Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാന്റെ ആണവരഹസ്യം മൊസാദ് കടൽ വഴി ചോർത്തി, സിനിമ സ്റ്റൈലിൽ

mossad

ഇറാന്റെ ആണവ താത്പര്യങ്ങള്‍ ആയുധ നിര്‍മാണത്തിനല്ല മറിച്ച് ഇന്ധനം നിര്‍മിക്കാനാണെന്നാണ് അവര്‍ ലോകത്തിനു മുൻപാകെ, അന്നും ഇന്നും പറയുന്നത്. എന്നാല്‍ അവരുടെ രഹസ്യ ചുവടുകള്‍ മുഴുവന്‍ വീക്ഷിച്ചിരുന്ന ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദ് അവരുടെ ആണവ രേഖകളില്‍ പലതും ഒരു ചടുല നീക്കത്തിലൂടെ കൈക്കലാക്കുകയായിരുന്നു. രേഖകളിലും സിഡികളിലുമായി സൂക്ഷിച്ചിരുന്ന ആണവ ഗവേഷണ ഡേറ്റകളാണ് അവര്‍ കടത്തിയത്. അതിന്റെ മൊത്തം തൂക്കം 50 കിലോ വരുമത്രെ. പതിറ്റാണ്ടുകളുടെ പരിശ്രമഫലമാണ് അവ. 

അതിസൂക്ഷ്മവും, സമയബന്ധിതവുമായിരുന്ന ആ നീക്കം ഉദ്വേഗജനകമായ ഒരു കഥയാണ്. വെറും ആറു മണിക്കൂറും 29 മിനിറ്റുമായിരുന്നു അവര്‍ക്കു ലഭിച്ച സമയം. ഇത്തരം കാര്യങ്ങളില്‍ ഇസ്രയേലിന്റെ ശേഷിയുടെ വെളിപ്പെടുത്തലും കൂടെയായിരുന്നു അത്. അന്യ രാജ്യങ്ങളിലെ ചാരന്മാര്‍ക്ക് എത്രമാത്രം മറ്റൊരു രാജ്യത്തെക്കുറിച്ച് അറിയാനാകും എന്നതിനെക്കുറിച്ചൊരു പാഠം കൂടെയാണ് ഈ സംഭവം. മറ്റൊരു ചോദ്യം കൂടെ ഉയരുന്നു: 2030നു ശേഷം ഇന്ധനത്തിനായി ആണവ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കുന്ന ഉടമ്പടി അബദ്ധമായിരുന്നോ?

നീക്കം

ടെഹ്‌റാനിലെ അനാകര്‍ഷകമായ ഒരു സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു പാണ്ടികശാലയിലാണ് ഇറാന്‍ തങ്ങളുടെ രഹസ്യ ആണവ പദ്ധതിയുടെ രേഖകളും മറ്റും സൂക്ഷിച്ചിരുന്നത്. ഇവയാകട്ടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായിരുന്നു ഇരുന്നിരുന്നത്. ആണവ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു കഴിഞ്ഞപ്പോഴാണ് അവ ഈ പാണ്ടികശാലയിലെത്തിച്ചത്. അധികം ശ്രദ്ധയാകര്‍ഷിക്കാതിരിക്കാന്‍ അവിടെ ഒരുപാടു കാവല്‍ക്കാരെയും നിയമിച്ചിരുന്നില്ല. ഡ്യൂട്ടിയിലുള്ള പട്ടാളക്കാര്‍ക്ക് ഇറാന്‍ രാത്രിയില്‍ വീട്ടില്‍ പോകാന്‍ അനുവദം നല്‍കിയിരുന്നു. ഈ സമയമാണ് മൊസാദ് അവരുടെ നീക്കങ്ങള്‍ക്കായി തിരഞ്ഞെടുത്തത്. ഏഴുമണിക്കേ ഗാർഡുകള്‍ എത്തൂ എന്നറിയാമായിരുന്നു. എന്നതുകൊണ്ട് തങ്ങളുടെ ഏജന്റുമാരോട് അഞ്ചു മണിക്ക് പുറത്തിറങ്ങണമെന്നായിരുന്നു നല്‍കിയിരുന്ന നിര്‍ദ്ദേശം. എടുക്കുന്ന രേഖകളും മറ്റും സുരക്ഷിതമാക്കാന്‍ രണ്ടു മണിക്കൂര്‍ ധാരാളം മതിയായിരുന്നു. 

