Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകമഹായുദ്ധം: കണ്ണാടിയിലൂടെ ശത്രുക്കളെ ചുട്ടുകരിക്കാന്‍ ഹിറ്റ്‌ലർ പദ്ധതിയിട്ടു

hitler-glass

ബഹിരാകാശത്തെത്തിക്കുന്ന ഒരുമൈല്‍ വിസ്തൃതിയുള്ള കൂറ്റന്‍ കണ്ണാടിയെ ശത്രുക്കളെ ഭസ്മമാക്കാനുള്ള ആയുധമാക്കാന്‍ നാസി ജര്‍മ്മനി പദ്ധതിയിട്ടിരുന്നു. സൂര്യപ്രകാശം ഭൂമിയിലെ പ്രത്യേക പ്രദേശത്തേക്ക് പ്രതിഫലിപ്പിച്ച് നഗരങ്ങളെ തന്നെ തീയിടാനായിരുന്നു നാസികളുടെ ഭ്രാന്തന്‍ പദ്ധതി. രണ്ടാം മഹായുദ്ധകാലത്തെ നാസികളുടെ പദ്ധതിയെക്കുറിച്ച് അമേരിക്കന്‍ സൈന്യമാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 

സംഭവിച്ചിരുന്നെങ്കില്‍ സ്റ്റാര്‍വാര്‍സിലെ ഗാലക്ടിക് ചക്രവര്‍ത്തിയുടെ ഡെത്ത് സ്റ്റാറിന് തുല്യമായ ആയുധമായി ഇത് മാറിയേനേ. ബഹിരാകാശത്തെ കണ്ണാടിയെന്ന് വിളിക്കാവുന്ന ഈ ആയുധം ഭൂമിയില്‍ നിന്നും 5100 മൈല്‍ (8200 കിലോമീറ്റര്‍) ഉയരത്തില്‍ സ്ഥാപിക്കാനായിരുന്നു ജര്‍മ്മനിയുടെ പദ്ധതി. 1945ല്‍ പ്രസിദ്ധീകരിച്ച ലൈഫ് മാഗസിനിലാണ് ഇത് സംബന്ധിച്ച ആദ്യ സൂചനകളുള്ളത്. 

hitler

ബഹിരാകാശത്തെ സാറ്റലൈറ്റിനെ നിര്‍ണ്ണായക ആയുധമാക്കാന്‍ നാസികള്‍ ഗൗരവമായി ചിന്തിച്ചിരുന്നു- എന്ന തലക്കെട്ടിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജര്‍മ്മന്‍ ആയുധങ്ങളേയും പ്രതിരോധ ഗവേഷണങ്ങളേയും കുറിച്ച് അമേരിക്ക നടത്തിയ പഠനങ്ങളാണ് ഇത്തരമൊരു വിചിത്ര പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തെത്തിച്ചത്. 

ഇത്തരമൊരു കൊലയാളി സാറ്റലൈറ്റ് ബഹിരാകാശത്തെത്തിച്ചാല്‍ തങ്ങള്‍ക്ക് ശത്രുരാജ്യങ്ങളുടെ നഗരങ്ങളെ തന്നെ ഒറ്റയടിക്ക് ചുട്ടകരിക്കാമെന്ന് നാസി ശാസ്ത്രജ്ഞര്‍ വിശ്വസിച്ചിരുന്നു. ജര്‍മ്മനിയുടെ ബഹിരാകാശത്ത് കണ്ണാടി സ്ഥാപിക്കുകയെന്ന ആശയം ആദ്യം നല്ല ഉദ്ദേശത്തോടെയായിരുന്നു ആരംഭിച്ചിരുന്നത്. എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തോടെ ഇതിന്റെ ലക്ഷ്യം ശത്രു നിഗ്രഹമായി മാറുകയായിരുന്നു. ഒരു നഗരത്തെ തീയിടുകയോ നഗരത്തോട് ചേര്‍ന്നുള്ള സമുദ്രത്തെ തിളപ്പിക്കുകയോ ആയിരുന്നു ഇവര്‍ ലക്ഷ്യമായി കണ്ടത്. 

ഈ ലക്ഷ്യം സാധിക്കുന്നതില്‍ നിന്നും നാസികളെ അകറ്റിയത് ഒരേയൊരു കാര്യമായിരുന്നു. ഇത്രയുംവലിയ കണ്ണാടി ഭൂമിയില്‍ നിന്നും ബഹിരാകാശത്തെത്തിക്കാന്‍ തക്ക ശേഷിയുള്ള റോക്കറ്റ് അന്ന് അവരുടെ കൈവശമില്ലായിരുന്നു. അത്തരമൊരു റോക്കറ്റുണ്ടായിരുന്നെങ്കില്‍ ലോകത്തിന്റെ ഗതി തന്നെ മാറിയേനേയെന്നാണ് മാഗസിന്‍ റിപ്പോര്‍ട്ട് പറയുന്നത്. 

nasa

ബഹിരാകാശത്തെ കണ്ണാടികള്‍ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുമെന്ന് തെളിഞ്ഞിട്ടുള്ളതാണ്. 1993ല്‍ റഷ്യ സ്‌നാമ്യ എന്ന് പേരുള്ള ബഹിരാകാശ കണ്ണാടി സ്ഥാപിച്ചിരുന്നു. 65 അടി വിസ്തൃതിയുള്ള സ്‌നാമ്യക്ക് പൂര്‍ണ്ണ ചന്ദ്രന്റെ സമയത്തുള്ളത്രയും പ്രകാശം ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കാന്‍ കഴിയുമായിരുന്നു. കണ്ണാടിയെ ആയുധമായി ഉപയോഗിക്കുകയെന്ന ആശയം ആദ്യമായി നാസികളുടെ തലയിലല്ല ഉദിച്ചത്. ബിസി 214-212 കാലത്ത് ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞനായ ആര്‍ക്കിമിഡീസ് തന്നെ ഈ ആശയം അവതരിപ്പിച്ചിരുന്നു. വലിയ കണ്ണാടികള്‍ സ്ഥാപിച്ച് ശത്രുക്കള്‍ക്ക് നേരെ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുകയായിരുന്നു ആര്‍ക്കെമെഡീസിന്റെ ആശയം.