Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് വിമാനത്തിലിരുന്ന് മിസൈൽ തൊടുത്തു; വിമാനം തീഗോളമായി

planes

സിറിയന്‍ തലസ്ഥാനമായ റാഖയ്ക്ക് മുകളിലൂടെ നിരീക്ഷണ പറക്കല്‍ നടത്തുകയായിരുന്നു അമേരിക്കന്‍ വ്യോമസേനയുടെ പൈലറ്റായ മൈക്കല്‍ ട്രമല്‍. 6000 മീറ്റര്‍ ഉയരത്തിലൂടെ പറന്നിരുന്ന ട്രമല്‍ പൊടുന്നനെ താഴെ നിന്നും ശത്രുസൈന്യത്തിന്റെ പോര്‍വിമാനം അമേരിക്കയുടെ സഖ്യ സൈനികര്‍ക്കുമേല്‍ ബോംബിടുന്നത് കണ്ടു. മിനിറ്റുകള്‍ക്കുള്ളില്‍, 18 വര്‍ഷങ്ങള്‍ക്കുശേഷം വായുവില്‍ നിന്നും വായുവിലേക്ക് മിസൈല്‍ പായിച്ച് ശത്രുവിമാനത്തെ തകര്‍ക്കുന്ന യുഎസ് പൈലറ്റായി മൈക്കല്‍ ട്രമര്‍ മാറി.

ആകാശത്തു നിന്നും ഭൂമിയിലേക്ക് ബോംബുകളും മിസൈലുകളും ഇടുകയെന്നതാണ് പോര്‍വിമാനങ്ങളുടെ പ്രധാന ദൗത്യം. സ്വന്തം സൈനിക നീക്കങ്ങളെ സഹായിക്കുന്നതിനും ശത്രുക്കളെ തുരത്തുന്നതിനുമായിരിക്കും മിക്കപ്പോഴും ഇത്. ഭൂമിയിലെ സൈനികരെ സഹായിക്കുന്നതിന് ആകാശത്തെ ശത്രുസൈന്യത്തിന്റെ പോര്‍വിമാനം മറ്റൊരു പോര്‍വിമാനത്തില്‍ നിന്നും വെടിവെച്ചിടുന്നത് അപൂര്‍വ്വമാണ്. അതാണ് 2017 ജൂണ്‍ 18ന് അമേരിക്കന്‍ വ്യോമസൈനികനായ മൈക്കല്‍ ട്രെമല്‍ ചെയ്തത്.

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ഒളിത്താവളങ്ങള്‍ക്കു നേരെ ബോംബിടുന്നതും സ്വന്തം സൈനികരെ സംരക്ഷിക്കുന്നതുമായിരുന്നു സിറിയയിലെ ട്രെമലിന്റെ പ്രധാന ദൗത്യം. സിറിയന്‍ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്നതിനാല്‍ തന്നെ നിരവധി രാജ്യങ്ങളുടെ പോര്‍വിമാനങ്ങള്‍ അന്ന് സിറിയയുടെ ആകാശത്തുണ്ടായിരുന്നു. റഷ്യ, തുര്‍ക്കി, ഇറാഖി എന്നീ രാജ്യങ്ങള്‍ക്കൊപ്പം സിറിയന്‍ പോര്‍ വിമാനങ്ങളും ഉണ്ടായിരുന്നു.

അമേരിക്കന്‍ വ്യോമസേനയിലെ സുവര്‍ണ പോരാളികളെന്ന് വിളിപ്പേരുള്ള വിഎഫ് 87 വിഭാഗത്തിലെ അംഗമായിരുന്നു ട്രമല്‍. തെക്കന്‍ സൈപ്രസില്‍ നിന്നും തുര്‍ക്കി വഴിയാണ് ട്രമല്‍ സിറിയന്‍ ആകാശത്തെത്തിയത്. കരയിലെ അമേരിക്കയുടേയും സഖ്യകക്ഷികളുടേയും നീക്കത്തിന് സഹായിക്കുകയായിരുന്നു ദൗത്യം.

നിരീക്ഷണ പറക്കലിനിടെയാണ് അമേരിക്കയുടേയും സഖ്യകക്ഷികളുടേയും സൈനികരെ ലക്ഷ്യം വെച്ച് ഒരു പോര്‍വിമാനം പറന്നടുക്കുന്നത് റഡാറിലൂടെ ട്രമല്‍ ശ്രദ്ധിച്ചത്. അതൊരു സിറിയന്‍ എസ് യു 22 ഫിറ്റര്‍ വിമാനമായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. മുന്നറിയിപ്പ് നല്‍കി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സിറിയന്‍ വിമാനം രണ്ട് ബോംബ് ഇട്ടാണ് പ്രതികരിച്ചത്. ഇതോടെ ആക്രമണമല്ലാതെ രക്ഷയില്ലെന്ന് മൈക്കല്‍ ട്രമര്‍ തിരിച്ചറിഞ്ഞു.

ആദ്യം സൈഡ് വിന്‍ഡര്‍ എന്ന ഹ്രസ്വദൂര മിസൈലാണ് പ്രയോഗിച്ചത്. എന്നാല്‍ നേരിയ വ്യത്യാസത്തില്‍ സിറിയന്‍ പോര്‍വിമാനം രക്ഷപ്പെട്ടു. ഒരു കിലോമീറ്ററോളം അകലത്തില്‍ നിന്ന് തൊടുക്കുന്നതിനാല്‍ ലക്ഷ്യം തെറ്റാന്‍ പിന്നെയും സാധ്യതയുണ്ടായിരുന്നു. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് മധ്യദൂര മിസൈലായ AIM-120 AMRAAM തൊടുത്തു. ഇത്തവണ നിമിഷങ്ങള്‍ക്കകം സിറിയന്‍ പോര്‍വിമാനം അഗ്നിഗോളമായി മാറുന്നത് കോക്പിറ്റിലിരുന്ന ട്രെമല്‍ കണ്ടു. പൈലറ്റ് അവസാന നിമിഷം പാരച്യൂട്ട് വഴി രക്ഷപ്പെട്ടു.

us-pilot

വെറും എട്ടു മിനുറ്റ് മാത്രം നീണ്ട ഈ പോരാട്ടത്തോടെ അമേരിക്കയിലെ യുദ്ധ നായകനായി ട്രമല്‍ മാറി. 1999ന് ശേഷം ആദ്യമായിട്ടായിരുന്നു ഒരു അമേരിക്കന്‍ പോര്‍ വിമാനം ശത്രു രാജ്യത്തിന്റെ വിമാനത്തെ വായുവില്‍ വെച്ച് തകര്‍ക്കുന്നത്. 1999 മാര്‍ച്ച് 26ന് യുഎസ് വ്യോമസേന പൈലറ്റ് ക്യാപ്റ്റന്‍ ജെഫ്രി ഹ്വാങ് ആണ് രണ്ട് യുഗോസ്ലാവിയന്‍ മിഗ് 29 വിമാനങ്ങളെ ആകാശത്തു നിന്നും വെടിവെച്ചിട്ടത്. അംറാം മിസൈല്‍ തന്നെയാണ് അന്നും ഉപയോഗിച്ചത്.