sections
MORE

രഹസ്യം ഒളിപ്പിച്ച് നിക്കോണ്‍ D3500!

Nikon-D3500
SHARE

ആദ്യ മിറര്‍ലെസ് ക്യാമറകള്‍ അവതരിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഏറ്റവും വില കുറഞ്ഞ DSLR ക്യാമറയും നിക്കോണ്‍ അവതരിപ്പിച്ചു. ആദ്യ DSLR വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ഇറക്കിയിരിക്കുന്ന ഈ ക്യാമറയ്ക്ക് ഇതിന്റെ മുന്‍ഗാമിയായ D3400ന് ഇല്ലാത്ത വമ്പന്‍ ഫീച്ചര്‍ നല്‍കിയിട്ടുണ്ട്. D3400യെക്കാള്‍ ആകര്‍ഷകമായ ക്യാമറയാക്കാന്‍ നിക്കോണ്‍ മറ്റു ഫീച്ചറുകളും ഇതിനു നല്‍കിയിട്ടുണ്ട്.

നിക്കോണിന്റെ ടില്‍റ്റ് എല്‍സിഡി സ്‌ക്രീനുള്ള ശ്രേണിയാണ് D5xxx. ഈ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ D5600 വളരെ പ്രശംസ പിടിച്ചുപറ്റിയ മോഡലാണ്. ഈ മോഡലിന് റ്റില്‍റ്റ് എല്‍സിഡി ഇല്ലാതിരുന്നാല്‍ എങ്ങനെയിരിക്കും? അതാണ് ഇപ്പോള്‍ അവതരിപ്പിച്ച D3500 എന്നു വേണമെങ്കില്‍ ഒഴുക്കനായി പറയാം. തങ്ങളുടെ ഏറ്റവും ഭാരക്കുറവുള്ള, ഉപയോക്താക്കള്‍ക്ക് ഏറ്റവും സൗഹാര്‍ദ്ദപരമായ DSLR എന്നാണ് നിക്കോണ്‍ ഈ ക്യാമറയെ വിശേഷിപ്പിച്ചത്. നിക്കോണിന്റെ ഇന്നത്തെ പല APS-C ബോഡികളെയും പോലെ ഇതിനും 24.2MP റെസലൂഷനുള്ള സീമോസ് സെന്‍സറാണ് നല്‍കിയിരിക്കുന്നത്. ഇതിന്റെ സ്വാഭാവിക ISO 100-25600 ആണ്. ഫുള്‍ എച്ഡി മൂവി സെക്കന്‍ഡില്‍ 60 ഫ്രെയിം ഷൂട്ടു ചെയ്യാമെന്നതാണ് ഇതിന്റെ പരമാവധി വിഡിയോ റെക്കോഡിങ് ശേഷി. തുടക്കക്കാര്‍ക്കായി ധാരാളം ഈസി മോഡുകളുണ്ട്. ഓരോ കാര്യവും പഠിച്ചു വരുന്നതുവരെ ഈ മോഡുകള്‍ ഉപയോഗിച്ചാല്‍ നല്ല ചിത്രങ്ങള്‍ എടുക്കാം.

പ്രധാന മാറ്റങ്ങള്‍

D3400യെ അപേക്ഷിച്ച്, ക്യാമറയുടെ പിന്നിലെ മെന്യൂ സിസ്റ്റത്തില്‍ മാറ്റം വരുത്തയിട്ടുണ്ട്. മുന്‍ മോഡലിനെക്കാളേറെ 30 ഗ്രാമാണ് ഭാരക്കുറവ്. എന്നാല്‍ ഈ രണ്ടു മോഡലുകളും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം ബാറ്ററിയുടെ പ്രകടനത്തിലാണ്. മുന്‍ മോഡലില്‍ ഒറ്റ ഫുള്‍ ചാര്‍ജില്‍ എടുക്കാവുന്ന സ്റ്റില്‍ ചിത്രങ്ങളുടെ എണ്ണം 12,00 ആണെങ്കില്‍ പുതിയ ക്യാമറയില്‍ അത് 1550 ആണ്. ബാറ്ററിയുടെ പ്രകടനശേഷി ഏകദേശം 29 ശതമാനം വര്‍ധിച്ചിരിക്കുന്നു എന്നത് ഇതു വാങ്ങാന്‍ സാധ്യതയുള്ളവര്‍ക്ക് വലിയൊരു അനുഗ്രഹമായിരിക്കും.

