ആൻഡ്രോയ്ഡ് സ്മാർട്ഫോൺ നിർമാണം ശക്തമാക്കാൻ ബ്ലാക്ക്ബെറി

നഷ്ടപ്രതാപം വീണ്ടെടുക്കാൻ ബ്ലാക്ക്ബെറി ആൻഡ്രോയ്ഡ് സ്മാർട്ഫോൺ നിർമാണം ശക്തമാക്കാൻ ഒരുങ്ങുന്നു. ഈ വർഷം അവസാനത്തോടെ രണ്ടു പുതിയ ആൻഡ്രോയ്‍ഡ് സ്മാർട്ഫോണുകൾ കൂടി പുറത്തിറക്കുമെന്നാണ് ബ്ലാക്ബെറി സിഇഒ ജോൺ ചെൻ പ്രഖ്യാപിച്ചിരിക്കുന്നത്.

മിഡ് റേഞ്ച് സ്മാർട്ഫോണുകളായിരിക്കും പുറത്തിറക്കുകയെന്ന് അറിയിച്ച ചെൻ പക്ഷേ മോഡലുകൾ എന്നെത്തുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ പ്രിവ് എന്ന പേരിൽ ഒരു പ്രീമിയം ആൻഡ്രോയ്ഡ് സ്മാർട്ഫോണും ബ്ലാക്ക്ബെറി പുറത്തിറക്കിയിരുന്നു.

ഈ വർഷം പുറത്തിറക്കുന്ന പുതിയ സ്മാർട്ഫോണുകളിലൊന്ന് പൂർണമായും ടച്ച്സ്ക്രീനും മറ്റൊന്നിൽ ക്യുവെർട്ടി കീബോർഡും ആകുമുണ്ടാകുക. ഏകദേശം 20,000 മുതൽ 26,000 രൂപവരെയായിരിക്കും വില.

വൻ ഘോഷത്തോടെ പുറത്തിറക്കിയ പ്രിവിനു വിപണിയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനായിരുന്നില്ല. ഇതിനാൽ അടുത്തിടെ ആഗോള മാർക്കറ്റിൽ പ്രിവ് മോഡലിന്റെ വില കുറച്ചിരുന്നു. 649 അമേരിക്കൻ ഡോളറാണ് (ഏകദേശം 43,000 രൂപ) പുതുക്കിയ വില. എന്നാൽ ഈ വിലക്കുറവ് ഇന്ത്യയിൽ പ്രാബല്യത്തിലായിട്ടില്ല. ഇപ്പോഴും ഇന്ത്യയിൽ 62,990 രൂപയ്ക്കാണ് ഈ മോഡൽ ആമസോണും റീടെയ്ൽ ഡീലർമാരും വിൽക്കുന്നത്.

5.4 ഇഞ്ച് ക്യൂഎച്ച്ഡി ഡിസ്പ്ലേയോടു കൂടിയെത്തുന്ന പ്രിവ് പ്രവർത്തിക്കുന്നത് ആൻഡ്രോയ്ഡ് 5.1.1 ലോലിപോപ്പ് വേർഷനിലാണ്. 1440x2560 പിക്സൽ റസലൂഷൻ. ക്വാൾകം സ്നാപ്‍ഡ്രാഗൺ 808 ഹെക്സാ-കോർ പ്രൊസസർ ഉപയോഗിക്കുന്ന മോഡലിനു 3 ജിബിയാണ് റാം. 32 ജിബി എക്സ്പാൻഡബിൾ മെമ്മറി. 18 മെഗാപിക്സൽ പിൻക്യാമറ നൽകിയിരിക്കുന്ന മോഡലിൽ പക്ഷേ 2 മെഗാപിക്സൽ മുൻക്യാമറയാണുള്ളത്. 3410 മില്ലി ആമ്പിയറാണു ബാറ്ററി.