Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരയിലും കടലിലും പറന്നിറങ്ങും ജാപ്പനീസ് യുദ്ധവിമാനം ഇന്ത്യയിലേക്ക്

CHINA-DEFENCE/AIRPLANE

ജപ്പാനിൽ നിന്നും ആംഫിബിയസ് വിമാനങ്ങൾ വാങ്ങുന്ന കാര്യം ഇന്ത്യയുടെ സജീവ പരിഗണനയിൽ. നാവികസേനക്കായി ജപ്പാന്‍ വിമാനങ്ങൾ വാങ്ങാൻ പദ്ധതിയുണ്ടെന്ന കാര്യം ഈസ്റ്റേൺ ഫ്ലീറ്റിന്‍റെ ഫ്ലാഗ് ഓഫീസർ കമാൻഡിങ് ദിനേശ് കെ ത്രിപാഠിയാണ് അറിയിച്ചത്. 

തീരദേശ സുരക്ഷ ശക്തമാക്കാനും കടലിലെ നിരീക്ഷണം ശക്തമാക്കാനും ജപ്പാന്റെ യുഎസ്-2ഐ വിമാനങ്ങൾ ഏറെ മികച്ചതാണ്. കരയിലും വെള്ളത്തിലും കുന്നിൻചെരുവുകളിൽ വരെ ലാൻഡ് ചെയ്യാനും ടേക്ക് ഓഫിനും ഈ വിമാനത്തിനു സാധിക്കും. കരയിൽ നിന്നും വെള്ളത്തിൽ നിന്നും അതിവേഗം പറന്നുയരുവാനും അവിടേക്കുതന്നെ തിരിച്ചിറക്കാനും കഴിയുന്ന ഈ വിമാനങ്ങളെ, പ്രധാനമായും രക്ഷാപ്രവർത്തങ്ങൾക്കും നിരീക്ഷണങ്ങൾക്കുമായാണ് ഉപയോഗിക്കുന്നത്.അടിയന്തരഘട്ടങ്ങളിൽ 30 സൈനികരെവരെ ലക്ഷ്യസ്ഥലത്തെത്തിക്കാനും ഈ വിമാനത്തിനു സാധിക്കും. 

ഇന്ത്യയുടെയും ജപ്പാന്‍റെയും നാവികസേനകളുടെ സംയുക്ത പരിശീലനത്തിന് തുടക്കം കുറിച്ച ശേഷം ഐഎൻഎസ് സഹ്യാദ്രിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ജപ്പാനിൽ നിന്നും വിമാനം ഇറക്കുമതി ചെയ്യാനുള്ള സാധ്യത അഡ്മിറൽ ത്രിപാഠി വ്യക്തമാക്കിയത്. 

ഏഷ്യ-പസഫിക് മേഖലയിൽ അധീശത്വം സ്ഥാപിക്കാൻ ശ്രമിക്കുന്ന ചൈനക്കുള്ള ശക്തമായ മറുപടിയെന്ന നിലയിലാണ് ആംഫിബിയസ് വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ആലോചിക്കുന്നത്. ഈ വിമാനങ്ങള്‍ നൽകുന്നതിലൂടെ ചൈനക്കെതിരായ നീക്കത്തിൽ ജപ്പാനും ഇന്ത്യയുടെ സഹായവും പ്രതീക്ഷിക്കുന്നുണ്ട്. ദക്ഷിണ ചൈനാ കടലിലെ നിരീക്ഷണം ശക്തമാക്കാൻ ഈ വിമാനത്തിനു സാധിക്കും. ഏഷ്യ-പസഫിക് മേഖലയിൽ കൂടുതൽ സാന്നിധ്യമറിയിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ ശക്തമായി എതിർക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ജപ്പാനും.

വിദേശ രാജ്യങ്ങളിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നതിന് ജപ്പാനിൽ വിലക്ക് നിലനിന്നിരുന്നു. ഈ വിലക്ക് നീങ്ങിയതോടെയാണ് വിമാനങ്ങൾ വാങ്ങാനുള്ള സാധ്യത തെളിഞ്ഞത്. ഇന്ത്യക്ക് 12 യുഎസ്-2ഐ വിമാനങ്ങൾ വിൽക്കാൻ തീരുമാനിച്ചതായി ജപ്പാനിലെ പ്രമുഖ പത്രമായ നിക്കി നവംബറിൽ റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. 

ജപ്പാന്റെ ശക്തിയാണ് യുഎസ്-2ഐ

Amphibious Assault Ship

ആദ്യ യുഎസ്-2ഐ വിമാനം പുറത്തിറങ്ങുന്നത് 2003 ഡിസംബർ 18 നാണ്. ജപ്പാൻ മരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സ് ഉപയോഗിക്കുന്ന വിമാനം നിര്‍മിക്കുന്നത് ഷിൻമായ്‌വയാണ്. 33.46 മീറ്റർ നീളമുള്ള വിമാനത്തിന്റെ ചിറകിന്റെ നീളം 33.15 മീറ്ററാണ്. വിമാനത്തിന്റെ മൊത്തം ഭാരം 25,630 കിലോഗ്രാമാണ്. മണിക്കൂറിൽ 560 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ ശേഷിയുള്ള വിമാനത്തിനു തുടർച്ചയായി 4700 കിലോമീറ്റർ പറക്കാനാകും. കരയിലെ ടേക്ക് ഓഫിനു വേണ്ടത് കേവലം 490 മീറ്റർ സ്ഥലമാണ്. 280 മീറ്റർ സ്ഥലമുണ്ടെങ്കിൽ കടലിൽ നിന്നും ടേക്ക് ഓഫ് ചെയ്യാം.