Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

36 റഫാൽ യുദ്ധവിമാനങ്ങൾ: മോദി സർക്കാർ ലാഭിച്ചത് 12,500 കോടി; വിഡിയോ പുറത്ത്

modi-rafale-

റഫാൽ പോർ വിമാന ഇടപാടിൽ നരന്ദ്ര മോദി സർക്കാർ രാജ്യത്തിന് 12,500 കോടി രൂപയുടെ ലാഭമുണ്ടാക്കിയെന്ന് ബിജെപി പുറത്തിറക്കിയ വിഡിയോ പറയുന്നു. ബിജെപി ഐടി സെൽ തലവൻ അമിത് മാൽവിയ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ‘Rafale deal for dummies...’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

വിഡിയോ പുറത്തുവന്നതോടെ സോഷ്യൽമീഡിയകളിൽ വൻ ചർച്ചയായിട്ടുണ്ട്. ബിജെപി അണികളെല്ലാം വിഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്. നടിയും ടെലിവിഷൻ അവതാരകയുമായ പല്ലവി ജോഷിയാണ് വിഡിയോയുടെ ഉള്ളടക്കത്തിൽ പങ്കെടുത്തിരിക്കുന്നത്.

റഫാൽ കരാറിലെ വിവാദങ്ങൾക്കു മറുപടി നൽകാൻ വേണ്ടിയാണ് ലളിതമായ അവതരണവുമായി ഇത്തരമൊരു വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. വിവാദങ്ങൾ വ്യാപകമായതോടെ ബിജെപി വിഡിയോ വഴി 'സ്വയം വിശദീകരിക്കാൻ' തീരുമാനിക്കുകയായിരുന്നു.

പത്തു വർഷമായി പൂട്ടിട്ട് കിടക്കുകയായിരുന്ന റഫാൽ കരാറാണ് ഇപ്പോൾ നടപ്പിൽ വന്നിരിക്കുന്നത്. രണ്ടു സർക്കാരുകളുടെയും കാലത്ത് റഫാൽ കരാറിൽ എന്തു സംഭവിച്ചുവെന്ന് വിശദീകരിക്കുകയാണ് പല്ലവി ജോഷി. യുപിഎയുടെ കണക്കുകളിൽ പറയുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ കൂടുതൽ ടെക്നോളജികൾ ഉൾപ്പെടുത്തിയതാണ് പുതിയ കരാറെന്നും വിഡിയോയിൽ പറഞ്ഞു പോകുന്നുണ്ട്. ഇതോടൊപ്പം റഫാലിന്റെ ചില ഭാഗങ്ങൾ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ രാജ്യത്ത് നിർമിക്കുന്നതും വൻ നേട്ടമായി ബിജെപിയുടെ വിഡിയോ എടുത്തു കാണിക്കുന്നുണ്ട്.

ഇതിനു മറുപടി വിഡിയോയുമായി കോൺഗ്രസ്സും രംഗത്തെത്തി. കോൺഗ്രസ്സിന്റെ ഔദ്യോഗിക ട്വിറ്ററിൽ ‘What 'really' is the Rafale deal? NOT for dummies’ എന്ന തലക്കെട്ടോടെ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ വിഡിയോ വഴി തന്നെ വെളിപ്പെടുത്തുമെന്നും സൂചന നൽകിയാണ് കോൺഗ്രസ് വിഡിയോ അവസാനിക്കുന്നത്.

റഫാൽ പോർ വിമാന ഇടപാടിൽ യുപിഎ സർക്കാരിന്റെ കാലത്തെ രേഖകളുമായി താരതമ്യം ചെയ്യുമ്പോള്‍ നരേന്ദ്ര മോദി സർക്കാർ ഓരോ വിമാനത്തിൻമേലും 59 കോടി രൂപ ലാഭിച്ചതായി ഔദ്യോഗിക രേഖ അടുത്തിടെ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. പ്രതിരോധ മന്ത്രാലയവും ഇന്ത്യൻ വ്യോമസേനയും തയ്യാറാക്കിയ രേഖയിലാണ് ഈ വെളിപ്പെടുത്തലുണ്ടായിരുന്നത്‍. ആയുധങ്ങളുടെ വില, പരിപാലനം, സ്റ്റിമുലേറ്ററുകള്‍, അറ്റകുറ്റപണികൾ, സാങ്കേതിക സഹായം എന്നിവയെല്ലാം കണക്കാക്കിയാൽ‌ മോദി സർക്കാരിന്‍റെ കാലത്ത് ഒരു റഫാൽ വിമാനത്തിന്‍റെ വില 1,646 രൂപയാണ്. എന്നാൽ യുപിഎ ഭരണകാലത്ത് നടത്തിയ വിലപേശൽ അനുസരിച്ച് യൂണിറ്റ് ഒന്നിന് 1,705 കോടി രൂപയാകുമായിരുന്നു. 

36 റഫാൽ പോർ വിമാനങ്ങൾക്കായി മോദി സർക്കാർ മുടക്കിയത് കേവലം 59,263 കോടി രൂപയായിരുന്നു. എന്നാൽ യുപിഎ കാലത്തെ 126 വിമാനങ്ങൾക്ക് 1,72,185 രൂപ വരുമായിരുന്നുവെന്ന് രേഖകൾ പറയുന്നു. മോദി ഭരണത്തിൽ വാങ്ങാൻ തീരുമാനിച്ച പോർ വിമാനങ്ങളിൽ നിന്ന് വിവിധ ആയുധങ്ങൾ പ്രയോഗിക്കാനുള്ള ശേഷിയുണ്ട്. ഇതെല്ലാം ഉൾപ്പെടുത്തിയാണ് കരാർ. 

എന്നാൽ യുപിഎ ഭരണകാലത്ത് വാങ്ങാൻ പദ്ധതിയിട്ടിരുന്ന റഫാൽ വിമാനങ്ങളിൽ ഇതില്ലായിരുന്നു. ഇന്ത്യ ആവശ്യപ്പെട്ട പ്രത്യേകതകൾക്കായി 9,855 രൂപ അധികമായി വിനിയോഗിച്ചിട്ടും യുപിഎ കാലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു വിമാനത്തിനു മാത്രം 59 കോടി രൂപ ലാഭമുണ്ടാക്കാൻ കഴിഞ്ഞതായി രേഖ വ്യക്തമാക്കുന്നു. അതായത് 36 റഫാൽ പോർവിമാനങ്ങളിൽ മോദി സർക്കാർ ലാഭിച്ചത് 2124 കോടി രൂപ.

യുപിഎ കാലത്ത് വിലപേശിയിരുന്ന അതേവിമാനങ്ങളുമായി മോദി സർക്കാർ മുന്നോട്ടു പോയിരുന്നെങ്കിൽ 255 കോടി അധിക ബാധ്യത വരുമായിരുന്നു. യുപിഎ കാലത്തെ വിലപേശൽ അനുസരിച്ചാണെങ്കിൽ മിസൈൽ ഉൾപ്പെടെയുള്ള വിമാനങ്ങൾക്ക് 1705 കോടിയും സാധാരണ യുദ്ധവിമാനത്തിന് 1627 കോടി രൂപയും ആകുമായിരുന്നു. മോദി കാലത്ത് ഇത് യഥാക്രമം 1646 കോടിയും 1372 കോടിയുമായി കുറഞ്ഞു.