Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹിരാകാശത്തു നിന്നും ഉത്തരകൊറിയ ആക്രമിച്ചാല്‍ അമേരിക്കക്ക് തടയാനാവില്ല?

Kim-Jong-Un

ആണവാക്രമണം സംഭവിച്ചാല്‍ രക്ഷപ്പെടാനുള്ള ഷെല്‍ട്ടറുകളുടേയും എയര്‍ പ്യൂരിഫെയറുകളുടേയും റേഡിയേഷന്‍ തടയുന്ന ഉപകരണങ്ങളുടേയും കച്ചവടം ജപ്പാനിൽ ഇപ്പോഴും തകൃതിയായി നടക്കുകയാണ്. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ അവസ്ഥയാണ് ജപ്പാന്‍കാരുടെ ഭീതിക്ക് പിന്നില്‍. എന്നാല്‍ താരതമ്യേന സുരക്ഷിതമായ അകലത്തിലാണ് അമേരിക്കയെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍ ഉത്തരകൊറിയ ബഹിരാകാശത്തു നിന്നും ആണവാക്രമണം നടത്തിയാല്‍ അമേരിക്ക നിരായുധരാകുമെന്നതാണ് സാങ്കേതിക വിദഗ്ധരുടെ നിരീക്ഷണം. 

നിലവിലെ അമേരിക്കയുടെ കേള്‍വികേട്ട പ്രതിരോധ സംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്നതായിരിക്കും ബഹിരാകാശത്തു നിന്നുള്ള ആക്രമണം. കരമാര്‍ഗം അമേരിക്ക വരെയെത്താന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈല്‍ ഇതുവരെ കിം ജോങ് ഉൻ പരീക്ഷിച്ചിട്ടില്ല. അതേസമയം, അത്യാധുനിക ശേഷിയുള്ള റോക്കറ്റ് എൻജിനുകളുടെ പരീക്ഷണം കഴിഞ്ഞ ദിവസങ്ങളിലും ഉത്തരകൊറിയ നടത്തിയിരുന്നു. അതെ, മിസൈല്‍ വഴി സാറ്റലൈറ്റുകളെ ബഹിരാകാശത്തെത്തിക്കാന്‍ ഉത്തര കൊറിയക്കു സാധിക്കുമെന്ന് ചുരുക്കം. നിലവില്‍ രണ്ട് ഉത്തരകൊറിയന്‍ സാറ്റലൈറ്റുകള്‍ ഭൂമിയെ വലം വെക്കുന്നുണ്ട്.

സാറ്റലൈറ്റ് എന്ന വ്യാജേന അണുബോംബ് ബഹിരാകാശത്തെത്തിച്ച് വേണ്ട പോലെ ഉപയോഗിക്കാനും ഉത്തരകൊറിയക്കു സാധിച്ചേക്കും. ഭൂമിക്ക് മുകളില്‍ 300 മൈല്‍ ഉയരത്തില്‍ വെച്ച് ആണവസ്‌ഫോടനം നടത്തിയാല്‍ അമേരിക്കയ്ക്ക് ചെറുതല്ലാത്ത നാശനഷ്ടമുണ്ടാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കൊന്നും ഇത്തരം ആക്രമണത്തെ നേരിടാനുള്ള ശേഷിയില്ല. പരമാവധി 150 മൈല്‍ ഉയരത്തിലുള്ള മിസൈലുകളാണ് ഇത്തരം സംവിധാനത്തിന്റെ പരിധിയില്‍ വരിക. ഈ മിസൈല്‍ പ്രതിരോധത്തിന്റെ പരിധിക്ക് പുറത്ത് വെച്ച് തന്നെ ആക്രമണം നടത്താനാകുമെന്നതാണ് പ്രത്യേകത. മിസൈലുകള്‍ എത്തില്ലെങ്കിലും മുങ്ങിക്കപ്പലുകള്‍ അമേരിക്കയുടെ തീരത്തേക്ക് എത്താനാകുമെന്നതും ഭീഷണിയാണ്. 

trump-kim

ഇത്തരം ഒരു ആക്രമണം നടന്നാല്‍ ആള്‍ നാശത്തിനൊപ്പം വിവരസാങ്കേതിക സംവിധാനങ്ങളേയും ബാങ്കിങ്, ഫിനാന്‍സ് മേഖലയേയും ഗതാഗത സംവിധാനത്തേയുമെല്ലാം ബാധിക്കും. ഭക്ഷണവും വെള്ളവും കിട്ടാക്കനിയാകുന്നതോടെ സാധാരണക്കാര്‍ യുദ്ധക്കെടുതിയിലാകും. ആണവാക്രമണം സംഭവിച്ചാലുള്ള നഷ്ടത്തെ പണത്തിന്റെ മൂല്യം കൊണ്ട് കണക്കാക്കാനാകില്ല. തലമുറകള്‍ നീണ്ടു നില്‍ക്കുന്ന ദുരിതമാകും ഇതിലൂടെ സംഭവിക്കുകയെന്നത് ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.