നാലു മാസം ; പത്തു കുട്ടികളുടെ അച്ഛൻ!

കെൻസി താൻ ബീജം നൽകിയ ലെസ്ബിയൻ ദമ്പതികൾക്കും കുഞ്ഞിനുമൊപ്പം

നാലു മാസത്തിനിടെ പത്തു കുട്ടികളുടെ പിതാവായിരിക്കുകയാണ് കെൻസീ കിൽപാട്രിക് എന്ന യുവാവ്. ഇക്കഴിഞ്ഞ ജൂലൈ ഇരുപത്തിയൊന്നിനാണ് ബ്രിട്ടൻ സ്വദേശിയായ കെൻസിയുടെ പത്താമത്തെ കുഞ്ഞു ജനിച്ചത്. സ്വവർഗാനുരാഗിയായ കെൻസി ഒരു നിയോഗം പോലെയാണ് കൃത്രിമ ബീജസങ്കലനത്തിനായി തന്നെ സമീപിച്ച യുവതികളോട് സമ്മതം മൂളിയത്. കഴിഞ്ഞ വർഷം ജൂണിൽ ഒരു ഫേസ്ബുക്ക് ഗ്രൂപ് വഴിയാണ് കെൻസി തന്റെ സേവനം ആരംഭിക്കുന്നത്

എല്ലാ അച്ഛന്മാരെയുംപോലെ ഓരോ കുഞ്ഞും ജനിക്കുമ്പോഴും കെൻസിയും ആഹ്ലാദവാനാണ്. പക്ഷേ കുഞ്ഞിന്റെ ജനനത്തിനു ശേഷം കെൻസിക്ക് ആ കുഞ്ഞുമായി യാതൊരു ബന്ധവുമുണ്ടായിരിക്കയില്ല. അതായത് ശാസ്ത്രീയപരമായ അച്ഛനാണെങ്കിലും അച്ഛന്റേതായ യാതൊരു ഉത്തരവാദിത്തങ്ങളും കെൻസിയിൽ നിക്ഷിപ്തമായിരിക്കില്ല. കെൻസി അത് ആഗ്രഹിക്കുന്നുമില്ലെന്നു വേണം പറയാൻ. പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല താൻ ഇതിനു മുന്നിട്ടിറങ്ങിയതെന്നു പറയുന്ന കെൻസി ഇന്ന് ബ്രിട്ടനിലെ അറിയപ്പെടുന്ന ബീജദാതാവുമാണ്.

കെൻസീ കിൽപാട്രിക്

പത്തു കുട്ടികൾക്കു ജന്മം നൽകാൻ പങ്കാളിയായതിൽ സന്തോഷത്തേക്കാളുപരി താൻ അഭിമാനിക്കുന്നുവെന്ന് കെൻസി പറയുന്നു. ഒമ്പത് ലെസ്ബിയൻ ദമ്പതികൾക്കാണ് കെൻസിയിലൂടെ മക്കളെ കിട്ടിയത്. ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും ദമ്പതിമാരെ സഹായിക്കാൻ കഴിഞ്ഞെങ്കിലും തൽക്കാലത്തേക്ക് ബീജദാനത്തിൽ നിന്നും വിട്ടുനിൽക്കുകയാണെന്നും കെൻസി പറയുന്നു. നിലവിൽ താൻ ബീജം നൽകിയ ദമ്പതിമാരുടെ മക്കൾക്ക് സഹോദരങ്ങളെ നൽകാൻ മാത്രമേ ഇനി മുതിരുകയുള്ളു. പക്ഷേ എന്നെന്നേക്കുമായല്ല വിട്ടു നിൽക്കുന്നതെന്നും കെൻസി കൂട്ടിച്ചേർക്കുന്നു. .

ഒരു കുഞ്ഞിന്റെ ജനനത്തിന് ഒരിക്കലും വിലയിടാൻ കഴിയില്ല. മറ്റുള്ളവരുടെ നല്ല ജീവിതത്തിനു വേണ്ടി ഞാൻ നൽകുന്ന സമ്മാനമാണത്-കെൻസി പറയുന്നു. അതേസമയം ചില നിബന്ധനകൾ പാലിച്ചു മാത്രമേ കെൻസി ബീജം ദാനം ചെയ്യുകയുള്ളു. സാമ്പത്തികമായി ഭദ്രതയുള്ള ദൃഡബന്ധത്തിൽ കഴിയുന്ന സ്വവർഗാനുരാഗികളായ ദമ്പതികളായിരിക്കണം ഇതിനു വേണ്ടി സമീപിക്കുന്നത് എന്നതാണത്. യാത്രയ്ക്കും ഭക്ഷണത്തിനുമുള്ള ചിലവു മാത്രം നൽകിയാൽ മതി വിളിക്കുന്ന നിമിഷമെത്തും കെൻസി.