പോൺ മാഗസിൻ പെന്റ്ഹൗസ് ഇനി വിരൽത്തുമ്പിൽ വായിക്കാം

പെന്റ്ഹൗസ് മാഗസിൻ

പ്ലേബോയ്‌ മാഗസിന് പിന്നാലെ മറ്റൊരു പോൺ മാസിക കൂടി വാർത്തകളിലിടം നേടുകയാണ്‌. പ്ലേബോയ് മാഗസിന്റെ പ്രധാന എതിരാളിയായ പെന്റ്ഹൗസ് മാഗസിൻ ഡിജിറ്റൽ വിപണിയിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ്. അമ്പതു വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മാഗസിൻ പ്രിന്റിംഗ് പബ്ലിക്കേഷൻ അവസാനിപ്പിച്ച് ഓൺലൈൻ രംഗത്തേക്കു കാലുകുത്താൻ ഒരുങ്ങുന്നു.

അടുത്തിടെയാണ് സ്ത്രീനഗ്നത ഇനിമുതൽ പ്രദർശിപ്പിക്കില്ലെന്ന തീരുമാനവുമായി പ്ലേബോയ് രംഗത്തെത്തിയത്. ഇന്റർനെറ്റുവഴി ഇത്തരം ദൃശ്യങ്ങളും വിഡിയോയും സുലഭമായ സാഹചര്യത്തിലാണ് സ്ത്രീകളുടെ നഗ്നശരീരങ്ങൾ പ്രദര്‍ശിപ്പിക്കുന്നത് നിർത്താൻ തീരുമാനിച്ചതെന്ന് പ്ലേബോയ് വക്താക്കൾ പറഞ്ഞിരുന്നു. സമാനമായി ഡിജിറ്റൽ രംഗത്തേക്ക് കാലുകുത്തുകയാണ് പെന്റ്ഹൗസ് മാഗസിൻ. ലോകത്തെ മികച്ച അഡൽട് ഓൺലി മാഗസിന്റെ വായാനാനുഭവം ബഹുഭൂരിപക്ഷം ജനങ്ങളിലേക്കും എത്തിക്കാനുള്ള പുതിയ വഴിയായാണ് തങ്ങൾ ഡിജിറ്റൽ മാഗസിനെ കാണുന്നത് എന്ന് മാഗസിൻ അധികൃതർ പറഞ്ഞു

ഓൺലൈൻ വഴി അഡൽട് ഓൺലി കണ്ടന്റ് പരക്കാൻ തുടങ്ങിയതോടെ പെന്റ്ഹൗസ് പ്രതിസന്ധിയിലായിരുന്നു. 2008 മുതൽ മാഗസിന്‍ സാമ്പത്തികലാഭം നേടുന്നതിലും ഏറെ പിന്നിലായിരുന്നു. 1965ൽ യുകെയില്‍ ബോബ് ഗുസിയോൺ സ്ഥാപിച്ച പെന്റ് ഹൗസ് പിന്നീട് യുഎസിലേക്കു കളം മാറ്റുകയായിരുന്നു. പ്രതാപകലാത്ത് മാസത്തിൽ അഞ്ചു മില്യൺ കോപ്പികൾ വരെ വിറ്റഴിച്ച ചരിത്രമാണ് പെന്റ്ഹൗസ് മാഗസിന്റേത്.