ഇനി ഒന്നിക്കാനാവില്ല, സ്വപ്നം സഫലമാക്കാൻ ഈ മരണമാല്യം!

കാമുകന്റെ മൃതദേഹത്തെ വിവാഹം കഴിക്കുന്ന തായ്‍ലന്റ് യുവതി

ക്രിസ്ത്യൻ രീതിയിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന വധു, പൂക്കൾ കൊണ്ട് അലങ്കരിച്ച വേദി, പക്ഷേ ഒന്നുമാത്രം വിവാഹസദസുകളിൽ കാണുന്ന സന്തോഷം മാത്രം ആരുടെയും മുഖത്തില്ല. അതിനു കാരണവുമുണ്ട്, ഈ വിവാഹവേദിയിൽ ഒരു ശവസംസ്കാര ചടങ്ങു കൂടിയാണു നടക്കുന്നത്. ഒന്നിച്ചിരുന്നൊരു ജീവിതം സ്വപ്നം കണ്ട് പെട്ടെന്ന് തനിച്ചാകുന്ന അവസ്ഥ ദുസഹമാണ്. അത് എന്നെന്നേക്കുമായി ഈ ലോകത്തിൽ നിന്നു തന്നെ വിട്ടുപോവുകയാണെങ്കിൽ ഒട്ടും സഹിക്കാനുമാകില്ല. തായ്‍ലന്റിൽ നിന്നുള്ള ഒരു യുവതിയാണ് ജീവിതത്തിൽ ഒന്നിക്കാൻ സാധിച്ചില്ലെങ്കിലും കാമുകൻറെ മൃതദേഹത്തെ വിവാഹം കഴിച്ച് ആഗ്രഹം സഫലീകരിച്ചത്. നാൻ തിഫാരാട് എന്ന പെൺകുട്ടിയാണ് കാമുകന്‍ ഫിയറ്റിന്റെ ശവസംസ്കാര ചടങ്ങ് വിവാഹവേദിയാക്കിയത്.

കാമുകന്റെ മൃതദേഹത്തെ വിവാഹം കഴിക്കുന്ന തായ്‍ലന്റ് യുവതി

തങ്ങളുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു കൈകൾ ചേര്‍ത്തുപിടിച്ച് ഒരു വിവാഹം. എന്നാൽ അതു കാണാൻ കാമുകന്‍ ഫിയറ്റിനു കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ കൂടി സന്തോഷത്തിനാണ് മൃതദേഹത്തെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. നല്ലപാതി മരിച്ചെങ്കിലും തങ്ങളുടെ സ്വപ്നം സഫലമായിരിക്കുകയാണെന്ന് നാൻ പറയുന്നു. തികച്ചും ആരോഗ്യവാനായിരുന്ന ഫിയറ്റ് അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.