ഡ്രസിങ് റൂമിനകത്ത് സെക്സ്; പ്രതികളെ തേടി ചൈന

യുണിക്ലോ ഷോറൂമിനു മുന്നിലെ സെൽഫിയെടുപ്പ്

തുണിക്കടയുടെ ‘ന്യൂജനറേഷൻ’ പരസ്യതന്ത്രമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പക്ഷേ അവർ കൈമലർത്തിയതോടെ സംഗതി ഹാക്കർമാർക്കു നേരെ തിരിഞ്ഞു. അവിടെയും തുമ്പൊന്നും കിട്ടിയില്ല. അതിനിടെ കുറ്റമേറ്റ് കമിതാക്കൾ തന്നെ രംഗത്തെത്തി. പക്ഷേ തൊട്ടുപിറകെ, കുറ്റം ഏറ്റുപറഞ്ഞവരുടെ പ്രൊഫൈൽ തന്നെ അപ്രത്യക്ഷമായി. എന്തൊക്കെയാണെങ്കിലും ബെയ്ജിങ് പൊലീസിന്റെ ഉറക്കം കെടുത്തിയ ആ കമിതാക്കൾ ഒടുവിൽ പിടിയിലായെന്നാണു സൂചന. ചൈനീസ് തലസ്ഥാനത്തെ പേരുകേട്ട ഷോപ്പിങ് സ്ട്രീറ്റായ സൻലിട്വനിലെ ഒരു തുണിക്കടയിലായിരുന്നു വിവാദസംഭവം.

ജാപ്പനീസ് കമ്പനിയായ യുണിക്ലോയുടെ സ്റ്റോറിലെ ഡ്രസിങ് റൂമിൽ വച്ച് ഒരു യുവാവും യുവതിയും അശ്ലീല വിഡിയോ ഷൂട്ട് ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവമെങ്കിലും വിഡിയോ കഴിഞ്ഞ ദിവസമാണ് വി ചാറ്റിലും ചൈനയിലെ ഏറെ പ്രചാരമുള്ള സമൂഹമാധ്യമമായ വെയ്ബോയിലും പ്രത്യക്ഷപ്പെട്ടത്. ഡ്രസിങ് റൂമിലെ കണ്ണാടിയിലെ പ്രതിബിംബത്തിലേക്ക് മൊബൈൽ തിരിച്ചുപിടിച്ചായിരുന്നു 71 സെക്കൻഡ് ദൈർഘ്യമുള്ള ഷൂട്ടിങ്. ഇതിന്റെ പശ്ചാത്തലത്തിലാകട്ടെ ഉപഭോക്താക്കളെ യുണിക്ലോ സ്വാഗതം ചെയ്യുന്ന ശബ്ദവും കേൾക്കാം. അനൗൺസ്മെന്റിലൂടെ തന്നെ സ്ഥലമേതെന്നു കൃത്യമായി മനസിലാകും. വിഡിയോ വൈറലാകാൻ നിമിഷങ്ങൾ മതിയായിരുന്നു. ചൈനയിൽ ഇത്തരത്തിൽ അശ്ലീല വിഡിയോകൾ പ്രചരിപ്പിക്കുന്നത് രണ്ടു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

