‌'അങ്ങനെ ഞാൻ വീണ്ടും പ്രണയിക്കാൻ തീരുമാനിച്ചു' ; കൊതിപ്പിക്കും ഇവരുടെ ജീവിതം

വൈശാലി ഭർത്താവ് പ്രശാന്ത് ചിറ്റാലെയ്ക്കൊപ്പം

ചില പ്രണയ കഥകൾ കേൾക്കുമ്പോൾ അതിന് അവസാനമില്ലാതിരുന്നുവെങ്കിൽ എന്നു നമുക്കു തോന്നിപ്പോകും, അത്രത്തോളം ഹൃദയത്തെ സ്പർശിക്കും. ''നീ എന്റെ ജീവനാണ്, മരണം വരെയും നിൻ നിഴലായി കൂടെയുണ്ടാകും'' എന്നൊക്കെ പറഞ്ഞ് അധികകാലം കഴിയുംമുമ്പേ അടിച്ചു പിരിയുന്നവരാണ് ഇന്നേറെയും. ആത്മാർഥ പ്രണയം ഒരിക്കലും നിരാശരാക്കില്ല, അതു പാതിവഴിയിൽ വച്ചു നഷ്‌ടമാവുകയും ചെയ്യില്ല പകരം ജീവിതത്തിൽ സൗഭാഗ്യങ്ങളും സന്തോഷവും െകാണ്ടുവരും. വൈശാലി ചന്ദോൽകർ ചിറ്റാലെയുടെ ഫേസ്ബുക് േപാസ്റ്റാണ് ഇപ്പോൾ പ്രണയത്തിന്റെ മായാജാലം തുറന്നു കാണിക്കുന്നത്. വാർധക്യത്തിലും പ്രണയം നശ്വരമാണെന്നു തെളിയിക്കുകയാണ് വൈശാലിയുടെ ജീവിതം.

വൈശാലിയുടെ പ്രണയവും ജീവിതവും ഒരൽപം വ്യത്യസ്തമാണ്, കാരണം ആദ്യവിവാഹത്തിലെ ഭർത്താവു മരിച്ചതോടെ തകർന്നു ജീവിതത്തിനു മുന്നിൽ പകച്ചു നിന്നില്ല വൈശാലി പകരം കരുത്തോടെ മുന്നോട്ടു നീങ്ങി, സ്നേഹസമ്പന്നനായ മറ്റൊരു ജീവിതപങ്കാളിയെ കണ്ടെത്തുകയും ചെയ്തു.

സൈനികനായിരുന്ന വൈശാലിയുടെ ആദ്യഭർത്താവ് 2000ത്തില്‍ ബ്രെയിൻ ഹെമോറേജ് ബാധിച്ചാണു മരിക്കുന്നത്. അന്നു രണ്ടു മക്കളിൽ മാത്രം പ്രതീക്ഷയർപ്പിച്ചു മറ്റൊരു മോഹങ്ങളുമില്ലാതെ വൈശാലി ജീവിച്ചു. ശേഷം നാലുവർഷങ്ങൾക്കപ്പുറമാണ് പ്രശാന്ത് ചിറ്റാലെ തന്റെ ജീവിത പങ്കാളിയാകുന്നത്. മൂന്നു മക്കളുടെ പിതാവു കൂടിയായിരുന്ന പ്രശാന്തിന്റെ ഭാര്യയും കാൻസർ ബാധിച്ച് മരിച്ചിരുന്നു. ഒരേതൂവൽപക്ഷികളെപ്പോലെയായിരുന്ന ഇരുവരം അങ്ങനെ ഒന്നിക്കാൻ തീരുമാനിച്ചു. പ്രണയം അത്രമേൽ മനോഹരമാണെന്നു തെളിയിക്കുന്നതാണ് വൈശാലിയു‌െട ഫേസ്ബുക് പോസ്റ്റ്.

വൈശാലിയുടെ ഫേസ്ബുക് പോസ്റ്റ്‌

എന്റെ പ്രാണനെയാണു ഞാൻ വിവാഹം കഴിച്ചത്, സൈനികനായ അദ്ദേഹത്തിൽ എനിക്കു രണ്ടു സുന്ദരികളായ കുട്ടികളുമുണ്ടായിരുന്നു. അദ്ദേഹത്തിനു േപാസ്റ്റിങ് കിട്ടുന്ന സ്ഥലങ്ങളിലെല്ലാം മാറിമാറി യാത്ര ചെയ്തിരുന്ന അന്ന് ഞാന്‍ ഒരു മാധ്യമപ്രവർത്തകയായിരുന്നു. പിന്നീടു മക്കൾ ജനിച്ചതോടെ അധ്യാപനം ജോലിയായി സ്വീകരിച്ചു. 2000ത്തിൽ ബ്രെയിന്‍ ഹെമോറേജ് ബാധിച്ച് അദ്ദേഹം മരിച്ചു. അന്നൊന്നും മറ്റൊരാളെ സ്നേഹിക്കുമെന്ന് ഞാൻ കരുതിയിരുന്നേയില്ല, എന്റെ രണ്ടുമക്കളും ഞാനും മാത്രമുള്ള ആ കൊച്ചുജീവിതത്തില്‍ സന്തുഷ്ടയുമായിരുന്നു.