പാണ്ടികശാലയിലെ അപകടമണികളും മറ്റും നിര്‍വ്വീര്യമാക്കാന്‍ എടുക്കുന്ന സമയമടക്കം മൊസാദ് കണക്കുകൂട്ടിയിരുന്നു. രണ്ടു വാതിലുകളായിരുന്നു തകര്‍ക്കാന്‍ ഉണ്ടായിരുന്നത്. രഹസ്യങ്ങള്‍ അടങ്ങുന്ന രേഖകള്‍ സൂക്ഷിക്കുന്ന 32 കരുത്തന്‍ ഇരുമ്പലമാരകള്‍ ഉള്ളില്‍ വച്ചിരുന്നു. മൊസാദിന്റെ ചാരന്മാര്‍ 3,600 ഡിഗ്രി ചൂടുതിര്‍ക്കാന്‍ സാധിക്കുന്ന ടോര്‍ച്ചുകളുമായാണ് എത്തിയത്. ഇവ ഉപയോഗിച്ച് അലമാരകളുടെ പൂട്ടു തകര്‍ക്കാമെന്നും അവര്‍ക്ക് അറിയാമായിരുന്നു. തീര്‍ച്ചയായും ഇതെല്ലാം മൊസാദിന്റെ ചാരന്മാര്‍ കണ്ടെത്തിയതല്ല. ഇറാന്റെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയും മറ്റുമായി സംഘടിപ്പിച്ച വിവരങ്ങളുമുണ്ട്. അതു കൊണ്ടാണല്ലോ ഏതലമാരയിലാണ് കൂടുതല്‍ പ്രാധാന്യമുള്ള രേഖകള്‍ വച്ചിരുന്നതെന്ന് മനസ്സിലാക്കാനായത്. അത്തരം അലമാരകളില്‍ നിന്ന് 50,000 പേജ് രേഖകളും, വിഡിയോകളും മെമ്മൊകളും പ്ലാനുകളും അടങ്ങുന്ന 163 സിഡികളുമാണ് അന്നു മൊസാദ് കടത്തിയത്. 

ഇസ്രയേലി പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പിടിച്ചെടുത്ത രഹസ്യ രേഖകളെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ പുറത്തു വിടുകയും 2015ല്‍ അമേരിക്കയുമായി ഇറാന്‍ ഒപ്പുവച്ച ഉടമ്പടി റദ്ദാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് പറയുകയും ചെയ്തു. നെതന്യാഹു പറഞ്ഞത് കിട്ടിയ രേഖകള്‍തന്നെ ഇറാന് അണ്വായുധ നിര്‍മാണത്തിലുള്ള താത്പര്യം വിളിച്ചു പറയുന്നു എന്നാണ്. ഈ വിഷയത്തില്‍ പിന്നീട് ട്രംപ് എടുത്ത തീരുമാനം യൂറോപ്യന്‍ രാജ്യങ്ങളുടെ രോഷത്തിനിടയാക്കിയെങ്കിലും ഒരു പക്ഷേ അതു ശരിയായിരിക്കാമെന്നാണ് പറയുന്നത്.

കഴിഞ്ഞയാഴ്ച ന്യൂ യോര്‍ക് ടൈംസിന്റെതടക്കം മൂന്നു റിപ്പോര്‍ട്ടര്‍മാരെ ഇസ്രയേല്‍ വിളിച്ച് ചില രേഖകള്‍ കാണിച്ചു കൊടുത്തു. ഇവയില്‍ പലതും ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ ഇന്‍സ്‌പെട്കര്‍മാരടുടെ മുന്‍ കണ്ടെത്തല്‍ ശരിവയ്ക്കുന്നവയായിരുന്നു- ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ സമാധാന ആവശ്യങ്ങള്‍ക്ക് ഉള്ളവയായിരുന്നില്ല. അണ്വായുധ നിര്‍മാണത്തിന് എത്ര ചിട്ടയോടെയാണ് ഇറാന്‍ പണിയെടുത്തിരുന്നതെന്നു വെളിവാക്കുന്നവയായിരുന്നു മാധ്യമപ്രവർത്തകരെ കാണിച്ച രേഖകള്‍. 

എന്നാല്‍, ഈ രേഖകളെക്കുറിച്ചുള്ള സത്യാവസ്ഥ ഉറപ്പിക്കാന്‍ മാര്‍ഗ്ഗമില്ല. പലതും 15 വര്‍ഷമെങ്കിലും പഴക്കമുള്ളവയാണ്. തിരഞ്ഞെടുത്ത രേഖകള്‍ മാത്രമാണ് കാണിച്ചത്. മറ്റുള്ളവ വെളിയില്‍ വിട്ടാല്‍ ആണവായുധം നിര്‍മിക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ക്ക് അത് തുണയാകുമെന്ന കാരണമാണ് ഇസ്രയേല്‍ നല്‍കിയത്. എന്നാല്‍ ഇറാന്‍ പറയുന്നത് ഈ രേഖകളെല്ലാം ഇസ്രയേല്‍ കൃത്രിമമായി നിര്‍മിച്ചവയാണെന്നാണ്. 