വിൽപനയ്ക്കോ മറ്റു ലാഭകരമായ നേട്ടങ്ങൾക്കോ വേണ്ടിയാണ് വിഡിയോ തയാറാക്കിയതെങ്കിൽ ജീവപര്യന്തമാണ് ശിക്ഷ. ബെയ്ജിങ് പൊലീസ് അന്വേഷണമാരംഭിച്ചതിന്റെ തൊട്ടുപിറകെ നാലു പേർ പിടിയിലായി. അതിലൊരാൾ വെയ്ബോയിൽ വിഡിയോ പോസ്റ്റ് ചെയ്ത പത്തൊൻപതുകാരനാണ്, അത് മറ്റുള്ളവർക്ക് ഷെയർ ചെയ്തതിനാണ് മൂന്നു പേരെ പിടികൂടിയത്. പക്ഷേ കേസിലെ പ്രധാന പ്രതികളായ കമിതാക്കളെ പിടികിട്ടിയിരുന്നില്ല. അതിനിടെയാണ് ചൈന.കോം എന്ന വെബ്സൈറ്റിൽ പ്രതികളുടേതെന്നു സംശയിക്കുന്നവരുടെ വിവരങ്ങൾ വന്നത്. ബിസിനസ് കോളജ് ഓഫ് ബെയ്ജിങ് യൂണിയൻ യൂണിവേഴ്സിറ്റിയിലെ രണ്ട് വിദ്യാർഥികളുടെ വെയ്ബോ പോസ്റ്റായിരുന്നു അത്. അതിലെ യുവാവ് പറഞ്ഞത് താനറിയാതെയാണ് ആ വിഡിയോ ലീക്ക് ആയതെന്നാണ്. കാമുകിയുമായി കുറച്ചുനാൾ പിരിഞ്ഞിരിക്കേണ്ടി വന്ന സാഹചര്യത്തിൽ ഓർമയ്ക്കു വേണ്ടി ഷൂട്ട് ചെയ്ത് സൂക്ഷിച്ചതാണത്രേ അത്! അതിന് വേറൊരു ഉദ്ദേശവുമുണ്ടായിരുന്നില്ല, ദയവായി ഞങ്ങളെ വെറുതെ വിടണമെന്നും പോസ്റ്റിൽ പറയുന്നു.

വിഡിയോയിലെ യുവതി താനാണെന്നു പറഞ്ഞ് കാമുകിയുടെയും പോസ്റ്റുണ്ടായിരുന്നു. എന്നാൽ തൊട്ടുപിറകെ ഈ രണ്ടു പ്രൊഫൈലും അപ്രത്യക്ഷമായി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സംഗതി ആകെ വിവാദമായെങ്കിലും വിഡിയോ അന്വേഷിച്ചുള്ള അന്വേഷണത്തിനിടെ ലാഭമുണ്ടാക്കിയത് യുണിക്ലോ ആയിരുന്നു. വിവാദമായതിനു തൊട്ടുപിറകെ സകലയിടത്തു നിന്നും ചൈനീസ് സർക്കാർ വിഡിയോ മാറ്റിയിരുന്നു. അതോടെ സേർച്ച് റിസൽട്ടായി ലഭിക്കുന്നത് യുണിക്ലോയുടെ പരസ്യം മാത്രവും. അതോടെ കമ്പനിയുടെ പരസ്യതന്ത്രമായിരുന്നു ഇതെന്നും സംശയമുയർന്നു. പക്ഷേ മേലാൽ ഡ്രസിങ് റൂമിൽ ഒരാളിൽ കൂടുതൽ കയറരുതെന്ന കർശന നിർദേശമുയർത്തി കമ്പനി ആരോപണത്തെ തടഞ്ഞിട്ടു.

സ്റ്റോറിനു മുന്നിൽ കാവൽക്കാരെ ഏർപ്പെടുത്തിയപ്പോൾ

സംഭവം ഹിറ്റായതോടെ വിഡിയോയുടെ സ്ക്രീൻഷോട്ടിനൊപ്പം ‘മെയ്ക്ക് ലവ് ഇൻ എവരിവേർ’ എന്ന ക്യാപ്ഷനുമിട്ട് യുണിക്ലോ തീമോടെ ടി ഷർടും ഓൺലൈനിൽ വിൽപനയ്ക്കെത്തി. പക്ഷേ അൽപനേരമേ വിൽപന നടന്നുള്ളൂ. സർക്കാർ ഇടപെട്ട് അതും നിർത്തിച്ചു. നിലവിൽ ഈ സംഭവം നടന്ന ഡ്രസിങ് റൂം അന്വേഷിച്ച് ചെറുപ്പക്കാർ യുണിക്ലോയിലേക്ക് പ്രവഹിക്കുകയാണത്രേ. മാത്രവുമല്ല ഷോറൂമിന്റെ മുൻപിൽ നിന്ന് കമിതാക്കളുടെ സെൽഫിയെടുപ്പും തകർക്കുകയാണ്. ഒടുക്കം ഇതെല്ലാം തടയാൻ സെക്യൂരിറ്റി ഗാർഡിനെ വരെ നിയമിക്കേണ്ടി വന്നു. എന്നിട്ടും ഇപ്പോഴും ഷോറൂമിന്റെ മുൻവശം ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്റെ പ്രതീതിയിലാണ്.