Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

103 ക്രൂസ് മിസൈലുകൾ, ഒരു തുള്ളി രക്തം വീണില്ല, സിറിയ കിമ്മിനുള്ള മുന്നറിയിപ്പ്

trump-kim

സിറിയയ്ക്കെതിരെ അമേരിക്കയും സഖ്യകക്ഷികളും 103 ക്രൂസ് മിസൈലുകൾ തൊടുത്തിട്ടും ഒരു തുള്ളി രക്തം പോലും വീണില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അമേരിക്ക ലക്ഷ്യമിട്ട സ്ഥലങ്ങളും കെട്ടിടങ്ങളും തകർക്കാനും സാധിച്ചു. സിറിയൻ ആക്രമണ പരീക്ഷണം വിജയിച്ചതോടെ മറ്റു ശത്രു രാജ്യങ്ങൾക്കെതിരെയും അമേരിക്ക ഈ തന്ത്രം പുറത്തെടുക്കുമെന്നാണ് കരുതുന്നത്. സിറിയൻ ആക്രമണം ഉത്തര കൊറിയൻ മേധാവി കിം ജോങ് ഉന്നിനുള്ള ഡൊണാൾഡ് ട്രംപിന്റെ ശക്തമായ മുന്നറിയിപ്പാണെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്.

സിറിയയിലെ രാസായുധ നിർമാണ, ഗവേഷണ കേന്ദ്രങ്ങളെല്ലാം അമേരിക്ക ബോംബിട്ട് തകർത്തു. ഡമാസ്കസിലെ സയന്റിഫിക് റിസർച്ച് സെന്റർ വരെ തകര്‍ത്തു. ഇതേ തന്ത്രം ഉത്തര കൊറിയയിലെ അണ്വായുധ നിർമാണ കേന്ദ്രങ്ങൾക്കു നേരെയും അമേരിക്ക പരീക്ഷിച്ചാല്‍ കിം ജോങ് ഉന്നിന് പെട്ടെന്ന് ഒന്നും ചെയ്യാൻ സാധിച്ചേക്കില്ല.

സിറിയയുടെ വ്യോമപരിധിക്ക് പുറത്തു നിന്നാണ് അമേരിക്ക ആക്രമണം നടത്തിയത്. B-1 ബോംബർ, റഫാൽ, യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ ഉപയോഗിച്ച് ദൂരെ നിന്ന് സിറിയൻ കേന്ദ്രങ്ങൾ തകർത്ത് അമേരിക്കയും ഫ്രാൻസും ബ്രിട്ടനും മടങ്ങുമ്പോൾ ഒട്ടുമിക്ക കെട്ടിടങ്ങളും അപ്രത്യക്ഷമായിരുന്നു. എന്നാൽ ഒരിടത്തു പോലും ആളപായം റിപ്പോർട്ട് ചെയ്തില്ല.

ഉത്തര കൊറിയയെ സഹായിക്കാൻ എത്തുമെന്ന് പറയുന്ന റഷ്യൻ സേന കഴിഞ്ഞ ദിവസം സിറിയയില്‍ വൻ പരാജയമായിരുന്നു. അമേരിക്ക തൊടുത്ത 103 മിസൈലിൽ ഒന്നു പോലും റഷ്യ തകര്‍ത്തിട്ടില്ല. ഇതു തന്നെയാണ് കൊറിയയിലും സംഭവിക്കുക. ആൾതാമസമില്ലാത്ത കേന്ദ്രങ്ങളിൽ ബോംബിട്ട് ആയുധങ്ങളും മറ്റു സംവിധാനങ്ങളും തകർക്കാൻ ശേഷിയുണ്ടെന്നാണ് അമേരിക്ക സിറിയൻ ആക്രമണത്തിലൂടെ ഉത്തര കൊറിയയ്ക്ക് മനസ്സിലാക്കികൊടുത്തത്.

70 മിസൈലുകൾ തകർത്തുവെന്നാണ് റഷ്യ പറയുന്നത്. എന്നാൽ ഒന്നു പോലും തകർത്തിട്ടില്ലെന്നും എല്ലാം ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും അമേരിക്കയും വാദിക്കുന്നുണ്ട്. മിസൈൽ പ്രതിരോധിക്കുന്ന കാര്യത്തിൽ റഷ്യ പരാജയപ്പെട്ടെങ്കിൽ അമേരിക്കയുടെ ക്രൂസ് മിസൈലുകളെ ഉത്തര കൊറിയ എത്രത്തോളം പ്രതിരോധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.