Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിർത്തിയിൽ ചൈനയെ തുരത്താൻ 6140 കോടിയുടെ അപ്പാഷെ കോപ്റ്ററുകൾ

apache-ah64e

ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം അക്രമണകാരിയായ അപ്പാഷെ ഹെലിക്കോപ്റ്ററുകൾ ഇന്ത്യ സ്വന്തമാകാൻ ഒരുങ്ങുന്നതോടെ ശത്രുക്കളിൽ നിന്ന് ഒരു പടി മുന്നിലാകുകയാണ് ഇന്ത്യൻ സേന. 6140 കോടി രൂപ ( 93 കോടി ഡോളർ) ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ യുഎസ് നിർമിതമായ ആറ് അപ്പാഷെ ഹെലികോപ്റ്ററുകളാണ് ഇന്ത്യ സ്വന്തമാക്കുന്നത്. 2021 ഓടെ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. അപ്പാഷെയുടെ ഏറ്റവും അത്യാധുനിക എഎച്ച്–64ഇ എന്ന മോഡലാണ് ഇന്ത്യ സ്വന്തമാക്കുന്നത്.

ഹെലിക്കോപ്റ്ററുകൾ ഇന്ത്യയ്ക്കു വിൽക്കാൻ യുഎസ് ഭരണകൂടം അനുമതി നൽകി. യുഎസ് കോൺഗ്രസിന്റെ അനുമതി ലഭിക്കുന്നമുറയ്ക്ക് ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇന്ത്യയുടെയും യുഎസിന്റെയും വിദേശ, പ്രതിരോധ മന്ത്രിമാർ അടുത്ത മാസം കൂടിക്കാഴ്ച നടത്താനിരിക്കെ, ഇരുരാജ്യങ്ങളുടെയും പ്രതിരോധ സഹകരണത്തിനു കോപ്റ്റർ ഇടപാടു ബലം പകരും. ഇന്ത്യൻ കരസേനയുടെ വ്യോമവിഭാഗത്തിനാണു ഹെലിക്കോപ്റ്ററുകൾ ലഭ്യമാക്കുക. ഹെലിക്കോപ്റ്ററിൽ സജ്ജമാക്കുന്ന ഫയർ കൺട്രോൾ റഡാർ, ലോങ്ബോ മിസൈൽ എന്നിവയും യുഎസിൽനിന്ന് ഇന്ത്യ വാങ്ങും. 

അപ്പാഷെ ഹെലിക്കോപ്റ്റർ യുഎസ് സേന ഉപയോഗിക്കുന്ന ബോയിങ് നിർമിത അത്യാധുനിക ഹെലിക്കോപ്റ്റർ. ശത്രുമേഖലകളിലേക്ക് ഇരച്ചെത്തി ആക്രമണം നടത്താൻ കെൽപുള്ള ഇവയ്ക്ക് പീരങ്കികൾ തകർക്കാൻ ശേഷിയുള്ള മിസൈലുകൾ വഹിക്കാനാവും.  ശത്രുസാന്നിധ്യം കണ്ടെത്താനുള്ള അത്യാധുനിക സെൻസറുകൾ, വെടിയുണ്ടകൾ പ്രതിരോധിക്കുന്ന (ബുള്ളറ്റ് പ്രൂഫ്) കവചം എന്നിവയാണു മറ്റു സവിശേഷതകൾ.

AH-64 Apache

അപ്പാഷെ എഎച്ച്–64ഇ 

ലോകത്തിലെ ഏറ്റവും മികച്ച മൾട്ടി റോൾ ഹെവി അറ്റാക്ക് ഹെലികോപ്റ്ററാണ് അപ്പാഷെ എഎച്ച്–64ഇ. നൂറിലധികം ചലിക്കുന്ന ലക്ഷ്യങ്ങളെ ഒരേസമയം ട്രാക്കുചെയ്യാനും അതിൽ 16 എണ്ണത്തിനെ വരെ ഒരേ സമയം ആക്രമിക്കാനും ശേഷിയുണ്ട് ഈ പുതു തലമുറ ഹെലികോപ്റ്ററുകൾക്ക്. 1986ൽ യുഎസ് ആർമിയുടെ ഭാഗമായ അപ്പാഷെ ലോകത്തെ ഏറ്റവും മികച്ച ടാങ്ക് വേട്ടക്കാരനായാണ്  അറിയപ്പെടുന്നത്.  

