'ഭാവി ഭർത്താവ് ക്ഷമിക്കണം.. ധോണിയായിരിക്കും എന്നും എന്റെ ആദ്യപ്രണയം'

മഹേന്ദ്ര സിങ് ധോണി, പ്ലക്കാർഡും പിടിച്ചു നിൽക്കുന്ന യുവതി

ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിക്ക് ഇന്നും ആരാധകരേറെയാണ്. തോളൊപ്പം വെട്ടിയ മുടിയുമായെത്തി മൈതാനത്ത് വെടിക്കെട്ടു ബാറ്റിങ് നടത്തിയ ധോണിയുടെ ആരാധകരിലേറെയും പെൺകൊടികളാണെന്നു പ്രത്യേകം പറയേണ്ടല്ലോ. വിവാഹിതനായി ഒരു കുഞ്ഞിന്റെ അച്ഛനായി കഴിഞ്ഞതിനുശേഷവും പെൺമനസ്സുകളിൽ ധോണിയുടെ സ്ഥാനത്തിനു മാറ്റമൊന്നുമില്ല. അതു വ്യക്തമാക്കുന്നൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. 

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ കൂടിയായ ഈ മുൻഇന്ത്യൻനായകനോട് ഇന്നും അടങ്ങാത്ത പ്രേമം കാത്തുസൂക്ഷിക്കുന്ന പെൺകുട്ടികളുണ്ട്. അതിനു തെളിവായിരുന്നു ഗാലറിയിലുയര്‍ന്ന ആ പ്ലക്കാർഡും യുവതിയും. രാജസ്ഥാൻ റോയൽസിനെതിരായി കളിക്കുന്നതിനിടെയാണ് ധോണിയോട് പ്രണയം മൂത്തൊരു പെൺകുട്ടി ക്യാമറക്കണ്ണുകളിൽ പതിഞ്ഞത്.

'' എന്റെ ഭാവി ഭർത്താവ് ക്ഷമിക്കണം. എംഎസ് ധോണിയായിരിക്കും എന്നും എന്റെ ആദ്യപ്രണയം. ഐലവ് യൂ മഹി''- എന്നെ‌ഴുതിയ കാർഡും പിടിച്ചുനിന്ന യുവതിയുടെ ചിത്രം ആദ്യ അപ്‌ലോഡ് ചെയ്തത് ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വിറ്റര്‍ പേജിലാണ്. പിന്നീടു നിമിഷനേരം െകാണ്ടാണ് സംഗതി വൈറലായത്. ‌

ഇക്കാര്യത്തിൽ ധോണിയുടെ ഭാര്യ സാക്ഷിയുടെ പ്രതികരണം എന്തായിരിക്കുമെന്നു കമന്റ് ചെയ്യുന്നവരുണ്ട്. ലോകമെങ്ങും ആരാധകരുള്ള താരത്തിന്റെ ഭാര്യ ഇതു വകവെക്കാനിരുന്നാൽ അതിനേ സമയം കാണൂ എന്നു പറയുന്നവരുമുണ്ട്. എന്തായാലും ഫീൽഡിലേതു പോലെ തന്നെ ഈ വിഷയത്തെയും മഹി കൂളായി തന്നെയെടുക്കും എന്നുറപ്പാണെന്നു പറയുന്നു പലരും. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam