പ്രണയം തോന്നി, പ്രൊപോസ് ചെയ്തു, പക്ഷേ മറുപടി നൽകിയത് അവളുടെ കാമുകൻ!

Representative Image

ഒരു പെൺകുട്ടിയോടു പ്രണയം കാത്തുസൂക്ഷിച്ച് മനസ്സു തുറക്കാൻ കാത്തിരുന്നിട്ടുണ്ടോ? ഇനിയിപ്പോ അവൾക്കെങ്ങാനും മറ്റൊരു കാമുകനുണ്ടെങ്കിലോ എന്നുകരുതി പറയാതിരുന്നിട്ടുണ്ടോ? എന്നാൽ ഈ പ്രണയം പറയൽ അത്ര വലിയ സംഭവമല്ലെന്നും സംഗതി നിരാശയാണെങ്കിൽപ്പോലും അതും സെലിബ്രേറ്റ് ചെയ്യണമെന്നും പറയുന്നതാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നൊരു ട്വീറ്റ്. കാലിഫോർണിയ സ്വദേശിയായ ഡാനിയാണ് കഥയിലെ താരം. പ്രണയം േതാന്നിയ പെൺകുട്ടിയോട് അതു വെളിപ്പെടുത്തിയതിന് ഡാനിക്കു കിട്ടിയ മറുപടി അവളുെട കാമുകനിൽ നിന്നായിരുന്നു. 

സ്റ്റാർബക്സില്‍ കോഫി കുടിക്കുന്നതിനിടെയാണ് അവിടെയുണ്ടായിരുന്ന ഒരു പെൺകുട്ടിയോടു പ്രണയം പറയാൻ ഡാനി തീരുമാനിച്ചത്. അതിനു കണ്ടെത്തിയ വഴിയോ ഒരു കുഞ്ഞു പേപ്പറിൽ തന്റെ ഹൃദയം തുറന്നെഴുതുക എന്നതായിരുന്നു. താൻ കണ്ടതിൽ വച്ചേറ്റവും സുന്ദരിയായ പെൺകുട്ടിയാണ് നീ എന്നും ബോയ്ഫ്രണ്ടില്ലെങ്കിൽ മാത്രം ഇതിൽ കുറിച്ചിരിക്കുന്ന നമ്പറിലേക്ക് മെസേജ് അയക്കണമെന്നും ഡാനി എഴുതി. തീർന്നില്ല തന്റെ ഉള്ളം കവർന്ന യുവതിക്കായി ഒരു കോഫിയും ഡാനി ഓര്‍ഡർ ചെയ്തിരുന്നു. ഒപ്പം യുവതിക്ക് ആ കോഫി ഇഷ്ടമാകുമോ എന്ന ആശങ്കയും കുറിപ്പിൽ പങ്കുവച്ചു. 

ഇനിയാണ് കഥയിലെ ട്വിസ്റ്റ്. കുറിപ്പു കിട്ടിയ യുവതി മറുപടി നൽകുന്നതിനു പകരം ഡാനിക്കു കിട്ടിയ മെസേജ് അവളുടെ കാമുകനിൽ നിന്നുമായിരുന്നു. മാന്യമായ ഭാഷയിൽ അവൾ തന്റെ കാമുകിയാണെന്നു വ്യക്തമാക്കുന്നതായിരുന്നു ആ മെസേജ്. സ്റ്റാർബക്സിൽ വച്ചു താങ്കൾ കോഫി നൽകിയ പെൺകുട്ടിയുടെ കാമുകനാണ് താൻ. അവളുടെയുള്ളിൽ പുഞ്ചിരി നിറച്ചതിനു നന്ദി. സൗഹൃദത്തിലുപരി മറ്റൊരുദ്ദേശത്തോടെ മെസേജ് അയക്കരുത്. എന്തായാലും ഇക്കാര്യം നിങ്ങളെ അറിയിക്കാൻ ഞാൻ തന്നെ മെസേജ് അയക്കാമെന്നു ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.‌‌

പക്ഷേ ഈ മറുപടി കേട്ടു നിരാശകാമുകനായി കുത്തിയിരിക്കാനൊന്നും ഡാനിയെ കിട്ടില്ല. തെല്ലും മടിയില്ലാതെ താൻ നൽകിയ കുറിപ്പും കാമുകന്‍ തിരിച്ചയച്ച മെസേജും സഹിതം ഡാനി ട്വീറ്റ് ചെയ്തു. ട്വീറ്റിന് വൻവരവേൽപാണു കിട്ടിയതെന്നു പ്രത്യേകം പറയേണ്ടല്ലോ. പക്ഷേ ഡാനിയേക്കാൾ പിന്തുണ കൂടുതൽ കാമുകന്റെ മറുപടിക്കായിരുന്നു. ഡാനി പ്രൊപോസ് ചെയ്ത രീതിയെ അഭിനന്ദിച്ചതിനൊപ്പം കാമുകൻ അതെത്ര മാന്യമായാണു കൈകാര്യം ചെയ്തതെന്നാണ് പലരും പറയുന്നത്. 2018ല്‍ സ്ത്രീകളെച്ചൊല്ലി വഴക്കടിക്കുന്ന പുരുഷന്മാർ ഉണ്ടാകില്ലെന്നതിന്റെ തെളിവാണിതെന്നു വരെ കമന്റുകൾ വന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam