ഉരുകിത്തീരുന്ന ഇന്ത്യന്‍ അമ്മമാര്‍...

Representative Image

ഔട്ടര്‍ ഡല്‍ഹിയിലെ ഒറ്റമുറി വീട്ടില്‍ ഒരമ്മ നിറകണ്ണുകളുമായി തന്റെ മകളുടെ ഫോട്ടോ പിടിച്ചിരിക്കുന്നു. അമരാവതിയെന്ന അമ്മ നെഞ്ചോട് ചേര്‍ത്തിരിക്കുന്നത് ജാന്‍വിയെന്ന മകളുടെ ഫോട്ടോയാണ്. അവര്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു ജാന്‍വിയുടെ ഉടുപ്പിന്റെ നിറം. 'പിങ്ക് ഫ്രോക്ക് അതില്‍ ചുവന്ന പുഷ്പങ്ങള്‍.'' അവര്‍ വിലപിച്ചുകൊണ്ടിരുന്നു. തന്റെ ഇടിഞ്ഞുപൊളിഞ്ഞ വീട് സന്ദര്‍ശിക്കുന്ന ഓരോരുത്തരോടും ആ അമ്മ ഇത് പറയുന്നു. അവര്‍ അവസാനമായി എട്ട് വയസുള്ള തന്റെ മകളെ കണ്ടത് ആ ഉടുപ്പിലായിരുന്നു. ആറ് വര്‍ഷം മുമ്പായിരുന്നു അത്. വീടിനടുത്ത് കൂട്ടുകാരുമായി കളിക്കാന്‍ പോയതായിരുന്നു കുഞ്ഞു ജാന്‍വി. പിന്നീട് തിരിച്ചുവന്നിട്ടില്ല.

അധികൃതരെ സംബന്ധിച്ചിടത്തോളം ജാന്‍വി കാണാതാകുന്ന കുട്ടികളില്‍ ഒരാള്‍ മാത്രം. എന്നാല്‍ അമരാവതിക്ക് നഷ്ടപ്പെട്ടത് ഏകമകളെയായിരുന്നു. ഓരോ രാത്രിയും അവള്‍ തള്ളിനീക്കുന്നത് അടുത്ത പകല്‍ മകള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്. പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയതിന് കണക്കില്ല. ഇതുവരെ മകളെക്കുറിച്ച് യാതൊരുവിധ വിവരവും ആ അമ്മയ്ക്ക് ലഭിച്ചില്ല.

കാണാതായ മക്കള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ നിറകണ്ണുകളുമായി ഇരിക്കുന്ന ഇന്ത്യയിലെ ആയിരക്കണക്കിന് അമ്മമാരില്‍ ഒരാള്‍ മാത്രമാണ് അമരാവതി. കാണാതായി കണ്ടെത്താനാകാതെ പോകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്നത്. ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2013നും 2015നും ഇടയ്ക്ക് കാണാതായ കുട്ടികളുടെ എണ്ണത്തില്‍ 84 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. പൊലീസിന്റെ യാതൊരുവിധ ശ്രമങ്ങളും ഫലിക്കുന്നില്ല.

2015ല്‍ കാണാതായ കുട്ടികളുടെ എണ്ണം 62,988 ആണെന്നാണ് കണക്ക്. 2013ല്‍ ഇത് 34,244 ആയിരുന്നു. കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ ക്രൈ ആണ് കാണാതായ കുട്ടികള്‍ക്കു വേണ്ടിയുള്ള ദിന (മെയ് 25)ത്തോട് അനുബന്ധിച്ച് ഇത് പുറത്തുവിട്ടത്. വ്യത്യസ്ത കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരു ദിവസം കാണാതാകുന്നത് 120തിലധികം കുട്ടികളെയാണ്.

ഒരിക്കല്‍ കാണാതാകുന്ന മൂന്ന് കുട്ടികളില്‍ രണ്ട് കുട്ടികളെ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നത് എത്രമാത്രം ഗൗരവമുള്ളതാണ് ഈ വിഷയമെന്ന് ബോധ്യപ്പെടുത്തുന്നു. എന്നിട്ടും ഇത് കാര്യമായി ചര്‍ച്ചാ വിഷയമാകുന്നില്ല. മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവുമധികം കുട്ടികളെ കാണാതാകുന്നത്. ഡല്‍ഹിയില്‍ നിന്ന് ഒരു ദിവസം കാണാതാകുന്നത് 20തിലധികം കുട്ടികളെയാണെന്നാണ് കണക്കുകള്‍.

ഇത്തരത്തില്‍ കാണാതാകപ്പെടുന്ന കുട്ടികളാണ് വലിയ കുറ്റകൃത്യങ്ങളിലേക്ക് പിന്നീട് എത്തപ്പെടുന്നതെന്ന് ക്രൈം പ്രതിനിധി കൊമല്‍ ഗനോത്ര പറയുന്നു. സംസ്ഥാനങ്ങള്‍ തമ്മില്‍ സഹകരിച്ചുകൊണ്ടുള്ള അന്വേഷണമാണ് കുട്ടികളെ കണ്ടെത്താന്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അമരാവതിയെപ്പോലുള്ള അമ്മമാരുടെ കണ്ണീരൊപ്പുന്നതിന് പ്രഥമ പരിഗണന നല്‍കാന്‍ ഭരണാധികാരികള്‍ തയാറാകണം. നിശബ്ദമായാണെങ്കിലും രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ് കുട്ടികളുടെ തട്ടിക്കൊണ്ടുപോകല്‍.