ഇഞ്ചിയോണും ഒസാനും കുരുതിക്കളമായി: ഉത്തരകൊറിയയെ തകർത്തത് അമേരിക്കൻ സേന!

യുഎന്‍ ഇടപെടല്‍

1950 ജൂണ്‍ 25-ന് യുഎന്‍ രക്ഷാസമിതി ഉത്തരകൊറിയന്‍ അധിനിവേശത്തെ അപലപിച്ചു പ്രമേയം പാസാക്കുകയും ദക്ഷണികൊറിയയെ സഹായിക്കാന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. വീറ്റോ അധികാരമുള്ള സോവിയറ്റ് യൂണിയന്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചിരുന്നു. അവസരം മുതലെടുത്ത് അമേരിക്കന്‍ പ്രസിഡന്റ് ട്രൂമാന്‍ ജൂണ്‍ 27-ന് യുഎസ് നാവിക, വ്യോമ സേനകള്‍ക്ക് ദക്ഷിണകൊറിയയെ സഹായിക്കാന്‍ ഉത്തരവു നല്‍കി. കടുത്ത പ്രതിഷേധവുമായി സോവിയറ്റ് യൂണിയന്‍ രംഗത്തെത്തി. അമേരിക്കന്‍ ഇടപെടല്‍ രാജ്യാന്തര ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് അവര്‍ ആരോപിച്ചു. ഓഗസ്റ്റിലാണ് കൊറിയന്‍ സൈനികനീക്കത്തിന് യുഎസ് കോണ്‍ഗ്രസ് പ്രസിഡന്റിന് അനുമതി നല്‍കിയത്. കൊറിയന്‍ സൈനികനീക്കത്തിന്റെ ചുമതല പ്രസിഡന്റ് ട്രൂമാന്‍ ജനറല്‍ ഡഗ്ലസ് മക് ആര്‍തറിനെ ഏല്‍പ്പിച്ചു.

ഒസാന്‍ യുദ്ധം

കൊറിയന്‍ യുദ്ധത്തില്‍ അമേരിക്കന്‍ സൈന്യം ആദ്യമായി ഇടപെടുന്നത് ഒസാനില്‍ നടന്ന യുദ്ധത്തിലാണ്. 540 യുഎസ് സൈനികര്‍ അടങ്ങുന്ന ടാസ്‌ക് ഫോഴ്‌സ് മിത്ത്. ജപ്പാനില്‍നിന്നു പറന്നിറങ്ങുകയായിരുന്നു. ജൂലൈ അഞ്ചിന് ഒസാനില്‍ വച്ച് ടാസ്‌ക് ഫോഴ്‌സ് മിത്ത് ഉത്തരകൊറിയന്‍ സൈന്യത്തെ ആക്രമിച്ചു. എന്നാല്‍ ടാങ്ക് വേധ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ നീക്കം പരാജയപ്പെട്ടു. 180 സൈനികര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ തടവുകാരാവുകയോ ചെയ്തു. തുടര്‍ന്ന് അവര്‍ക്ക് താജിയോണിലേക്കു പിന്മാറേണ്ടിവന്നു. തുടര്‍ന്നുണ്ടായ പോരാട്ടത്തില്‍ അമേരിക്കയുടെ 24-ാം ഇന്‍ഫന്ററി വിഭാഗത്തിന് കടുത്ത ആള്‍നാശമുണ്ടായി. 3602 സൈനികര്‍ കൊല്ലപ്പെട്ടു. മേജര്‍ ജനറല്‍ വില്യം എഫ് ഡീന്‍ ഉള്‍പ്പെടെ 2962 പേര്‍ പിടിയിലായി. 

