒരുമിച്ചായിരിക്കണം. സ്വന്തം ആവശ്യത്തിന് കുറച്ച് പണം മാറ്റി വക്കുന്നതില്‍ തെറ്റില്ല. പക്ഷെ അത് രഹസ്യമാക്കേണ്ടതില്ല. 

6 ഒരുമിച്ചിരിക്കുക

ദിവസത്തില്‍ അല്‍പ്പനേരമെങ്കിലും ഒരുമിച്ചിരുന്നു സംസാരിക്കുക, തമാശ പറയുക. ഇതെല്ലാം ദാമ്പത്ത്യ ജീവിതത്തിലെ ഇഴയടുപ്പം വര്‍ദ്ധിപ്പിക്കും. കിടക്കാന്‍ നേരത്തും ഊണ്‍മേശയിലും ഉറങ്ങാനും ഭക്ഷണം കഴിക്കാനും മാത്രം ഒരുമിക്കുന്നത് ആരോഗ്യകരമായ കുടുംബ ജീവിതത്തിന് ഭൂഷണമല്ല എന്നര്‍ത്ഥം