എന്തായാലും, രേഖകള്‍ കണ്ട മാധ്യമപ്രവര്‍ത്തകരുടെ അനുമാനം ഇറാന്‍ 2003ല്‍ ലോകത്തോടു പറഞ്ഞതിനേക്കാള്‍ വലിയ ആണവ പദ്ധതികളാണ് അവര്‍ക്ക് ഉണ്ടായിരുന്നതെന്നാണ്. ഒരു രേഖയിൽ ഇറാന്റെ ശബാബ്-3 (Shahab-3) മിസൈലില്‍ അണ്വായുധം എങ്ങനെ പിടിപ്പിക്കാമെന്നാണ് പരാമര്‍ശിക്കുന്നത്. മറ്റൊരു രേഖയില്‍ ഭൂഗര്‍ഭ അറകളില്‍ ആണവ പരീക്ഷണം നടത്തുന്ന കാര്യവും, ആദ്യമായി അഞ്ചു ബോംബുകളെങ്കിലും നിര്‍മിക്കുന്ന കാര്യവും പറയുന്നു. 2015ലെ ഉടമ്പടി പ്രകാരം 2030 മുതല്‍ ഇറാന് തങ്ങളുടെ ആണവോര്‍ജ്ജ പദ്ധതി തുടരാം. എന്നാല്‍ ഇസ്രേല്‍ പറയുന്നത് അത് അനുവദിക്കുന്നത് അപകടകരമാണെന്നാണ്. 

തങ്ങളെ പലരും വീക്ഷിക്കുന്നുണ്ട് എന്നറിയാവുന്നതു കൊണ്ടാണ്, മൊസാദ് കടന്നു കയറിയ പാണ്ടികശാലയ്ക്ക് 24 മണിക്കൂര്‍ കാവല്‍ ഏര്‍പ്പെടുത്താതിരുന്നത്. അയല്‍പക്കത്തുള്ളവരും മറ്റും അവിടെ തന്ത്രപ്രധാനമായ എന്തൊ സംഭവിക്കുന്നുണ്ടെന്ന വാര്‍ത്ത പരത്താതിരിക്കാനാണ് അവര്‍ അങ്ങനെ ചെയ്തത്. എന്നാല്‍, ഇറാനു മനസ്സിലാകാതിരുന്ന ഒരു കാര്യം മൊസാദ് 2 വര്‍ഷമായി ഇറാന്റെ നീക്കങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മൊസാദിന്റെ സ്ഥിരം രീതി രേഖകളുടെയും മറ്റും ഫോട്ടോയും മറ്റും എടുത്തു മടങ്ങുക എന്നതാണ്. എന്നാല്‍, ഇറാന്റെ കാര്യത്തില്‍ മൊസാദ് തലവന്‍ യൊസി കോഹന്‍ ഉത്തരവിട്ടത് രേഖകള്‍ കെട്ടിപ്പെറുക്കി പോരാനായിരുന്നു. പാണ്ടികശാലയില്‍ ചിലവഴിക്കുന്ന സമയം കുറയ്ക്കാനാണ് ഈ തീരുമാനം.

ഇസ്രയേലിന്റെ നീക്കത്തിന് ഇറാനില്‍ നിന്നു തന്നെയുള്ള ഉദ്യോഗസ്ഥരുടെ സഹായം ഉണ്ടായിരുന്നു എന്നതിനെപ്പറ്റി ഇപ്പോള്‍ ആര്‍ക്കും സംശയമില്ല. ഏത് അലമാരകളിലാണ് പ്രധാന രേഖകള്‍ സൂക്ഷിച്ചിരുന്നത് എന്നതും, അപകട സൈറണ്‍ എങ്ങനെ നിര്‍വീര്യമാക്കാമെന്നതും അടക്കമുള്ള കാര്യങ്ങള്‍ അവര്‍ക്ക് ചോര്‍ത്തി നല്‍കിയതാണ്. 

സിനിമ സ്‌റ്റൈലിലായിരുന്നു കവര്‍ച്ച എങ്കിലും, മൊസാദിന്റെ പോരാളികളെ ആരും പിന്തുടര്‍ന്നില്ല. ഇറാന്റെ പതിനായരിക്കണക്കിനു സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്യമറിഞ്ഞപ്പോഴേക്കും രേഖകളും മറ്റും എത്തേണ്ടിടത്ത് എത്തിയിരുന്നു. ഈ ഓപ്പറേഷനില്‍ ഇരുപതോളം പേരാണ് മൊസാദിനു വേണ്ടി പ്രവര്‍ത്തിച്ചത്. ആരെങ്കിലും പിടിക്കപ്പെട്ടാലോ എന്നു കരുതി പല സംഘങ്ങളായാണ് രേഖകള്‍ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയത്. ഇറാനില്‍ നിന്ന് വിമാനത്തിലാണോ കടല്‍മാര്‍ഗ്ഗമാണോ ഇവ കടത്തിയത് എന്നു വെളിപ്പെടുത്തിയില്ല. പക്ഷേ, കടല്‍മാര്‍ഗ്ഗമാണ് എന്നാണ് അനുമാനം.