ഓഗസ്‌റ്റോടെ അമേരിക്കന്‍-ദക്ഷിണകൊറിയന്‍ സൈന്യത്തെ തെക്കോട്ടു തുരത്താന്‍ ഉത്തരകൊറിയന്‍ സേനയ്ക്കു കഴിഞ്ഞു. തുടര്‍ന്നു നടത്തിയ മുന്നേറ്റത്തിനിടയില്‍ നിരവധി ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍ ജീവനക്കാരെയും ബുദ്ധിജീവികളെയും ഉത്തരകൊറിയന്‍ സൈന്യം കൊന്നൊടുക്കി. സെപ്റ്റംബറോടെ യുഎന്‍ സൈന്യത്തെ തെക്കുപടിഞ്ഞാറന്‍ കൊറിയയിലെ പുസാനു സമീപത്തുള്ള ചെറുഭാഗത്തേക്ക് ഒതുക്കി. എന്നാല്‍ അമേരിക്കന്‍ വ്യോമസേന ഇവിടെ ശക്തമായ ചെറുത്തുനില്‍പ് നടത്തി. 

ഇഞ്ചിയോണ്‍ യുദ്ധം 

ഉത്തരകൊറിയന്‍ സൈന്യത്തെ തകര്‍ക്കാന്‍ ഇഞ്ചിയോണില്‍ അപ്രതീക്ഷിത ആക്രമണം നടത്തുകയല്ലാതെ മാര്‍ഗില്ലെന്നു ജനറല്‍ മാക് ആര്‍തര്‍ തീരുമാനിച്ചു. യുദ്ധത്തിന്റെ ചരിത്രം തന്നെ മാറ്റിയ നിര്‍ണായക തീരുമാനം. ആദ്യഘട്ടത്തില്‍ പെന്റഗണ്‍ ഇതിനെ എതിര്‍ത്തെങ്കിലും തുടര്‍ന്ന് അനുമതി നല്‍കി. ഇതോടെ ജനറല്‍ എഡ്വേഡ് ആല്‍മണ്ടിന്റെ നേതൃത്വത്തില്‍ അമ്പതിനായിരത്തോളം സൈനികരെ കടല്‍മാര്‍ഗം ഇഞ്ചിയോണില്‍ എത്തിച്ചു. തുടര്‍ന്നു വ്യോമസേനയുടെ പിന്തുണയോടെ നടത്തിയ അതിശക്തമായ ഏറ്റുമുട്ടലില്‍ ഉത്തരകൊറിയന്‍ സൈന്യം പകച്ചു. സിയോളിനു ചുറ്റുമുണ്ടായിരുന്ന ഉത്തരകൊറിയന്‍ സൈനികരെ കൂട്ടക്കുരുതി നടത്തി. അമേരിക്കന്‍ ഫൈറ്റര്‍വിമാനങ്ങള്‍ നടത്തിയ കടുത്ത ബോംബാക്രമണത്തില്‍ ഇഞ്ചിയോണ്‍ പാടെ തകര്‍ന്നു. സെപ്റ്റംബര്‍ 21ന് ദക്ഷിണകൊറിയന്‍ സേന സിയോള്‍ തിരിച്ചുപിടിച്ചു. അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഉത്തരകൊറിയയുടെ ടാങ്കുകളും ഭൂരിഭാഗം വെടിക്കോപ്പുകളും തകര്‍ന്നു. ശക്തമായ മുന്നേറ്റം നടത്തിയ ഉത്തരകൊറിയന്‍ സൈന്യം പിന്തിരിഞ്ഞോടുന്ന കാഴ്ചയാണു പിന്നീടു കണ്ടത്. ഒടുവില്‍ ഉത്തരകൊറിയന്‍ തലസ്ഥാനമായ പോങ്യാങ്ങും പിടിച്ച് യുഎസ് സൈന്യം ചൈനീസ് അതിര്‍ത്തിയിലേക്കു മുന്നേറി. 

നാളെ: ഉത്തരകൊറിയയെ സഹായിക്കാൻ ചൈനീസ് സേന ഇറങ്ങുന്നു