2004ൽ അമ്മയാണ് പുനർവിവാഹത്തെക്കുറിച്ച് ആലോചിക്കാൻ പറയുന്നതും ഒരാളെ ഒന്നു കണ്ടുനോക്കാൻ പറയുന്നതും. സമയമെടുത്ത് ആലോചിച്ച് അദ്ദേഹത്തെ കാണാൻ തന്നെ ഞാൻ തീരുമാനിച്ചു. ആദ്യകാഴ്ചയിൽ തന്നെ അദ്ദേഹം ദയയുള്ളയാളും വളരെയധികം കെയർ ചെയ്യുന്നയാളുമാണെന്ന് മനസിലായി. അദ്ദേഹത്തിന്റെ ഭാര്യ കാൻസർ ബാധിച്ചു മരിച്ചതായിരുന്നു, മൂന്നു മക്കളുമുണ്ട്, ഒരുതരത്തിൽ പറഞ്ഞാൽ ഞങ്ങളുടെ രണ്ടുപേരുടെയും സാഹചര്യങ്ങൾ ഒരുപോലെയായിരുന്നു. ഞങ്ങളുടെ വർത്തമാനങ്ങൾ മണിക്കൂറുകൾ നീണ്ടു, ഒരേ അവസ്ഥയിലൂടെ പോകുന്ന മറ്റൊരാളെകൂടി കാണുകയാണല്ലോ. അങ്ങനെ ഞാൻ വീണ്ടും പ്രണയിക്കാൻ തീരുമാനിച്ചു.

പന്ത്രണ്ടു വർഷം മുമ്പ് ഞങ്ങൾ വിവാഹിതരായി. അന്നു പക്ഷേ മക്കള്‍ പൂർണമായും ഉൾക്കൊണ്ടിരുന്നില്ല. അദ്ദേഹത്തിന്റെ മക്കൾ എന്നെ ആന്റി എന്നും എന്റെ മക്കൾ അദ്ദേഹത്തെ അങ്കിൾ എന്നുമാണ് വിളിച്ചിരുന്നത്. പതുക്ക പതുക്കെ ഞാനവരുടെ നല്ല സുഹൃത്തായി മാറി. അദ്ദേഹത്തിന്റെ മകളുടെ വിവാഹ ദിവസം ഞാനൊരിക്കലും മറക്കില്ല. അന്ന് അവളുടെ ഭർത്താവിന്റെ അമ്മ അവളോടു പറഞ്ഞു എന്നെ അമ്മായി എന്നല്ല അമ്മ എന്നാണു വിളിക്കേണ്ടതെന്ന്. അപ്പോൾ തന്നെ തിരിഞ്ഞുനിന്ന് അവള്‍ എന്നോടു ചോദിച്ചു, ''ഇത്രയും കാലമായി നിങ്ങൾ എനിക്ക് അമ്മയാണ്, എന്നാൽ ഞാൻ വിളിക്കുന്നത് ആന്റി എന്നും ഞാൻ ഇനിമുതൽ അമ്മ എന്നു വിളിച്ചോട്ടെ?'' അത്രയും സന്തോഷമാർന്ന നിമിഷം പിന്നീടെന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നു തന്നെതോന്നുന്നു.

ഇക്കഴിഞ്ഞ 12 വർഷവും മനോഹരമായിരുന്നു. ഞങ്ങൾ ഒന്നിച്ചു യാത്ര ചെയ്തു, മക്കൾ വളരുന്നതു കണ്ടു. ഞങ്ങളുടേതായ ചില ആചാരങ്ങളും പാരമ്പര്യങ്ങളും ഉണ്ടാക്കിയെടുത്തു. അദ്ദേഹത്തിന്റെ മുൻഭാര്യയുടെയും എന്റെ മുൻഭർത്താവിന്റെയും ജനന ദിവസങ്ങളിൽ ഞങ്ങൾ കേക്കു മുറിച്ച് ആഘോഷിച്ചു, മരണ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ പോയി പ്രാർഥിച്ചു.
ഒരു കുടുംബം എന്ന നിലയ്ക്ക് അഞ്ചു മക്കളോടും മൂന്നു കൊച്ചുമക്കളോടുമൊപ്പമുള്ള ഞങ്ങളുടെ പ്രണയം പതിമൂന്നു വർഷവും കടന്നു പോവുകയാണ്. ഞങ്ങൾ രണ്ടുപേരും പരസ്പരം ആത്മമിത്രങ്ങളായി ഇരുവരുടെയും രഹസ്യങ്ങൾ സൂക്ഷിക്കുന്നവരായി ജീവിക്കുന്നു.