Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അദാനിയുടെ തോക്ക് കച്ചവടത്തിന് തല്‍ക്കാലം 'നോ' പറഞ്ഞ് സര്‍ക്കാര്‍

adani-ak-103

അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് പിന്നാലെ അദാനി ഗ്രൂപ്പും ഇന്ത്യയുടെ പ്രതിരോധ കച്ചവടരംഗത്തേക്ക് ചുവടുറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. അദാനി ഗ്രൂപ്പിന്റെ കമ്പനിയുമായി സഹകരിക്കാനുള്ള റഷ്യന്‍ നിര്‍ദേശം മോദി സര്‍ക്കാര്‍ നിരാകരിച്ചിരിക്കുകയാണ്. എകെ 103 തോക്കുകളുടെ 3000 കോടി രൂപയുടെ കരാറിലാണ് പങ്കാളിയാകാന്‍ അദാനി ഗ്രൂപ്പ് ശ്രമിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഏപ്രിലില്‍ സര്‍ക്കാരുടമസ്ഥതയിലുള്ള ഇന്ത്യന്‍ കമ്പനികളുമായേ സഹകരിക്കാവൂ എന്ന് റഷ്യന്‍ കമ്പനിയായ കലാഷ്‌നികോവുമായുള്ള കരാര്‍ ചൂണ്ടിക്കാണിച്ചാണ് തല്‍കാലം അദാനിക്ക് അനുമതി നിഷേധിച്ചത്.

റഷ്യന്‍ കമ്പനിയാണ് അദാനി ഗ്രൂപ്പുമായി സഹകരിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവെച്ചതെന്നും എന്നാല്‍ കഴിഞ്ഞ മാസം തന്നെ പ്രതിരോധ മന്ത്രാലയം അനുമതി നിഷേധിച്ചെന്നുമാണ് റിപ്പോര്‍ട്ടുകൾ വരുന്നത്‍. മെയ്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി സ്വകാര്യ കമ്പനികള്‍ക്ക് പ്രതിരോധ രംഗത്തേക്ക് കടന്നുവരാനുള്ള അവസരമൊരുക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന വിമര്‍ശനം നേരത്തെ തന്നെയുണ്ട്. റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ കമ്പനിയെ കൂടി ഉള്‍പ്പെടുത്തിയതിലെ വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. ഇതു കൂടിയാണ് പുതിയ കരാറിന് തല്‍ക്കാലം അനുമതി നല്‍കേണ്ടെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ വൃത്തങ്ങളെ എത്തിച്ചതെന്നാണ് സൂചന.

കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്റെ ഏപ്രിലിലെ റഷ്യന്‍ സന്ദര്‍ശനത്തിലാണ് ആറ് ലക്ഷം എകെ 103 തോക്കുകള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിക്കുന്നത്. എകെ 47ന്റെ പരിഷ്‌ക്കരിച്ച രൂപമായ ഈ തോക്കിന് അരലക്ഷത്തോളം രൂപ വിലവരും. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള കമ്പനികളുമായിട്ടായിരിക്കും കരാറിന്റെ ഭാഗമായി റഷ്യ സഹകരിക്കുകയെന്നും അന്നു തീരുമാനിച്ചിരുന്നു. ഈ തീരുമാനം മറികടക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം കൂടിയാണ് പരാജയപ്പെട്ടിരിക്കുന്നത്.

AK-103

കഴിഞ്ഞ ജൂലൈയിലാണ് എകെ 103 റൈഫിളുകളുടെ നിര്‍മാണത്തിന് അദാനിയുടെ ഡിഫന്‍സ് ആന്റ് എയറോസ്‌പേസ് കമ്പനിയുമായി സഹകരിക്കാനുള്ള താത്പര്യം റഷ്യന്‍ കമ്പനി കലാഷ് നികോവ് മുന്നോട്ടുവെക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന് പുറമേ പൊലീസിനും പാരമിലിറ്ററി ഗ്രൂപ്പുകള്‍ക്കും വേണ്ടിയാണ് എകെ 103 തോക്കുകള്‍ ഇന്ത്യ വാങ്ങുന്നത്.