അമേരിക്കയുടെ നിരവധി യുദ്ധങ്ങളിൽ പങ്കെടുത്ത അപ്പാഷെ ഹെലികോപ്‌റ്റർ 1991-ലെ ഒന്നാം ഗൾഫ് യുദ്ധത്തിൽ കനത്ത നാശം വിതച്ചിരുന്നു. പതിനാറു ഹെൽഫയർ ടാങ്ക് വേധ മിസൈലോ 76 റോക്കറ്റുകളോ ഇതിനു വഹിക്കാൻ കഴിയും. രണ്ടും ഒരുമിച്ചുമാകാം. 1200 തവണ നിറയൊഴിക്കാവുന്ന 30 മില്ലിമീറ്റർ ലൈറ്റ് മെഷീൻ ഗണും ലെസർ ഗൈഡഡ് മിസൈലുകളും, 70 എംഎം റോക്കറ്റുകളും അപ്പാഷെയിലുണ്ട്. കൂടാതെ വിഷ്വൽ റേഞ്ചിന് അപ്പുറത്തെ ശത്രുക്കൾക്ക് നേരെയും അപ്പാഷെയ്ക്ക് മിസൈൽ തൊടുക്കാനാവും. ഏത് പ്രതികൂല കാലവസ്ഥയിലും കരയിലും കടലിലും വായുവിലുമുള്ള ശത്രുക്കളുടെ സാന്നിധ്യം മനസിലാക്കുന്ന അത്യാധുനിക റെഡാർ അപ്പാഷെയുടെ പ്രത്യേകതയാണ്. 

കരയിലൂടെ നീങ്ങുന്ന കാലാൾ നിരകളെയും കവചിത കാലാൾ വാഹനങ്ങളെയും ആക്രമിക്കാൻ ഫലപ്രദമാണ് ഈ ലൈറ്റ് മെഷീൻ ഗൺ. ആയുധമില്ലാത്തപ്പോൾ 4657 കിലോഗ്രാമാണ് അപ്പാഷെയുടെ ഭാരം. പരമാവധി ആയുധം കയറ്റിയാൽ 8006 കിലോഗ്രാമും. വീണ്ടും ഇന്ധനം നിറയ്‌ക്കാതെ ഒറ്റയടിക്ക് 611 കിലോമീറ്റർ പറക്കാൻ കഴിയുന്ന അപ്പാഷെയുടെ പരമാവധി വേഗം മണിക്കൂറിൽ 279 കിലോമീറ്ററാണ്. യുദ്ധഭൂമിയിൽ അപ്പാഷെ സ്‌ക്വാഡ്രനുകളോടൊപ്പം കമാൻഡ്-കൺട്രോൾ സംവിധാനമൊരുക്കി ബ്ലാക്ക്‌ഹോക്ക് ഹെലികോപ്‌റ്ററുകളും പറക്കാറുണ്ട്.  

apache

പൂർണമായും ആക്രമണങ്ങൾക്ക് മാത്രമുള്ള ഇന്ത്യയിലെ ആദ്യ ഹെലികോപ്റ്റർ. രണ്ട് പൈലറ്റുമാരെ വഹിക്കാം. റഷ്യയുടെ എംഐ 35 നെ പകരം വെയ്ക്കാനായിരിക്കും അപ്പാഷെ ഹെലികോപ്റ്ററുകൾ. നിലവിൽ യുഎസ്, ഇസ്രയേൽ, യുകെ, സൗദിഅറേബ്യ, നെതർലാന്റ്സ്, ഈജിപ്റ്റ്, കുവൈറ്റ്, ഗ്രീസ്, സിംഗപ്പൂർ, ജപ്പാൻ തായ്‌വാൻ, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങൾ അപ്പാഷെ ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ട്.