ഇരു മോഡലുകളും തമ്മിലുള്ള മറ്റൊരു പ്രധാന മാറ്റം ഡിസൈനിലാണ്. മുന്‍ മോഡലിനെക്കാള്‍ മികച്ച ഗ്രിപ്പാണ് പുതിയ ക്യാമറയ്ക്കുള്ളത്. ഇത് ഭാരം കൂടുതലുള്ള ലെന്‍സുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ കൂടുതല്‍ ബാലന്‍സ് കിട്ടാന്‍ സഹായിക്കും. 

ഏറ്റവും വലിയ വ്യത്യാസം

നിക്കോണ്‍ പുതിയ ക്യാമറയുടെ കാര്യത്തില്‍ ഒളിപ്പിച്ച ഏറ്റവും വലിയ രഹസ്യം അതിന് ഒപ്ടിക്കല്‍ ലോ പാസ് ഫില്‍റ്റര്‍ ഇല്ലെന്ന കാര്യമാണ്. ഇതിന്റെ അഭാവം കൂടുതല്‍ ഷാര്‍പ് ആയിട്ടുള്ള ഫോട്ടോ എടുക്കാന്‍ സഹായകമാണ്. നിക്കോണ്‍ D800E ഫുള്‍ഫ്രെയിം ബോഡിയിലാണ് ഈ ഫീച്ചര്‍ ആദ്യമായി അവതരിപ്പിച്ചത്. എന്നാല്‍ പിന്നെ പല മോഡലുകളിലും ഇത് കൊണ്ടുവന്നിരുന്നു. പക്ഷേ, നിക്കോണിന്റെ ഏറ്റവും വില കുറഞ്ഞ ശ്രേണിയായ D3xxxല്‍ ആദ്യമായാണ് ഈ ഫീച്ചര്‍ എത്തുന്നത്. മികച്ച ലെന്‍സുകള്‍ ഉപയോഗിച്ചാല്‍ ഈ സീരിസില്‍ ഇതിനു മുമ്പിറങ്ങിയ ഏതു ക്യാമറയെക്കാളും ഷാര്‍പ് ആയിട്ടുള്ള ചിത്രങ്ങള്‍ ഈ ക്യാമറ എടുക്കും.

വില

മറ്റൊരു പ്രധാന വ്യത്യാസം വിലയാണ്. ഒറ്റയടിക്ക് 150 ഡോളറാണ് പഴയ മോഡലിനെക്കാള്‍ കുറച്ചിരിക്കുന്നത്. D3400യുടെ വില 649 ഡോളറാണെങ്കില്‍ D3500 യുടെ എംആര്‍പി 499 ഡോളറാണ്. ഇന്ത്യക്കാര്‍ക്ക് ഈ വില വ്യത്യാസം ലഭിച്ചേക്കില്ല. രൂപയുടെ മൂല്യം ഇടിയുന്നതാണ് കാരണം. D3400യ്ക്ക് 30,000 രൂപയ്ക്കു മുകളിലാണു വില. D3500യുടെ വിലയും ഏകദേശം അത്രയൊക്കെത്തന്നെയായരിക്കും. ബോഡിക്കൊപ്പം 18-55 af-p ലെന്‍സായിരിക്കും കിട്ടുക. പുതിയ ക്യാമറയില്‍ എടുത്ത സാംപിള്‍ ചിത്രങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA