Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫൊട്ടോഗ്രഫി വിപ്ലവം: സെക്കന്‍ഡില്‍ 20 ഫ്രെയിം, ഞെട്ടിച്ച് സോണി

sony-a9

സ്‌പോര്‍ട്‌സ് ഫൊട്ടോഗ്രഫിയില്‍ ഒരു സെക്കന്‍ഡില്‍ എത്ര ഫ്രെയിം ഷൂട്ടു ചെയ്യാമെന്നത് വളരെ പ്രാധാന്യമുള്ള ഒന്നാണ്. ക്യാനനും നിക്കോണും കൈയ്യടക്കി വച്ചിരുന്ന മേഖലകളില്‍ ഒന്നാണിത്. സോണി പുറത്തിറക്കിയ ആല്‍ഫാ 9 (alpha 9) ക്യാമറയ്ക്ക് സെക്കന്‍ഡില്‍ 20 ഫ്രെയിം എടുക്കാനാകും! (ക്യാമറയ്ക്ക് സെക്കന്‍ഡില്‍ 60 ഫ്രെയിം എന്ന രീതിയില്‍ ഓട്ടോഫോക്കസ്, ഓട്ടോ എക്‌സ്‌പോഷര്‍ കാര്യങ്ങളിലും ക്യാമറയ്ക്ക് ശ്രദ്ധിക്കാന്‍ സാധിക്കുമെന്നത് ഫൊട്ടോഗ്രഫര്‍മാര്‍ക്ക് അനുഗ്രഹമാകും.) പ്രാഥിമ റിപ്പോര്‍ട്ടുകള്‍ പ്രകാരം സോണിയുടെ ഷൂട്ടിങ് സ്പീഡ് അവകാശവാദം തട്ടിപ്പല്ല.

പരമ്പരാഗത ക്യാമറാ നിര്‍മാതാക്കളില്‍, വേറിട്ടു ചിന്തിക്കാന്‍ കഴിയുമെന്നു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തെളിയിച്ചു വരികയായിരുന്ന സോണി, ക്യാനിക്കോണിന്റെ (Canikon) മറ്റൊരു കോട്ടയിലേക്കും പാഞ്ഞു കയറുകയാണ്.  ലോകത്തെ ആദ്യത്തെ ഫുള്‍ഫ്രെയിം മിറര്‍ലെസ് സ്‌പോര്‍ട്‌സ് ക്യാമറ എന്ന വിശേഷണമാണ് ഈ ക്യാമറയ്ക്കു ചേരുന്നത്. സ്റ്റാക് ചെയ്തു നിര്‍മിച്ച, 24MP ഫുള്‍ഫ്രെയിം സെന്‍സറാണ് ക്യാമറയിലുള്ളത് എന്നത് മറ്റു ക്യാമറാ നിര്‍മാതാക്കളുടെ ഉറക്കം കെടുത്തും. തുടര്‍ച്ചയായി 241 കംപ്രെസ് ചെയ്ത റോ, അല്ലെങ്കില്‍ 362 ജെയ്‌പെഗ് ചിത്രങ്ങള്‍ എടുക്കാനുള്ള പ്രാപ്തിയും ക്യാമറയ്ക്കുണ്ട്.

നിലവിലുള്ള ഫുള്‍ഫ്രെയിം ആല്‍ഫാ മോഡലുകളെക്കാള്‍ മികച്ച നിര്‍മാണത്തികവുള്ള ബോഡിയാണിത്. എന്നാല്‍ ഈ ക്യാമറയ്ക്ക്, നിലവിലെ രാജാക്കന്മാരായ നിക്കോണ്‍ D5, ക്യാനന്‍ EOS-1D X Mark II എന്നീ ക്യാമറകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഷൂട്ടിങില്‍ എന്തൊക്കെ വ്യത്യാസങ്ങളാണ് ഉള്ളതെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്ന കാര്യമാണ്.

സെന്‍സര്‍ നിര്‍മാണത്തില്‍ സോണി തങ്ങളുടെ കഴിവുകള്‍ മുഴുവന്‍ a9 ക്യാമറയ്ക്കായി എടുത്തു പ്രയോഗിച്ചിട്ടും ഉണ്ട്. ബാക് ഇലൂമിനേറ്റഡ് സ്ട്രക്ചര്‍, ഗ്യാപ്പില്ലാത്ത ഓണ്‍-ചിപ് ലെന്‍സ് ആര്‍കിടെക്ചര്‍ തുടങ്ങിയവയൊക്കെ സന്നിവേശിപ്പിച്ചിട്ടുണ്ട്. സ്വാഭാകി ISO 100-51200 വരെയാണെങ്കില്‍ ബൂസ്റ്റു ചെയ്യുമ്പോള്‍ ഇത് 50-204800 റെഞ്ചിലേക്ക് മാറും. നോയ്‌സ് ലെവല്‍ വളരെ നിയന്ത്രിച്ചാണ് സെന്‍സര്‍ നിര്‍മ്മിച്ചിരിക്കുന്നതത്രെ.

വ്യൂഫൈന്‍ഡറിലെ 93 ശതമാനം സ്ഥലത്തും പടര്‍ന്നു കിടക്കുന്ന 693 ഓട്ടോഫോക്കസ് പോയിന്റുകള്‍ ഫ്രെയ്മിൽ എവിടെയും ശരിയായ ഫോക്കസ് ഉറപ്പാക്കാനായി കാവല്‍ നില്‍ക്കുന്നു. ക്യാമറയ്ക്ക് 4D ഫോക്കസ് ശേഷിയുമുണ്ട്. സമയവും, സബ്ജക്ടുമായുള്ള അകലവുമൊക്കെ പരിഗണിച്ചുള്ള ഈ ഓട്ടോഫോക്കസ് സിസ്റ്റം, നിലനിന്നിരുന്ന എഎഫ് രീതികളെ പുരാതനമാക്കുന്നതാണെന്ന് സോണി അവകാശപ്പെടുന്നു.

1/32,000 വരെ കിട്ടുന്ന ഇലക്ട്രോണിക് ഷട്ടറാണ് മറ്റൊരു പ്രത്യേകത. മെക്കാനിക്കല്‍ ഷട്ടറുമുണ്ട്. ഇതിന് 1/250 സിങ്ക് സ്പീഡും ഉണ്ട്. ക്യാമറയില്‍ തന്നെയുള്ള 5-ആക്‌സിസ് ഇമേജ് സ്റ്റബിലൈസേഷന്‍-നാണിക്കൂ നിക്കോണ്‍, ക്യാനന്‍-അഞ്ചു സ്‌റ്റോപ് വരെ സ്റ്റബിലൈസേഷന്‍ നല്‍കുന്നു. ഒന്നല്‍ UHS-II കാര്‍ഡു സപ്പോര്‍ട്ടു ചെയ്യുന്ന ഇരട്ട മെമ്മറി കാര്‍ഡ് സ്ലോട്ടുകളും ക്യാമറയ്ക്കുണ്ട്.

മുന്‍ മോഡലുകളെക്കാള്‍ ഇരട്ടി ശേഷിയുള്ള ബാറ്ററിയാണ് പുതിയ ക്യാമറയ്ക്ക് എന്നു പറയുന്നു. പുതിയ ക്യാമറയ്ക്കായി രണ്ടു ബാറ്ററികള്‍ സ്വീകരിക്കുന്ന ഗ്രിപ്പും സോണി ഇറക്കുന്നുണ്ട്. ക്യാമറാ മൗണ്ടിനും വലിപ്പം കൂട്ടിയിട്ടുണ്ട്. കൂടുതല്‍ സ്‌ക്രൂകളും മറ്റും കാണാം. ഇത്തരം ഉറപ്പുള്ള നിര്‍മാണം ഫൊട്ടോഗ്രഫര്‍മാര്‍ക്ക് ക്യാമറയിലുള്ള വിശ്വാസം കൂട്ടും. 

പുതിയ Bionz X പ്രൊസസര്‍ നിലവിലുള്ള ഏറ്റവും ശക്തമായ സോണി ക്യാമറയെക്കാള്‍ 1.8 തവണ പ്രോസസിങ് സ്പീഡ് വര്‍ധിപ്പിക്കും. വിഡിയോ ഷൂട്ടിങിലും ഇവന്‍ തകര്‍ക്കും. സെന്‍സറിന്റെ മുഴുവന്‍ പ്രതലവും ഉപയോഗിച്ച് 4K വിഡിയോ റെക്കോഡു ചെയ്യാം. ശരിക്കു പറഞ്ഞാല്‍ ഇത് 6K യ്ക്കു വേണ്ടത്ര പിക്‌സലുകള്‍ റെക്കോഡു ചെയ്ത ശേഷം ഡൗണ്‍ സാംപിള്‍ ചെയ്‌തെടുക്കുന്ന വിഡിയോ ആണ്. ഈ വര്‍ഷം മെയ്-ജൂണ്‍ മാസങ്ങളില്‍ മാര്‍ക്കറ്റിലെത്തുമെന്നു പ്രതീക്ഷിക്കുന്ന ക്യാമറയുടെ ഏകദേശ വില 4500 പൗണ്ടാണ്. ക്യാമറയെ കുറിച്ചു വേണ്ടതെല്ലാം അറിയാനും ചിത്രങ്ങള്‍ കാണാനും ഈ ലിങ്ക് ഉപയോഗിക്കുക  ക്യാമറിയില്‍ എടുത്ത സാമ്പിള്‍ ഫോട്ടോകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്.