അമ്മ ഹാപ്പി; മകനെ കെട്ടാൻ വരൻമാർ റെഡി

ഹരിഷ് അയ്യർ അമ്മ പദ്മയ്ക്കൊപ്പം

സ്വവർഗാനുരാഗിയായ മകന് വരനെ തേടി അമ്മ നൽകിയ പരസ്യം ഫലം കണ്ടു. 150 ലേറെ അന്വേഷണങ്ങളാണ് എത്തിയത്. ഇതിൽ 75 ശതമാനവും അനുകൂല പ്രതികരണങ്ങളാണെന്ന് ഹരിഷ് അയ്യർ പറഞ്ഞു. കുറച്ച് ചീത്ത പറഞ്ഞുള്ള മെയിലുകളുമുണ്ട്. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നും അന്വേഷണങ്ങളുമായി കത്തുകളുണ്ട്. എല്ലാം പരിശോധിച്ച് പതിയെ തീരുമാനമെടുക്കുകയുളളുവെന്ന് ഹരീഷ് അയ്യർ പറഞ്ഞു.

ഹരിഷിനു വേണ്ടി നൽകിയ മാട്രിമോണിയൽ പരസ്യം

സ്വവർഗാനുരാഗിയായ മകനുവേണ്ടി അമ്മ പദ്മ അയ്യർ നൽകിയ പരസ്യം വൻ വിവാദമായിരുന്നു. മുംബൈയിൽ താമസിക്കുന്ന ഹരീഷിനുവേണ്ടി 25 നും 40 നും ഇടയിൽ പ്രായമുള്ള സസ്യാഹാരികളും മൃഗസ്നേഹികളുമായ വരൻമാരെ തേടിയായിരുന്നു പരസ്യം. പരസ്യം ഇങ്ങനെയായിരുന്നു: ‘നല്ല ജോലിയുള്ള, മൃഗസ്നേഹിയായ, വെജിറ്റേറിയനായ വരനെ തേടുന്നു. എന്റെ മകനു വേണ്ടിയാണ്. അവൻ ഒരു എൻജിഒയിൽ ജോലി ചെയ്യുന്നു. വരന്റെ ജാതി പ്രശ്നമല്ല, അയ്യരാണെങ്കിൽ സന്തോഷം. മകന്റെ ഉയരം അഞ്ചടി 11 ഇഞ്ച്, വയസ്സ് 36.’ പരസ്യം വായിച്ചവർ ആദ്യമൊന്നു ഞെട്ടി. വല്ല അക്ഷരപ്പിശകും പറ്റിയതാണെന്നാണു പലരും കരുതിയത്. എന്നാൽ പരസ്യം തൊട്ടുപിറകെ വാർത്തയായതോടെ ഉറപ്പായി, സംഗതി സത്യമാണ്.സ്വവർഗാനുരാഗികളുടെ അവകാശത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയിലെ അംഗം കൂടിയാണ് ഹരിഷ്.

ഹരിഷ് അയ്യർ

പ്രായപൂർത്തിയായവർ സ്വകാര്യമായി സ്വവർഗ ബന്ധത്തിൽ ഏർപ്പെടുന്നതു കുറ്റകരമാക്കുന്നതു ഭരണഘടനാവിരുദ്ധമാണെന്നു 2009 ജൂലൈ രണ്ടിനു ഡൽഹി ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി പിന്നീട് സുപ്രീം കോടതി റദ്ദാക്കി. എന്തായാലും ഇന്ത്യയിലെ ആദ്യത്തെ ഗേ മാട്രിമോണിയൽ പരസ്യം രാജ്യാന്തര മാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു.