പാക് ഭീകരർക്ക് ‘രഹസ്യ ചിപ്പ്’ ഫോൺ; ഇന്ത്യയെ ആക്രമിക്കാൻ 450 ഭീകരർ, ഇന്റലിജൻസിന് തലവേദന

നല്ലതിനു മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നുമില്ല. ടെക്‌നോളജിയുടെ കാര്യവും വിഭിന്നമല്ല. ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെ നല്ലതും ചീത്തയും നിലനില്‍ക്കും. കശ്മീരില്‍ കുറച്ചു കാലമായി താരതമ്യേന ആലസ്യത്തിലായിരുന്ന ഭീകരവാദം വീണ്ടും സജീവമാകുന്നുണ്ടെങ്കിൽ അതിന്റെ കാരണങ്ങളിലൊന്ന് എഎംഎസ് (Al Muhammadia Students), ലഷ്‌കര്‍-ഇ-ത്വയ്ബയുടെ വിദ്യാര്‍ഥി സംഘം സൃഷ്ടിച്ച പുതിയ ഫോണ്‍ തന്നെയാണ്. 

ഹാന്‍ഡ്‌സെറ്റുകളില്‍ ഒരു പ്രത്യേക ചിപ്പു വയ്ക്കുന്നതോടെ ഫോണ്‍ ആദ്യം ലഭ്യമായ മൊബൈല്‍ ടവറിലേക്ക് കണക്ടു ചെയ്യും. ഏതു സേവനദാദാവാണ് എന്നതൊന്നും പരിഗണിക്കില്ല. ഈ ഫോണ്‍ ഉപയോഗിച്ചു നടത്തുന്ന കോളുകളെ ഇന്ത്യയിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് പോലും പിന്തുടരാനാവില്ല. ഇന്റലിജന്‍സുകാര്‍ ഈ ഫോൺ വഴിയുള്ള കോളുകള്‍ ട്രാക്കു ചെയ്യാന്‍ ശ്രമിച്ചാല്‍ സ്വയം കട്ടാകും. ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് അറസ്റ്റിലായ, 20 വയസുള്ള എല്‍ഇടി ഭീകരൻ ഹംസ എന്ന വിളിപ്പേരുള്ള സൈബുള്ളയില്‍ (Zaibullah) നിന്നു ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ 7ന് കുപ്‌വാരയില്‍ നിന്നാണ് സൈബുള്ള പിടിയിലാകുന്നത്.

പാക്കിസ്ഥാനിലെ ഒരു ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥന്റെ മകനായ സൈബുള്ള പറയുന്നത് വിശ്വസിക്കാമെങ്കില്‍ 2017ല്‍ രാജ്യാന്തര ഭീകര സംഘടനയായ എല്‍ഇടി പാക്കിസ്ഥാനില്‍ 450 യുവാക്കളെ കണ്ടെത്തുകയും ഇന്ത്യയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് തീവ്രമായ പരിശീലനം നല്‍കുകയും ചെയ്തിരിക്കുന്നു. പാക്കിസ്ഥാനിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15നും 25നും മധ്യേ പ്രായമുള്ളവരെയാണ് തിരഞ്ഞെടുത്തത്. ബുര്‍ഹാന്‍ വാണി ('Burhan Wani') എന്ന പേരിലാണ് ഹഫീസ് സയീദ് നേതൃത്വം നല്‍കുന്ന എല്‍ഇടി ഈ യുവാക്കളെ പരിശീലിപ്പിച്ചിരിക്കുന്നത്. സൂയിസൈഡ് സ്‌ക്വാഡുകളും ഒരുങ്ങുന്നുവെന്നാണ് മാധ്യമ വാര്‍ത്തകള്‍ പറയുന്നത്.

പിടിയിലായ സൈബുള്ള നിയന്ത്രണരേഖ കടന്നത് ഈ വര്‍ഷം മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളിലാണത്രെ. കൂടെ അഞ്ചു പേരും ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഇവര്‍ അഞ്ചുപേരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സൈബുള്ളയ്ക്കു വെടിയേറ്റെങ്കിലും രക്ഷപ്പെടുകയായിരുന്നു. പിന്നീട് 15 ദിവസം കഴിഞ്ഞാണ് സൈബുള്ള പിടിയിലായത്. സൈബുള്ളയുടെ പിതാവ് ജിഹാദി പ്രവര്‍ത്തികള്‍ പ്രോത്സാഹിപ്പിച്ചു. കൂടാതെ മാസം 1,000 രൂപ ഇത്തരം സംഘടനകള്‍ക്ക് സംഭാവനയായി നല്‍കുകയും ചെയ്തിരുന്നുവെന്നും സൈബുള്ള പറയുന്നു.

എല്ലാത്തരം സന്നാഹങ്ങളോടെയും കൂടെയാണ് കശ്മീരില്‍ ഭീകരാക്രമണം അഴിച്ചുവിടാന്‍ ശ്രമിക്കുന്നതെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. എല്‍ഇടിയുടെ സവിശേഷ മൊബൈല്‍ ഫോണിനെക്കുറിച്ചുള്ള വിവരം ഇന്ത്യയുടെ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു കൈമാറിക്കഴിഞ്ഞു. അവര്‍ ഇതേപ്പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കുകയാണ്.