ഭീകരരുടെ ‘സ്വർഗ’മാണ് പാക്കിസ്ഥാൻ, അണുബോംബുകൾ സുരക്ഷിതല്ല, ലോകത്തിന് ഭീഷണി!

പാക്കിസ്ഥാന്റെ പക്കലുള്ള അണ്വായുധങ്ങൾ ഭീകരരുടെ കൈകളിലെത്തുമോ എന്ന ആശങ്ക കൂടിവരികയാണ്. അമേരിക്കയും ഇന്ത്യയും ഈ ആശങ്ക നേരത്തെ തന്നെ പങ്കുവെച്ചതാണ്. പാക്കിസ്ഥാനിലെ ആണവായുധങ്ങള്‍ സംബന്ധിച്ച ആശങ്ക വലുതാണെന്ന് ട്രംപ് സര്‍ക്കാരിലെ ഒരു ഉന്നതന്‍ തന്നെ ദിവസങ്ങൾക്ക് മുൻപാണ് വെളിപ്പെടുത്തിയത്. അമേരിക്കയുടെ മേഖലയിലെ നയം തീരുമാനിക്കുന്നതില്‍ ഈ വിഷയം വലിയ പങ്കുവഹിക്കുമെന്നാണ് സൂചന. 

ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ച അമേരിക്കയുടെ ദക്ഷിണേഷ്യന്‍ നയത്തിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. അണ്വായുധങ്ങളോ അണ്വായുധ നിര്‍മാണ വസ്തുക്കളോ തെറ്റായ കരങ്ങളിലെത്തുമെന്ന സംശയമാണ് ട്രംപ് പ്രകടിപ്പിച്ചത്. മേഖലയിലെ ആണവരാഷ്ട്രങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മോശമാകുന്നത് സൈനിക നടപടികളിലേക്ക് നീങ്ങുമോയെന്നതും അമേരിക്കയുടെ ആശങ്കയാണ്. 

യുദ്ധമേഖലയില്‍ ഉപയോഗിക്കാനാവുന്ന അണ്വായുധങ്ങള്‍ മോഷണത്തിലൂടെയോ മറ്റേതെങ്കിലും വഴികളിലൂടെയോ ഭീകരരുടെ കൈകളിലെത്തിയാല്‍ ഇത് ചെറുതല്ലാത്ത പ്രത്യാഘാതങ്ങളാണ് മേഖലയില്‍ സൃഷ്ടിക്കുക. ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം വിശ്വാസം വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അമേരിക്ക നിർദ്ദേശിച്ചു. 

അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായി 2006-09 കാലയളവില്‍ സേവനമനുഷ്ടിച്ച ക്രിസ്റ്റഫര്‍ ക്ലാരിയുടെ ലേഖനത്തിലെ ചില പരാമര്‍ശങ്ങള്‍ തള്ളിക്കളയാവുന്നതല്ല. നിലവില്‍ പാക്കിസ്ഥാന്റെ കൈവശം കുറഞ്ഞത് 100 അണ്വായുധങ്ങളെങ്കിലുമുണ്ട്. 200 മുതല്‍ 300 വരെ അണ്വായുധങ്ങള്‍ നിര്‍മിക്കാനുള്ള സാമഗ്രികളും ഇവരുടെ കൈവശമുണ്ടെന്ന് ക്രിസ്റ്റഫര്‍ ലേഖനത്തിലെഴുതുന്നു. 

ഭീകരരുടേയും കുറ്റവാളികളുടേയും സുരക്ഷിത സ്വര്‍ഗമെന്നാണ് പാക്കിസ്ഥാനെ ദക്ഷിണേഷ്യന്‍ നയം വ്യക്തമാക്കിക്കൊണ്ട് ട്രംപ് നടത്തിയ പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. അഫ്ഗാനിസ്ഥാനിലെ സൈനിക സാന്നിധ്യം ഒരു പരിധിവരെ അവിടുത്തെ ഭീകരവാദം കുറക്കാന്‍ സഹായിച്ചെന്നാണ് അമേരിക്ക കരുതുന്നത്. അതേസമയം, പല ഭീകരവാദ സംഘങ്ങളും അഫ്ഗാനിസ്ഥാനില്‍ നിന്നും പാക്കിസ്ഥാനിലേക്ക് പ്രവര്‍ത്തനം മാറ്റിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ഭീകരര്‍ക്കെതിരായി കാര്യമായി നടപടിയെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല. 

പാക്കിസ്ഥാനിലെ ഭീകരവാദ ഗ്രൂപ്പുകളുടെ കാര്യത്തില്‍ പ്രധാനമായും രണ്ട് നയപരമായ ലക്ഷ്യങ്ങളാണ് അമേരിക്കയ്ക്കുള്ളത്. അമേരിക്കയെ ഇവര്‍ ആക്രമിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുക പാക്കിസ്ഥാന്റെ കൈവശമുള്ള അണ്വായുധങ്ങള്‍ ഭീരരുടെ കൈകളിലെത്താതിരിക്കാന്‍ ശ്രദ്ധിക്കുക എന്നിവയാണത്. ഇന്ത്യയുമായി യുദ്ധസമാനമായ സാഹചര്യങ്ങളുണ്ടാവുകയും അണ്വായുധങ്ങള്‍ അതിര്‍ത്തിയിലോ മറ്റോ വിന്യസിക്കുകയും ചെയ്യുന്നതാണ് അമേരിക്കയെ ഏറ്റവും കൂടുതല്‍ പേടിപ്പിക്കുന്ന വിഷയങ്ങളിലൊന്ന്. ഒരിക്കല്‍ യുദ്ധഭൂമിയിലെത്തിയാല്‍ അണ്വായുധങ്ങള്‍ തിരികെ സുരക്ഷിതമായെത്തിക്കാന്‍ പാക്കിസ്ഥാന്‍ സൈന്യത്തിന് കഴിയില്ലെന്നതാണ് ഈ പേടിക്കു പിന്നിലെ കാര്യം.