ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ വരുത്തുന്ന വലിയ തെറ്റുകള്‍

നിങ്ങളുടെ ബെറ്റര്‍ ഹാഫ് ആരെന്ന് എങ്ങനെ കണ്ടെത്താം? ചരിത്രാതീത കാലം മുതല്‍ക്കേ മനുഷ്യ മനസുകളെ കുഴക്കുന്ന ചോദ്യമാണിത്. ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ ഈ ചോദ്യം സ്വയം ചോദിക്കാത്ത മനുഷ്യരുണ്ടാകില്ല. ഒരാളുടെ കൂടെ ജീവിതത്തിന്റെ ശിഷ്ടഭാഗം തീര്‍ക്കുന്ന തീരുമാനം അത്ര ലാഘവത്തോടെയല്ല മിക്കവരും കൈക്കൊള്ളുന്നത്.

ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നതില്‍ വരുന്ന പിഴവാണ് ലോകത്തെ 42 ശതമാനം കല്യാണങ്ങളും ഡിവോഴ്‌സ് ആയി പിരിയുന്നതിന് പ്രധാന കാരണം. അതായത് ലോകത്തെ നല്ലൊരു ശതമാനം പേരും തെറ്റായ പങ്കാളിയെ ആണ് ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. 

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ അടുത്തിടെ ഇതുസംബന്ധിച്ച് നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നുവെന്ന ഒരു കാര്യം ഏറെ പ്രസക്തിയാര്‍ജ്ജിക്കുന്നു. പ്രത്യേകിച്ചും വിവാഹബന്ധം വേര്‍പെടുത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുമ്പോള്‍. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ വരുത്തിയ വലിയ തെറ്റ് എന്താണെന്ന ചര്‍ച്ചയില്‍ പ്രധാന കാരണമായി ഉയര്‍ന്നു വന്നത് ഇതാണ്, സ്‌നേഹം കിട്ടാന്‍ വേണ്ടി മാത്രമാണ് ഒരാള്‍ കല്യാണം കഴിക്കുന്നതെന്ന ധാരണ.

ഇതില്‍ കാര്യമുണ്ടോയെന്നതാണ് പ്രസക്തമായ ചോദ്യം. ജീവിതപങ്കാളി തന്നെ അഗാധമായി സ്‌നേഹിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും. എന്നാല്‍ അപ്പോള്‍ തോന്നുന്ന അല്ലെങ്കില്‍ പ്രകടമാക്കുന്ന സ്‌നേഹം എന്ന മാനദണ്ഡത്തെ മാത്രം ആശ്രയിച്ച് പങ്കാളിയെ തെരഞ്ഞെടുത്താല്‍ പണി പാളുമെന്നാണ് പല അനുഭവസ്ഥരും പങ്കുവെച്ച അഭിപ്രായം. 

മറ്റുള്ളവരോട് പെരുമാറുന്ന രീതി, സാമ്പത്തിക കാര്യങ്ങളോടുള്ള മനോഭാവം, കുട്ടികളോടുള്ള കാഴ്ച്ചപ്പാട്, ജോലിയോടും ജീവിതത്തോടുമുള്ള മനോഭാവം, എത്രമാത്രം സോഷ്യല്‍ ആണ് പങ്കാളി തുടങ്ങിയ കാര്യങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. അഗാധമായി സ്‌നേഹിക്കുന്ന പങ്കാളി കല്യാണം കഴിഞ്ഞ ശേഷം പ്രസവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറയുന്ന നിരവധി കേസുകളുണ്ടെന്നതാണ് വാസ്തവം. 

സ്‌നേഹത്തോടൊപ്പം പരസ്പരം അംഗീകരിക്കാന്‍ തയാറായ മനസ്ഥിതിയുണ്ടെങ്കില്‍ മാത്രമേ ബന്ധങ്ങള്‍ നിലനില്‍ക്കുവത്രെ. ഇത് കഴിഞ്ഞാല്‍ പലര്‍ക്കും പറ്റുന്ന അബദ്ധം സൗന്ദര്യമാണ്. എന്റെ പങ്കാളി സ്മാര്‍ട്ട് ലുക്കിംഗ് ആകണം, അസാമാന്യകഴിവുള്ളയാളാകണം എന്നെല്ലാം വാശിപിടിക്കുന്നവരെ കാണാം. എന്നാല്‍ തന്റെ ചിന്തകളുമായി യോജിച്ചുപോകുന്ന വ്യക്തിയാണോയെന്ന കാര്യം മിക്കവരും ആലോചിക്കാറില്ല. കല്ല്യാണമെല്ലാം കഴിഞ്ഞ് പുതുമ നഷ്ടപ്പെടുമ്പോഴാകും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കുക. 

ജീവിതം വിട്ടുവീഴ്ച്ചകള്‍ക്കുള്ളതല്ലെന്നും പരസ്പരം അംഗീകരിക്കാന്‍ വേണ്ടിയുള്ളതാണെന്നും ഉള്ള തിരിച്ചറിവാണ് വേണ്ടതെന്നാണ് മനശാസ്ത്രജ്ഞരുടെ പക്ഷം. കഴിവിന്റെയും ബുദ്ധിശക്തിയുടെയും സൗന്ദര്യത്തിന്റെയുമെല്ലാം കാര്യത്തില്‍ എത്ര പരിമിതിയുണ്ടെങ്കിലും ഇക്കാര്യം തിരിച്ചറിഞ്ഞാല്‍ ഏത് വിവാഹബന്ധവും സുഗമമായി സന്തോഷത്തോടെ മുന്നോട്ടുപോകുമെന്നാണ് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.